X

പാക് സൈനീക തലപ്പത്ത് വീണ്ടും അഴിച്ചുപണി; നവീദ് മുക്താര്‍ ഐ.എസ്.ഐ മേധാവി

ഇസ്‌ലാമാബാദ്: പാക് സൈനിക മേധാവിയായി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ നിയമിക്കപ്പെട്ടതിനു പിന്നാലെ ചാരസംഘടനയായ ഐ.എസ്.ഐയുടെ തലപ്പത്തും അഴിച്ചുപണി. ഐ.എസ്.ഐ മേധാവിയായിരുന്ന റിസ്‌വാന്‍ അക്തറിനെ മാറ്റി ഭീകരവാദ വിരുദ്ധ വിഭാഗം തലവനായിരുന്ന ലഫ്.ജനറല്‍ നവീദ് മുക്താറിനെ തല്‍സ്ഥാനത്ത് നിയമിച്ചു. റിസ്‌വാന്‍ അക്തറിന് നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പദവിയാണ് പകരം നല്‍കിയത്.

പ്രധാനമന്ത്രി നവാസ് ശരീഫും മുന്‍ സൈനിക മേധാവി റഹീല്‍ ശരീഫും തമ്മില്‍ ഭിന്നത നിലനിന്നിരുന്നപ്പോള്‍ റഹീലിനൊപ്പം ഉറച്ചു നിന്ന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന ആളായിരുന്നു റിസ്‌വാന്‍ അക്തര്‍. കഴിഞ്ഞ മാസം അവസാനമാണ് പാക് സൈനിക മേധാവി സ്ഥാനത്തേക്ക് ബലൂചിസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഖമര്‍ ജാവേദ് ബജ്‌വ എത്തിയത്. തുടര്‍ന്ന് സൈനിക തലപ്പത്ത് ചെറുതും വലുതുമായി നിരവധി നിയമനങ്ങള്‍ അദ്ദേഹം നടത്തി. അടുത്തയിടെ സ്ഥാനകയറ്റം കിട്ടിയ ജനറല്‍ ബിലാല്‍ അക്ബറിനെ ജനറല്‍ സ്റ്റാഫ് അധ്യക്ഷനായും നിയമിച്ചിട്ടുണ്ട്.

ഇസ്‌ലാമാബാദിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും അമേരിക്കയിലും സൈനീക പഠനം നടത്തിയ നവീദ് മുക്താര്‍ 1983ലാണ് പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. പാക് സൈന്യത്തിലെ സുപ്രധാന പദവികളിലൊന്നാണ് ഐ.എസ്.ഐ മേധാവിയുടെ സ്ഥാനം. പാക് സൈന്യത്തെ വലിയ രീതിയില്‍ സഹായിക്കുന്ന വിഭാഗം കൂടിയാണിത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നുവെന്ന ആക്ഷേപം എല്ലാക്കാലത്തും പാക് ചാരസംഘടനക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലുള്ള സംഘടനകളെ വ്യാപകമായി ഐ.എസ്.ഐ സഹായിക്കുന്നുവെന്ന ആരോപണം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനില്‍ പ്രശ്‌നമുണ്ടാക്കുന്ന ഭീകരര്‍ക്കും അഭയം നല്‍കുന്നത് പാകിസ്താനാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശറഫ് ഗനി ആക്ഷേപം ഉയര്‍ത്തിയിരുന്നു.

chandrika: