X

തലകുനിക്കുക, സാംസ്‌കാരിക കേരളമേ

സാംസ്്കാരിക കേരളം നാണിച്ച് തലതാഴ്‌ത്തേണ്ട സംഭവപരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഞായറാഴ്ച കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് ദൃശ്യങ്ങളടക്കം പുറത്തുവന്നിരിക്കുന്നത്. എഴുപത്തഞ്ചുവയസ്സുള്ള മാതാവിനെ മകള്‍ കൈകൊണ്ടും ചൂലുകൊണ്ടും മര്‍ദിക്കുന്ന കാഴ്ച. മകള്‍ തനിക്കുനേരെ ചൂലെടുത്തടിക്കുന്നത് ഏതൊരമ്മക്കും സഹിക്കാവുന്നതിലപ്പുറമായിരിക്കും. അതിലുമെത്രയോ വേദനയാണ് അതുകാണുന്ന സാമാന്യബോധമുള്ള മനുഷ്യര്‍ക്കെല്ലാം. ശാരീരികാവശതകള്‍ കാരണം വൃദ്ധമാതാവ് അരുതാത്തിടത്ത് മൂത്രമൊഴിച്ചെന്നതാണ് മകളുടെ ക്രൂരമര്‍ദനത്തിന് കാരണമത്രെ. സംഭവത്തില്‍ പ്രതിയായ ചന്ദ്രമതിയെയും ഭര്‍ത്താവ് രവിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗാര്‍ഹികപീഡനനിരോധന നിയമപ്രകാരം ജാമ്യമില്ലാവകുപ്പാണ് ചാര്‍ത്തി കേസെടുത്തിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെയാവണം ഇവര്‍ക്ക് ലഭിക്കേണ്ടതെന്നതില്‍ രണ്ടുപക്ഷമുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ശക്തമായ ദൃശ്യതെളുവുകള്‍ ലഭിച്ചനിലക്ക്.

അമ്മ കാര്‍ത്യായനിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മകന്‍ വേണുഗോപാലാണ് പൊലീസിന് പരാതി നല്‍കിയത്. ഇത്രയൊക്കെ മര്‍ദനമേറ്റിട്ടും ആ മാതാവ് പൊലീസില്‍ മകള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായില്ല എന്നതും ഏറെ ചിന്തനീയം. അമ്മയെ സഹോദരി സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നാണ് വേണുഗോപാലിന്റെ മൊഴി. പലതവണ തടയാന്‍ ശ്രമിച്ചിട്ടും ചെവിക്കൊള്ളാത്തതിനാല്‍ കഴിഞ്ഞ ദിവസം തന്റെ മൊബൈല്‍ഫോണില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നുവത്രെ. മര്‍ദനത്തിനിടെ മൂത്രമൊഴിക്കുമോടീ എന്നും മറ്റും മകള്‍ അസഭ്യം പറഞ്ഞ് ആക്രോശിക്കുന്നതും വേദനകാണ്ട് അമ്മ വലിയവായില്‍ കരയുന്നതും കേള്‍ക്കാം. അമ്മയുടെ സ്വത്തുകൈക്കലാക്കിയശേഷമാണ് ചന്ദ്രമതി ക്രൂരമര്‍ദനം നടത്തിവന്നിരുന്നതെന്നതും ഞെട്ടിപ്പിക്കുന്നു. കൊല്ലത്ത് രണ്ടുമാസം മുമ്പ് തൊണ്ണൂറുകാരിയായ അര്‍ബുദരോഗിയെ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്തക്കുപിറകെയാണീ സംഭവം. സാംസ്‌കാരിക കേരളം പല കാര്യങ്ങളിലും മേന്മ നടിക്കുമ്പോഴാണ് മനുഷ്യത്വം മരവിക്കുന്ന, മാനുഷികമര്യാദപോലുമില്ലാത്ത ഈ കാഴ്ച .പ്രായമായവര്‍ വീട്ടകങ്ങളില്‍ അനുഭവിക്കുന്ന പരാധീനതകളുടെയും പീഡനങ്ങളുടെയും നേര്‍ക്കാഴ്ചയാണ് പയ്യന്നൂര്‍ സംഭവത്തിലൂടെ നമ്മുടെ മനസ്സാക്ഷിക്കുമുന്നിലെത്തിയിരിക്കുന്നത്. സമാന സംഭവങ്ങള്‍ ഇതിലുമെത്രയോ നാട്ടിലുടനീളം നടക്കുന്നുണ്ടാവുമെന്നുതന്നെ ഇതിലൂടെ വായിച്ചെടുക്കാനാവും.

ഭൂമിയിലെ മഹത്തായ കൃത്യമാണ് മാതൃത്വം. മാതാവിനെ ദൈവതുല്യം കാണുന്ന പാരമ്പര്യത്തിന്റെ നാടാണ് നമ്മുടേത്. മാതാ, പിതാ, ഗുരു, ദൈവം എന്നാണ് പറയാറ്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗമെന്ന് ഇസ്്‌ലാം പഠിപ്പിക്കുമ്പോള്‍ പ്രായമായ മാതാവിനെ ഒരിക്കലും അപഹസിക്കരുതെന്ന് ബൈബിള്‍ ഉപദേശിക്കുന്നു. വിക്ടര്‍ യൂഗോവിന്റെ ‘പാവങ്ങളി’ല്‍ ഫന്‍ദീന്‍ എന്ന മാതാവ് തന്റെ മകള്‍ കൊസത്തിനായി തലമുടിയും പല്ലും പറിച്ചുകൊടുക്കുന്നത് പലരും വായിച്ചുകരഞ്ഞിട്ടുണ്ടാകും. പ്രാണവേദനയോടെപ്രസവിച്ച് മലവുംമൂത്രവും എച്ചിലും കോരി, കാലുറക്കുന്നതും മരിക്കുന്നതുവരെ മക്കള്‍ നല്ലനിലയില്‍ ജീവിച്ചുകാണാനുമാണ് ഏതൊരു മാതാവും കൊതിക്കുന്നത്. പക്ഷേ ആ സ്‌നേഹവും ലാളനയും തിരിച്ചുകൊടുക്കാന്‍ കഴിയാതെ വരുന്ന കരാളകാലമാണിത്.

കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചമൂലം മാതാപിതാക്കളെ വീട്ടിലെ മൂലയ്ക്ക് തള്ളുകയോ വൃദ്ധസദനങ്ങളില്‍ കൊണ്ടുപേക്ഷിക്കുകയോ ചെയ്യുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കാര്‍പോര്‍ച്ചില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധദമ്പതികളെ അയല്‍വാസികള്‍ കണ്ടെത്തി അന്വേഷിച്ചപ്പോള്‍ മക്കളും കുടുംബവും ടൂറിന് പോയെന്ന വിവരം കേട്ടുഞെട്ടിയ നാടാണിത്. പൊതുജനാരോഗ്യം മെച്ചപ്പെട്ടതിനെതുടര്‍ന്ന് കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധന നമുക്ക് ശാപമാകുകയാണോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. ദേശീയ ശരാശരി 64 ആണെങ്കില്‍ മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം 74 ലെത്തിനില്‍ക്കുന്നു. രാജ്യത്ത്് ഒന്നാമതാണിത്. എണ്ണത്തിലും പ്രായത്തിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളായതിനാല്‍ ഇവരുടെ ദുരിതം ഇരട്ടിക്കുന്നു. പുരുഷന്മാര്‍ക്ക് 72 ആണെങ്കില്‍ 77.8 ആണ് സ്ത്രീകളുടെ കേരളത്തിലെ ആയുസ്സ്. 3.36 കോടി ജനസംഖ്യയില്‍ 12.6 ശതമാനം പേര്‍ അറുപതുവയസ്സിനുമുകളിലുള്ള മുതിര്‍ന്ന പൗരന്മാരാണ്. പ്രതിവര്‍ഷം ഇവരുടെ സംഖ്യ 2.3 ശതമാനം എന്ന കണക്കിന് വര്‍ധിക്കുകയാണെന്നും ഇത് രാജ്യത്ത് ഒന്നാമതാണെന്നും അടുത്തിടെ സെന്റര്‍ ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. 1981 മുതല്‍ ഇവരുടെ എണ്ണം പ്രതിവര്‍ഷം പത്തുലക്ഷമായി ഉയരുന്നതായാണ് കണക്ക്. ഇതില്‍ തന്നെ എഴുപതിനും എണ്‍പതിനും ഇടയിലുള്ളവരുടെ സംഖ്യയും കൂടിവരികയാണ്. എണ്‍പതുകഴിഞ്ഞവരുടെ എണ്ണമിന്ന് കേരളത്തില്‍ രണ്ടുലക്ഷമാണ്. ഇവരില്‍ മൂന്നിലൊന്നുപേരേ രോഗികളല്ലാത്തവരായുള്ളൂ.

സ്വാഭാവികമായും മുതിര്‍ന്നവരുടെ പരിപാലനത്തിന് പ്രാധാന്യമേറുന്നു. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാത്തവര്‍ക്ക് ശിക്ഷ നല്‍കുന്ന ‘രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും’ എന്ന നിയമം 2007ല്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, താമസം. ചികില്‍സ എന്നിവ നല്‍കാന്‍ മക്കള്‍ക്കും പേരമക്കള്‍ക്കും കടമയുണ്ടെന്ന് നിയമം അനുശാസിക്കുന്നു. ഗാര്‍ഹിക പീഡനനിയമവും ഇവരുടെ സഹായത്തിനുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള പീഡനത്തിന് 426 കേസുകളാണ് 2015ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊതുവായ കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് അഞ്ചാമതാണ് കേരളത്തിന്റെ സ്ഥാനം. 20,7041 കുറ്റകൃത്യങ്ങളാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രകാരം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ബലാല്‍സംഗം മുതലായ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കേരളം വലിയപിന്നിലല്ല. കേരളത്തിലെ വൃദ്ധ-അഗതി മന്ദിരങ്ങളില്‍ ലൈംഗിക പീഡനം കൂടി നടക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. കടത്തിണ്ണകളിലും വഴിയോരങ്ങളിലും അഭയം തേടുന്ന വൃദ്ധരുടെ കാര്യത്തില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലെന്നതിന്റെ സൂചനകൂടിയാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മക്കളുടെ പരിപാലനം വേണ്ടത്ര ലഭിക്കാതെ തികഞ്ഞ നിരാശയില്‍ കഴിയുന്നവരുമുണ്ട്. കാഴ്ച-കേള്‍വിക്കുറവ് തുടങ്ങിയ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ഇവരുടെ പെരുമാറ്റങ്ങളിലുണ്ടാക്കുന്ന വ്യത്യാസം ഉള്‍ക്കൊള്ളാന്‍ പലരും തയ്യാറാകുന്നില്ല. പയ്യന്നൂരിലേതുപോലുള്ള സംഭവങ്ങള്‍ ഇല്ലാതാകാന്‍ ജനങ്ങളും സര്‍ക്കാരും സന്നദ്ധസംഘടനകളും ജാഗ്രത പാലിച്ചേ തീരൂ. പ്രതികളുടെ മനോനിലയും ചികില്‍സിക്കപ്പെടേണ്ടതുണ്ട്.

chandrika: