X

ഡിജിറ്റല്‍ ഇടപാടിന് ‘ഭീം’ ആപ്

ന്യൂഡല്‍ഹി: നോട്ട് ദൗര്‍ലഭ്യം കാരണം നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കുന്നതിന് ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ഡിജി ധന്‍ മേളയിലാണ് ‘ഭീം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) എന്ന പേരിലുള്ള പുതിയ മൊബൈല്‍ ആപ് പുറത്തിറക്കിയത്. സുരക്ഷിതവും വേഗത്തിലുള്ളതുമായ സാമ്പത്തിക ഇടപാടുകള്‍ക്ക് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതമായി ഇത് മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആധാര്‍ വിവരങ്ങളുമായി ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിച്ചാണ് ആപ് പ്രവര്‍ത്തിക്കുക. ബയോ മെട്രിക് വിവരങ്ങള്‍ ആയിരിക്കും ഇടപാടുകള്‍ക്ക് സുരക്ഷയൊരുക്കുക. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ലിങ്ക് ചെയ്ത് പ്രവര്‍ത്തിക്കുന്ന ആപില്‍ ഫിംഗര്‍ പ്രിന്റ് മാത്രം ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാട് നടത്താനാകുമെന്നതാണ് സവിശേഷത.

പുതിയ ആപ് പുറത്തിറക്കി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ: – ദളിതരുടെയും ദരിദ്രരുടേയും ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിച്ച ഡോ. ഭീം റാവു അംബേദ്കറുടെ സ്മരണാര്‍ത്ഥമാണ് പുതിയ ആപിന് ഭീം എന്ന് പേര് നല്‍കിയത്. ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഡിജിറ്റില്‍ ഇടപാടിലെ രാജ്യത്തിന്റെ അഭിവൃദ്ധി ആരെയും അത്ഭുതപ്പെടുത്തും. പണരഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന് ജനുവരി ഒന്നുമുതല്‍ പ്രതിദിനം അഞ്ച് ഡിജിറ്റല്‍ ഇടപാടുകളെങ്കിലും എല്ലാ പൗരന്മാരും നടത്തണം.

65 ശതമാനം ജനങ്ങളും 35 വയസ്സിനു താഴെയുള്ളവരുടെ രാജ്യമാണ് ഇന്ത്യ. അവരെല്ലാം ഡിജിറ്റല്‍ ഇടപാട് സ്വീകരിച്ചാല്‍ ചരിത്രപരമായ പരിവര്‍ത്തനമാകും അത്. ഭീം ആപ് ദളിതരേയും ആദിവാസികളേയും കര്‍ഷകരേയും സാധാരണക്കാരേയും ശാക്തീകരിക്കും. ദരിദ്ര രാജ്യമായ ഇന്ത്യ ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള വോട്ടിങിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇനി നമ്മള്‍ ഡിജിറ്റല്‍ പെയ്‌മെന്റ് വിപ്ലവത്തിലേക്കാണ്. സാങ്കേതിക വിദ്യയാണ് ഏറ്റവും വലിയ കരുത്ത്. അത് ദരിദ്രരില്‍ ദരിദ്രനേയും ശക്തനാക്കും. എനിക്ക് ഒരുപാട് ശുഭപ്രതീക്ഷയുണ്ട്. എന്നാല്‍ അശുഭ ചിന്തകള്‍ മാത്രമുള്ളവര്‍ക്ക് ഒരു വാഗ്ദാനവും തനിക്ക് നല്‍കാനില്ല.

chandrika: