X

ചെന്നൈയെ കടപുഴക്കി വര്‍ധ; വ്യാപക നാശനഷ്ടം- നാലു മരണം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരം വഴി കരയിലേക്ക് പ്രവേശിച്ചു. മണിക്കൂറില്‍ 130-150 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട ചുഴലിക്കാറ്റിലും അകമ്പടിയായി എത്തിയ കനത്ത മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സ്ഥലങ്ങളിലായി നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വ്യോമ, റെയില്‍, റോഡ് ഗതാഗതങ്ങള്‍ താറുമാറായി. വൈകീട്ടോടെ കര്‍ണാടകയിലേക്ക് കടന്ന കാറ്റ് നാളെ ഗോവ തീരത്തെത്തുന്നതോടെ ദുര്‍ബലപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് വ്യാപക മുന്നൊരുക്കങ്ങളാണ് ചെന്നൈ കോര്‍പ്പറേഷനും തമിഴ്‌നാട് സര്‍ക്കാറും നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്തുണ്ടായ പ്രളയം ചെന്നൈ നഗരത്തെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇത് മുന്നില്‍ കണ്ടായിരുന്നു വിപുലമായ മുന്നൊരുക്കങ്ങള്‍. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ നേരത്തെതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും നാല് പട്രോളിങ് യാനങ്ങളും വിശാഖപട്ടണം, ചെന്നൈ, കരൈക്കല്‍ തീരങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. നാല് ഡ്രോണിയര്‍ എയര്‍ക്രാഫ്്റ്റുകള്‍, രണ്ട് ഛേതക് എയര്‍ക്രാഫ്റ്റുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കുകയും ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം നേരത്തെതന്നെ സംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

കാറ്റും മഴയും കാരണം സബര്‍ബന്‍ റെയില്‍വ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. മരങ്ങള്‍ കടപുഴകി വീണതിനെതുടര്‍ന്ന് റോഡ് ഗതാഗതവും താറുമാറായി. അപകട സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ മടിച്ചതോടെ നഗരം ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നു. ചുരുക്കം ചില ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. ചെന്നൈ വിമാനത്താവളവും അടച്ചിരുന്നു. ചെന്നൈ വഴി കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളേയും ചുഴലിക്കാറ്റ് ബാധിച്ചു.

ഉച്ചക്ക് 12.30ഓടെയാണ് കാറ്റ് ചെന്നൈ തീരത്ത് കരതൊട്ടത്. കരയിലേക്ക് പ്രവേശിച്ച കാറ്റ് 120 കിലോമീറ്ററായി വേഗം കുറഞ്ഞു. മൂന്ന്- നാല് മണിക്കൂര്‍ പിന്നിട്ടതോടെ മണിക്കൂറില്‍ 85 കിലോമീറ്ററായി വേഗം ദുര്‍ബലപ്പെട്ടു. അതേസമയം കാറ്റ് വേഗം വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജാഗ്രത തുടരുന്നുണ്ട്. വൈകീട്ട് ഏഴ് മണിയോടെ വര്‍ധ പൂര്‍ണമായും തമിഴ്‌നാട്ടില്‍നിന്ന് പിന്‍വാങ്ങി. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ആന്ധ്രയിലെ നെല്ലൂര്‍ എന്നീ ജില്ലകളിലൂടെയാണ് കാറ്റ് വിശീയത്. വേഗത പകുതിയായി കുറയുന്നതിനാല്‍ കര്‍ണാടകയില്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. അതേസമയം കനത്ത മഴക്ക് സാധ്യതയുണ്ട്.

കാഞ്ചീപുരം ജില്ലയില്‍ മതില്‍ ഇടിഞ്ഞുവീണ് എട്ടു വയസ്സുകാരി മരിച്ചു. ചെങ്കല്‍പേട്ട് താലൂക്കിലെ മെലമിയൂരില്‍ ടെല്ക് സ്‌കൂള്‍സ്ട്രീറ്റ് വഴി വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് എട്ടുവയസ്സുകാരി അശ്വതി, സഹോദരന്‍ നാലു വയസ്സുകാരന്‍ അഭിനേഷ് എന്നിവരുടെ ദേഹത്തേക്ക് മതില്‍ ഇടിഞ്ഞുവീണത്. അശ്വതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. അഭിനേഷ് ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ ഫോണില്‍വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രം ഒരുക്കമാണെന്ന് ആഭ്യന്തരമന്ത്രി സംസ്ഥാന മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സമിതിയുടെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആന്ധ്രയിലും (0866 24880000), തമിഴ്‌നാട്ടിലും (044 593990) കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

chandrika: