X

ചാമ്പ്യന്‍സ് ലീഗ്: പി.എസ്.ജി/ ബയേണ്‍, അത്‌ലറ്റികോ/ ചെല്‍സി

 

പാരിസ്: ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ കരുത്തര്‍ കളത്തിലിറങ്ങുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് നേരിടുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡും ചെല്‍സിയും തമ്മിലുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെയും ലാലിഗയില്‍ മികച്ച പ്രകടനം തുടരുന്ന ബാര്‍സലോണ എവേ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങിനെയും നേരിടും.
നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിച്ച ശേഷം മിന്നും ഫോമിലുള്ള പി.എസ്.ജിക്ക് സീസണിലെ ആദ്യ മേജര്‍ മത്സരമാണ് ഇന്നത്തേത്. ഫ്രഞ്ച് ലീഗിലെ ആധിപത്യം യൂറോപ്യന്‍ തലത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഉനായ് എംറിയുടെ സംഘം എത്രമാത്രം പ്രാപ്തമാണെന്നതിന്റെ പരീക്ഷണമാവും പാര്‍ക് ദെ പ്രിന്‍സില്‍ നടക്കുക. സൂപ്പര്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലായിരുന്ന അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. നെയ്മറും സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സംബന്ധിച്ച വാര്‍ത്ത ബയേണിനെതിരായ വിജയത്തോടെ കുഴിച്ചു മൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാരിസ് ടീം. അതേസമയം, ജര്‍മനിയിലെ നിറംമങ്ങിയ പ്രകടനം കാരണം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ബയേണിനും ജയം അനിവാര്യമാണ്. ബുണ്ടസ്‌ലിഗയില്‍ ഹോഫനൈമിനോട് തോല്‍ക്കുകയും വോള്‍ഫ്‌സ്ബര്‍ഗിനോട് സമനില വഴങ്ങുകയും ചെയ്ത നിലവിലെ ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. കോച്ച് കാര്‍ലോ ആന്‍ചലോട്ടിയെ മാറ്റണമെന്ന ആവശ്യം ആരാധകരില്‍ ഒരു വിഭാഗം ഉന്നയിച്ചു തുടങ്ങിയ സാഹചര്യത്തില്‍ പാരിസിലെ മത്സരം സന്ദര്‍ശകര്‍ക്ക് നിര്‍ണായകമാവും. യൂറോപ്യന്‍ മത്സരങ്ങളില്‍ പി.എസ്.ജിയുടെ ഹോം റെക്കോര്‍ഡ് ശക്തമാണെന്നതും അവസാനം കൡച്ച എട്ട് എവേ മത്സരങ്ങളില്‍ ബയേണ്‍ ഗോള്‍ വഴങ്ങിയിട്ടുണ്ടെന്നതും ആതിഥേയര്‍ക്ക് അനുകൂലമാണ്. പക്ഷേ, അവസാന എട്ട് സീസണില്‍ ആറിലും ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ കളിച്ച ബയേണിനെതിരെ നെയ്മറും സംഘവും എല്ലാ ആയുധങ്ങളും പുറത്തെടുക്കേണ്ടി വരും.
സീസണ്‍ തുടക്കത്തിലെ ആശങ്കകള്‍ വിട്ടുമാറി മികച്ച ഫോമിലെത്തിയ ബാര്‍സലോണക്ക് പോര്‍ച്ചുഗലില്‍ ശക്തമായ ബലപരീക്ഷണമാവും നേരിടേണ്ടി വരിക. ലാലിഗയില്‍ ജിറോണക്കെതിരെ വിശ്രമം അനുവദിക്കപ്പെട്ട ഡിഫന്റര്‍മാരായ ജെറാഡ് പിക്വെയും നെല്‍സണ്‍ സെമഡോയും സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും. ആദ്യ മത്സരത്തില്‍ ഒളിംപിയാക്കോസിനെതിരെ ജയം നേടിയ സ്‌പോര്‍ട്ടിങ്, ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഹോം മത്സരത്തില്‍ ആക്രമണ ശൈലി തന്നെ അവലംബിക്കുമെന്നാണ് കരുതുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം കളിച്ച ആറ് എവേ മത്സരങ്ങളില്‍ നാലിലും ബാര്‍സ തോല്‍ക്കുകയാണുണ്ടായത് എന്നത് പോര്‍ച്ചുഗീസ് ക്ലബ്ബിന് പ്രതീക്ഷ നല്‍കുന്നു. സീസണ്‍ ആരംഭിച്ച ശേഷം ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ബാര്‍സ ഇന്നും ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നുണ്ടാവില്ല.
ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിക്കെതിരെ തികഞ്ഞ പ്രതീക്ഷയോടെയാണ് അത്‌ലറ്റികോ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നത്. ലാലിഗയില്‍ കരുത്തരായ സെവിയ്യയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിനൊപ്പം, സ്‌പെയിനില്‍ നിന്നുള്ള എതിരാളികള്‍ക്കെതിരെ ചെല്‍സിയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല എന്നതും ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന സംഘത്തിന് പ്രതീക്ഷ പകരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബുകള്‍ക്കെതിരെ അവസാനം കളിച്ച ഒമ്പത് എവേ മത്സരങ്ങളിലും ചെല്‍സി തോറ്റിട്ടില്ല. പക്ഷേ, അവസാന അഞ്ച് മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. ആദ്യ മത്സരത്തില്‍ എ.എസ് റോമക്കെതിരെ സമനില വഴങ്ങിയതിനാല്‍ അത്‌ലറ്റികോ ഇന്ന് മൂന്നു പോയിന്റും സ്വന്തമാക്കാന്‍ തന്നെയാവും കളിക്കുക.
യൂറോപ്പ ചാമ്പ്യന്മാരാവുക വഴി ചാമ്പ്യന്‍സ് ലീഗിന് ടിക്കറ്റെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സി.എസ്.കെ.എ മോസ്‌കോ ആണ് എതിരാളികള്‍. പ്രീമിയര്‍ ലീഗ് ടേബിളിന്റെ തലപ്പത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന യുനൈറ്റഡിനെതിരെ സ്വന്തം ഗ്രൗണ്ടിലിറങ്ങുമ്പോള്‍ സി.എസ്.കെ.എക്ക് കാര്യങ്ങള്‍ അത്ര ശുഭമല്ല. റഷ്യയില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയുടെ ഗ്രൗണ്ടില്‍ ചെന്ന് ജയിച്ചത് മോസ്‌കോ ക്ലബ്ബിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുന്നുണ്ട്. ഓള്‍ഡ് ട്രഫോഡില്‍ നടന്ന ആദ്യ മത്സരത്തില്‍ എഫ്.സി ബേസലിനെ മൂന്നു ഗോളിന് യുനൈറ്റഡ് തകര്‍ത്തിരുന്നു.
ബാര്‍സലോണയുമായി വഴങ്ങിയ മൂന്നു ഗോള്‍ തോല്‍വിയുടെ ക്ഷീണമകറ്റുകയാണ് സ്വന്തം ഗ്രൗണ്ടില്‍ ഒളിംപിയാക്കോസിനെ നേരിടുന്ന യുവന്റസിന്റെ ലക്ഷ്യം. സ്വന്തം തട്ടകത്തില്‍ സ്‌പോര്‍ട്ടിങിനോട് തോറ്റ ഗ്രീക്ക് ക്ലബ്ബ് ഒരു പോയിന്റെങ്കിലും മോഹിച്ചാണ് ഇറ്റലിയിലേക്ക് വിമാനം കയറിയത്.

chandrika: