X
    Categories: FoodMore

കുലുക്കി സര്‍ബത്തെന്ന വന്‍മരം വീണു; ഇനി ഫുള്‍ജാര്‍ കാലം

കോഴിക്കോട്: കുലുക്കി സര്‍ബത്ത് എന്ന വന്‍മരം വീണു… ഇനി ഫുള്‍ജാര്‍ സോഡയുടെ കാലം. നാട്ടിന്‍പുറങ്ങളിലും നഗരത്തിലും ചുരുങ്ങിയകാലം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ. കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം. ചേരുവകള്‍ ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയാണ് ഈ പാനിയത്തെ വ്യത്യസ്തമാക്കുന്നത്. കോഴിക്കോടിന്റെ ഖല്‍ബ് കീഴടക്കിയ ഫുള്‍ജാര്‍ ഇപ്പോള്‍ കേരളത്തിലൊട്ടാകെ ക്ലിക്കായി കഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തതോടെ റമസാനിലെ രാവുകളില്‍ ഫുള്‍ജര്‍ സോഡയില്ലാതെ പറ്റില്ലെന്ന അവസ്ഥയിലായി യുവാക്കള്‍. രാത്രി വൈകിയും കടകളില്‍ വലിയതിരക്കാണ് അനുഭവപ്പെടുന്നത്.
ഒരുഗ്ലാസില്‍ നിറയെ സോഡയൊഴിച്ച് അതിനുള്ളിലേക്ക് ചെറിയ ഒരുക്ലാസില്‍ കാന്താരിമുളക്, പുതിനയില, കസ്‌കസ് എന്നിവ ചേര്‍ത്ത് അരച്ച മിശ്രിതത്തിലേക്ക് ഇഞ്ചിനീരും ഉപ്പും പഞ്ചസാര ലായനിയും ചേര്‍ക്കുന്നു. നിറഞ്ഞ് തുളുമ്പുന്ന സോഡയിലേക്ക് രുചികൂട്ട് നിറച്ച ചെറിയക്ലാസ് ഇടുമ്പോള്‍ ഫുള്‍ജാര്‍ സോഡ തുളുമ്പി ഗ്ലാസിന് പുറത്തേക്ക് വരുന്നു… പിന്നെയൊന്നും നോക്കാനില്ല.. ഒറ്റവലിക്ക് ഫുള്‍ജാര്‍ അകത്താക്കണം. പുത്തന്‍ പാനിയത്തിന്റെ വീഡിയോ ടിക് ടോക്കിലും ഫെയിസ്ബുക്കിലുമെല്ലാം നിറഞ്ഞതോടെ കച്ചവടക്കാര്‍ക്ക് വലിയചാകരയായിമാറി. കോഴിക്കോട് നഗരത്തില്‍ ബീച്ച്, ഗാന്ധിറോഡ്, ഗുജറാത്തി സ്ട്രീറ്റ് പരിസരം എന്നിവിടങ്ങളിലെല്ലാമാണ് തുടക്കത്തില്‍ വില്‍പനയുണ്ടായിരുന്നത്. സംഗതി കൈയില്‍നിന്ന് പോയതോടെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മുക്കിന് മുക്കിന് കച്ചവടം തുടങ്ങി. ജ്യൂസ് കടകളിലും ഫുള്‍ജാര്‍ ലഭ്യമായി തുടങ്ങി. 20മുതല്‍ 50 രൂപവരെയാണ് വില ഈടാക്കുന്നത്. വളരെയെളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് ഫുള്‍ജാര്‍ സോഡയുടെ മറ്റൊരു പ്രത്യേകത. പ്രായ ഭേദമെന്യേ എല്ലാവരേയും ഒരുപോലെ ആകര്‍ഷിക്കുന്നുവിധത്തിലാണ് ഇതിന്റെ രുചികൂട്ട് തയാറാക്കിയിട്ടുള്ളത്.
രുചിവൈവിധ്യം ഏറ്റവുംആദ്യം പരീക്ഷിച്ച് വിജയിപ്പിച്ച പാരമ്പര്യമുള്ള കോഴിക്കോട് ഫുള്‍ജാര്‍ സോഡയിലും ഇത് തുടര്‍ന്നു. ഈ ന്യൂജെന്‍ പാനിയം ആദ്യം തുടങ്ങിയത് കോഴിക്കോട് നഗരത്തില്‍ ഒരു കൂട്ടം യുവാക്കളാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ക്ലിക്കായതോടെ കേരളമൊട്ടാകെ ഫുള്‍ജാര്‍ ഏറ്റെടുത്തു.

Test User: