X
    Categories: MoreViews

കോംഗോയില്‍ പട്ടിണി മരണം ഉയരുന്നു

യുഎന്‍: പട്ടിണിയുടെ ദുരിതകയത്തില്‍ റിപ്പബ്ലിക് ഓഫ് കോംഗോ. ദാരിദ്ര്യം രൂക്ഷമായ കോംഗോ ഡെമോക്രാറ്റികില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കുരുന്നുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.
കസായി മേഖലയില്‍ ഒരു വര്‍ഷത്തിലധികമായി തുടരുന്ന കലാപമാണ് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ പട്ടിണി രൂക്ഷമാകാന്‍ കാരണം. യുദ്ധത്തോടെ രാജ്യത്തെ സാമ്പത്തിക നില തകരാറിലായി. കഴിഞ്ഞ രണ്ട് സീസണുകളിലായി കസായിയില്‍ കര്‍ഷകര്‍ കൃഷി നടത്തുന്നില്ല.
കാര്‍ഷിക മേഖല തകര്‍ന്നതോടെ ജനജീവിതം ദുസഹമായി. കലാപത്തെത്തുടര്‍ന്ന് 77 ലക്ഷത്തിലധികം ജനങ്ങള്‍ പട്ടിണിയിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. എത്രയും പെട്ടെന്ന് പ്രദേശത്തേക്ക് സഹായമെത്തിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണിമൂലം മരിച്ചുവീഴുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ അറിയിച്ചു. കസായിയിലും കിഴക്കന്‍ പ്രവിശ്യകളിലുമായി 14 ലക്ഷം ആളുകളാണ് ഈ വര്‍ഷം വീടുവിട്ട് പോയത്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ കസായിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് മാത്രം 17.2 ദശ ലക്ഷം ഡോളര്‍ ആവശ്യമായി വരുമെന്നാണ് യുഎന്‍ കണക്ക്. 2016 ആഗസ്ത് ഒന്നിന് കോംഗോ പ്രവിശ്യയില്‍ വിമത സൈന്യവും സര്‍ക്കാര്‍ സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിവെച്ചത്.
പ്രസിഡണ്ട് ജോസഫ് കബില സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.

chandrika: