X

‘കറന്‍സി യുദ്ധം’ ആര്‍ക്കുനേരെ

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം, ജനജീവിതത്തെ അസാധാരണമായ വിധത്തിലുള്ള ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കള്ളപ്പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങും തടയുന്നതിന് വേണ്ടിയാണ് നടപടിയെന്ന പ്രധാനമന്ത്രിയുടെ വാദം അംഗീകരിക്കുമ്പോള്‍ തന്നെ, രാജ്യത്തെ മുഴുവന്‍ അപ്രഖ്യാപിത ‘സാമ്പത്തിക അടിയന്തരാവസ്ഥ’യില്‍ നിര്‍ത്തുന്ന തരത്തില്‍ വേണമായിരുന്നോ ഇത്തരമൊരു തീരുമാനമെന്ന ചോദ്യം ഉയരുന്നുണ്ട്. നാലു ദിവസമായി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നിത്യച്ചെലവിനുള്ള പണത്തിന് തിക്കിത്തിരക്കുകയാണ് കോടിക്കണക്കിന് ജനങ്ങള്‍. സാമ്പത്തിക മേഖല ഒന്നാകെ നിശ്ചലമായി. വിപണികള്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നു. പണമുണ്ടായിട്ടും ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്നു. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ പോലും ആസ്പത്രികള്‍ പണപ്രശ്‌നം പറഞ്ഞ് നിഷേധിക്കുകയോ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്നു.

ബാങ്ക് അക്കൗണ്ടും എ.ടി.എമ്മും സി.ഡി.എമ്മും ഓണ്‍ലൈന്‍ ഇടപാടുകളുമൊന്നും പരിചയിച്ചിട്ടില്ലാത്ത സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളാണ് മോദിയുടെ ‘തുഗ്ലക് പരിഷ്‌കാര’ത്തില്‍ വേട്ടയാടപ്പെടുന്നതും നിസ്സഹായരാകുന്നതും. സാധാരണക്കാര്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി നടത്തിയതെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ കഴമ്പുള്ളതാവുകയാണ് ഇതിലൂടെ. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കറന്‍സി അസാധുവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ചേര്‍ന്ന് കൈക്കൊണ്ടതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് രാജ്യം നേരിടുന്ന കറന്‍സി പ്രതിസന്ധി. പണം കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം. എന്നാല്‍ ചെറിയൊരു തുക മാത്രമാണ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 15 ദിവസത്തിനിടെ മാറിയെടുക്കാവുന്നത് പരമാവധി 4,000 രൂപ. അക്കൗണ്ടില്‍നിന്ന് നേരിട്ട് പിന്‍വലിക്കാവുന്നത് 10,000 രൂപ. എ.ടി.എമ്മില്‍നിന്ന് ഒരു ദിവസം ലഭിക്കുന്നത് 2000 രൂപ മാത്രം. എന്നിട്ടും ഇതിന് ആവശ്യമായ കറന്‍സികള്‍ ബാങ്കുകളില്‍ ലഭ്യമാകുന്നില്ല എന്നത് മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കിയതിന്റെ തിക്ത ഫലങ്ങളാണ്.

ആവശ്യത്തിന് കറന്‍സി ബാങ്കുകളില്‍ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു പറയുമ്പോഴും ക്ലീന്‍ നോട്ട് നയം പിന്‍വലിക്കേണ്ടി വന്നത് പാളിച്ച തുറന്നു സമ്മതിക്കലാണ്. വിപണിയില്‍നിന്ന് പിന്‍വലിച്ച കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഇന്നലെ മുതല്‍ ബാങ്കുകള്‍ വഴി വീണ്ടും വിപണിയില്‍ എത്തിത്തുടങ്ങി. നാലു ദിവസം കൊണ്ട് മാത്രം പ്രത്യക്ഷത്തില്‍ പ്രകടമായ ദുരന്തങ്ങളാണിത്. കറന്‍സി അസാധുവാക്കല്‍ നടപടിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ രാജ്യം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. നാലു ദിവസത്തിനിടെ മാത്രം ശതകോടികളുടെ ബിസിനസ് നഷ്ടമാണ് വിപണിയില്‍ നേരിട്ടിരിക്കുന്നത്. സര്‍ക്കാര്‍ കണക്കില്‍ ഈ നഷ്ടം ഇടംപിടിക്കണമെന്നില്ല. കാരണം റിലയന്‍സും അദാനിയും പോലുള്ള വന്‍കിടക്കാരെയല്ല ഇത് ബാധിക്കുന്നത്, തെരുവു കച്ചവടക്കാരെയും ചെറുകിട, ഇടത്തരം ബിസിനസുകളില്‍നിന്ന് ജീവിതോപാധി കണ്ടെത്തുന്നവരെയുമാണ്.

മോദി സര്‍ക്കാറിന്റെ കണക്കു പ്രകാരം അണ്‍ അക്കൗണ്ടഡ് മണി(കണക്കില്‍പെടാത്ത പണം) കൊണ്ടാണ് ഈ കച്ചവടക്കാര്‍ ജീവിതം നെയ്യുന്നത്, അവരുടെ കുടുംബങ്ങള്‍ പുലരുന്നത്. അവരെ ആശ്രയിച്ചു നില്‍ക്കുന്നവരുടെ ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും ചികിത്സയും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. കൂലിപ്പണിയും കാര്‍ഷിക വൃത്തിയും ജീവിതോപാധിയായവരെയും തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന കറന്‍സികള്‍ അസാധുവായതോടെ തൊഴില്‍ മേഖല സ്തംഭിച്ചു. നിര്‍മാണ മേഖലയും നിശ്ചലമായി. സ്ഥിതിഗതികള്‍ നേരെയാവാന്‍ 50 ദിവസം എടുക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. അത്രയും ദിവസം ഈ വിപണികളെല്ലാം മാന്ദ്യത്തിലോ നിശ്ചലാവസ്ഥയിലോ ആയിരിക്കുമെന്ന് ചുരുക്കം. വന്‍കിട കുത്തകകളുടെ ഒരു ദിവസത്തെ വ്യാപാര നഷ്ടം എത്രയെന്ന് മണിക്കൂറുകള്‍ കൊണ്ട് സര്‍ക്കാറിന് കണക്കെടുക്കാന്‍ കഴിയും.

എന്നാല്‍ ഒരു നെറ്റ്‌വര്‍ക്കിലും ബന്ധിതമല്ലാത്ത ഈ നാട്ടുവിപണിയുടെ നഷ്ടത്തിന്റെ കണക്കെടുക്കല്‍ എളുപ്പമാവില്ല. സാധാരണക്കാരന്റെ ജീവിത നിലവാരത്തിലുണ്ടാകുന്ന തകര്‍ച്ചയിലൂടെ മാത്രമേ അത് അടയാളപ്പെടുത്തപ്പെടൂ. സാധാരണക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുപോലും വരാനിരിക്കുന്ന ഈ വിപത്തിനെക്കുറിച്ച് ഉത്കണ്ഠയുണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാറുകളെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിന് ക്ഷതമേല്‍ക്കുമ്പോള്‍ ആദ്യം ബാധിക്കുക സംസ്ഥാന ഖജനാവിനെയായിരിക്കും. നികുതി വരുമാനത്തിലും രജിസ്‌ട്രേഷന്‍ വരുമാനത്തിലുമെല്ലാം ഇപ്പോള്‍ തന്നെ കോടികളുടെ കുറവുണ്ടായിട്ടുണ്ട്. കേരളത്തിലെ വ്യാപാരികള്‍ 15 മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തതോടെ സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമാകും. ഈ നഷ്ടങ്ങളെല്ലാം എങ്ങനെ നികത്തുമെന്ന ചോദ്യം ബാക്കിയാകുന്നു.

കറന്‍സി അസാധുവാക്കല്‍ നടപടിയിലൂടെ ഹവാല, കള്ളനോട്ട് റാക്കറ്റുകളെ തല്‍ക്കാലത്തേക്ക് പ്രതിസന്ധിയിലാക്കാന്‍ കഴിയുമെന്നതൊഴിച്ചാല്‍ ഒരു ഫലവും ഉണ്ടാകില്ല. ചെറിയൊരു ഭാഗം ഹവാല പണവും വ്യാജ കറന്‍സികളും വിപണിയില്‍നിന്ന് അപ്രത്യക്ഷമായേക്കാം. എന്നാല്‍ അത് തല്‍ക്കാലത്തേക്ക് മാത്രമായിരിക്കും. അധിക സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെയാണ് 2,000 രൂപ കറന്‍സി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. രണ്ടു മാസം മുമ്പ് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റ ഉര്‍ജിത് പട്ടേലാണ് കറന്‍സിയില്‍ ഒപ്പുവെച്ചിരിക്കുന്നത് എന്നതും നോട്ടില്‍ വിവിധ ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയ ഭാഗത്ത് പിഴവുകള്‍ സംഭവിച്ചതും അസാധാരണമായ ധൃതി കേന്ദ്ര സര്‍ക്കാറും റിസര്‍വ്ബാങ്കും ഇക്കാര്യത്തില്‍ കാണിച്ചതിന് തെളിവാണ്. പത്തു മാസം എടുത്താണ് തീരുമാനം നടപ്പാക്കുന്നതെന്ന മോദിയുടെ വാദവും ഇത് പൊളിക്കുന്നുണ്ട്.

ഇപ്പോള്‍ വിപണിയില്‍ എത്തിച്ച 2000 രൂപ കറന്‍സിക്ക് നിലവിലുള്ള 1000, 500 രൂപ കറന്‍സികളേക്കാള്‍ വലിയ സുരക്ഷാ സവിശേഷതകള്‍ ഒന്നുമില്ലെന്നാണ,് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ പറയുന്നത്. കൂടിയ മൂല്യമുള്ള കറന്‍സി വിപണിയില്‍ എത്തുന്നതോടെ കള്ളനോട്ട് വ്യാപകമാകാനുള്ള സാധ്യതയും കൂടുതലാണ്. ഫലത്തില്‍ കള്ളനോട്ട് മാഫിയക്ക് ഒത്താശയാവുകയാണ് മോദി സര്‍ക്കാറിന്റെ നടപടി. ഫലത്തില്‍ മോദിയുടെ ഇപ്പോഴത്തെ ‘കള്ളപ്പണവേട്ട’ പാഴ്‌വേലയായി മാറും. വിപണിയിലുള്ള കള്ളപ്പണത്തിന്റെ വലിയൊരു പങ്കും ഇപ്പോഴത്തെ നീക്കത്തിന്റെ മറവില്‍ വൈറ്റ് മണിയായി മാറിയേക്കാം.

കള്ളപ്പണ വേട്ടയെന്ന മോദിയുടെ പ്രഖ്യാപനത്തിലെ കാപട്യവും ഇതിലൂടെ തുറന്നു കാണിക്കപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ശതകോടികളുടെ കള്ളപ്പണ നിക്ഷേപമുള്ളവരെ തൊടാന്‍ ധൈര്യം കാണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ‘നോട്ടുമാറ്റല്‍ യുദ്ധ’ത്തിന് ഇറങ്ങിയിരിക്കുന്നത്. കള്ളപ്പണനിക്ഷേപം തിരികെ കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മോദി സര്‍ക്കാര്‍ ജാള്യത മറയ്ക്കാന്‍ കാണിക്കുന്ന നാടകം മാത്രമായേ ഇതിനെ വിലയിരുത്താനാകൂ.

chandrika: