X

കൊച്ചി സുസജ്ജം; സുരക്ഷ ഉറപ്പാക്കി മോക്ക് ഡ്രില്‍

 

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ നടത്തി. തീപിടിത്തം, സ്‌ഫോടനം പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ക്രമീകരണങ്ങള്‍ ശക്തമാണോ എന്ന പരിശോധനയാണ് നടന്നത്. അടിയന്തിരമായി കാണികളെ ഗ്യാലറിയില്‍ നിന്ന് ഒഴിപ്പിക്കുന്നതിനും അപകടത്തില്‍പ്പെട്ടവര്‍ക്ക് അതിവേഗം വൈദ്യസഹായമെത്തിക്കുന്നതിനുള്ള സംവിധാനവും കുറ്റമറ്റതാണെന്ന് പരിശോധനയില്‍ ഉറപ്പാക്കി.
മോക്ക്ഡ്രില്ലില്‍ അപകടം നടന്ന് അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഗ്യാലറിയില്‍ നിന്ന് കാണികളെ ഒഴിപ്പിച്ച് കോമണ്‍ അസംബ്ലി പോയിന്റില്‍ എത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ളവരെ നിശ്ചിത സമയത്തിനുള്ളില്‍ ആംബുലന്‍സിലെത്തിക്കാനും കഴിഞ്ഞു.
റോപ്പ് വഴി മുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനവും ആംബുലന്‍സ്, മെഡിക്കല്‍ ടീം തുടങ്ങിയവയുടെ പ്രവര്‍ത്തനവും പരീക്ഷിച്ചു. വിവിധ നിറങ്ങളിലുള്ള റിബണുകള്‍ പരിക്കേറ്റവരുടെ ശരീരത്ത് കെട്ടിയാണ് മെഡിക്കല്‍ എമര്‍ജന്‍സിയുടെ മുന്‍ഗണന നിര്‍ണയിക്കുന്നത്.
മത്സരവേദിയില്‍ വൊളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കിയ 320 സ്റ്റുവാര്‍ഡ്‌സിനെ ഉള്‍പ്പെടുത്തിയാണ് മോക്ക് ഡ്രില്‍ നടത്തിയത്. പരിശീലനം നേടിയ 25 പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റുവാര്‍ഡ്‌സിനെ നിയന്ത്രിക്കുന്നത്. ഫസ്റ്റ് എയ്ഡ്, ഫയര്‍ ട്രെയിനിങ്, മെഡിക്കല്‍ ട്രെയിനിങ് തുടങ്ങിയവയിലാണ് സ്റ്റുവാര്‍ഡ്‌സിന് പരിശീലനം നല്‍കിയിരിക്കുന്നത്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്, മെഡിക്കല്‍ ടീം, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വൊളന്റിയര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളിലായി നാനൂറോളം പേര്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു. ഒക്‌ടോബര്‍ 3,4 തീയതികളിലായി അന്തിമഘട്ട മോക്ക് ഡ്രില്‍ സംഘടിപ്പിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ്, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, ഡിസിപി കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി.

chandrika: