X

കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു

കോഴിക്കോട്: ”അസ്സലാമു അലൈക്കും ബാബ, അന ഈജി യൗമുല്‍ ഇഷ്‌രീന്‍” വാട്‌സപ്പില്‍ വന്ന ഫൈസലിന്റെ ഈ ശബ്ദസന്ദേശം കേള്‍പ്പിച്ച് കഫീല്‍ അബ്ദുല്ല അല്‍മുഹാവിസ് വിങ്ങിപ്പൊട്ടുമ്പോള്‍ ആയിരം കാതങ്ങള്‍ക്കിപ്പുറം മലയാളമനസ്സിലും നൊമ്പരമാവുന്നു. മലപ്പുറം കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ സഊദിയിലെ കഫീല്‍ അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍മുഹാവിസിന്റെ റിയാദില്‍ എക്‌സിറ്റ് 27ലുള്ള തന്റെ വീട്ടിലിരുന്ന് സുഹൃത്തുക്കളോട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘മുസ്‌ലിമായി ജനിച്ചുവളര്‍ന്ന എനിക്ക് 60 വര്‍ഷമായിട്ടും ലഭിക്കാത്ത രക്തസാക്ഷിത്വം എന്ന മഹാഭാഗ്യം ആറു മാസം കൊണ്ട് ഫൈസലിന് ലഭിച്ചു…’ എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ അനുശോചനം ആരുടെയും കണ്ണുനനയിക്കുന്നതാണ്. മുസ്‌ലിമായ ഉടന്‍ ഒരു നമസ്‌കാരം പോലും നിര്‍വഹിക്കുന്നതിനു മുമ്പ് രക്തസാക്ഷികളായ സഹാബാക്കളുണ്ട്. ആ ഭാഗ്യമാണ് ഫൈസലിനും ലഭിച്ചത്. തന്റെ മക്കള്‍ക്കു സമാനമായി സ്‌നേഹിച്ചിരുന്ന ഫൈസലിന്റെ വേര്‍പാട് ആഴത്തില്‍ പതിപ്പിച്ച ദുഃഖത്തിനിടയിലും അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍മുഹാവിസ് അഭിമാനത്തോടെ പറയുന്നു. എനിക്ക് ഏഴു മക്കളാണുള്ളത്, ഹൗസ് െ്രെഡവറായി എത്തിയ ഫൈസല്‍ സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എന്റെ എട്ടാമത്തെ മകനു സമാനമായി.

മക്കള്‍ക്കെല്ലാം ഡ്രൈവിങ് അറിയാവുന്നതു കൊണ്ട് പ്രത്യേകം ഡ്രൈവറെ നിയമിച്ചിരുന്നില്ല. എന്നാല്‍ ചില മക്കള്‍ തൊഴില്‍ തേടി മലേഷ്യയിലേക്കു പോയതോടെ നാലു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് ഒരു ഹൗസ് ഡ്രൈവറെ ആദ്യമായി റിക്രൂട്ട് ചെയ്യുകയായിരുന്നു. അമുസ്‌ലിം യുവാവായ അനില്‍കുമാറായിരുന്നു ഹൗസ് ഡ്രൈവറായി എത്തിയത്. സൗമ്യമായ സ്വഭാവവും ആദരവ് നിറഞ്ഞ പെരുമാറ്റവും അനില്‍ കുമാറിന്റെ സ്വഭാവവൈശിഷ്ട്യമായിരുന്നു. ജോലിയില്‍ ഏറെ ആത്മാര്‍ഥത പ്രകടിപ്പിച്ചിരുന്ന അനില്‍കുമാര്‍ എന്തു പണിയേല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. ഒരു കാര്യവും ചെയ്യാന്‍ കഴിയില്ലെന്നു പറയില്ല. ഫൈസല്‍ എന്നു പേരുള്ള തന്റെ മകനുമായിട്ട് അനില്‍കുമാറിന് മികച്ച സൗഹൃദമായിരുന്നു.

റമസാനില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അനില്‍കുമാറും വ്രതമനുഷ്ഠിക്കും. ഇസ്‌ലാമിക ആരാധനാകര്‍മങ്ങളോട് പ്രത്യേക താല്‍പര്യവും പ്രകടിപ്പിച്ചു. കഴിഞ്ഞ റമദാന്‍ മാസത്തിനു മുമ്പാണ് മുസ്‌ലിം ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. മുസ്‌ലിം ആയിക്കോളൂ, പക്ഷേ ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളെ കുറിച്ച് അറിയാവുന്നതിനാല്‍ അത് പരസ്യമായി പ്രഖ്യാപിക്കണ്ടെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ സത്യം പരസ്യമായി പ്രഖ്യാപിക്കുന്നതിന് എന്തിനു ഭയക്കണമെന്നായിരുന്നു അവന്റെ പ്രതികരണം.

ഫൈസല്‍ എന്ന തന്റെ മകന്റെ പേര് തന്നെ മുസ്‌ലിമായപ്പോള്‍ തിരഞ്ഞെടുത്തത് തങ്ങളെ ഏറെ സന്തോഷിപ്പിച്ചു. ആ വര്‍ഷത്തെ റമസാനില്‍ എല്ലാ ദിവസവും കൂടുതല്‍ സമയവും പള്ളിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന ഫൈസല്‍ പള്ളിയിലെ ഇഫ്താറുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എല്ലാ നമസ്‌കാരത്തിനും നേരത്തെ പള്ളിയിലെത്തി അവിടെയുള്ള ഖുര്‍ആന്‍ പൊടിതട്ടി വൃത്തിയാക്കും. ജുമുഅ നമസ്‌കാരത്തിനായി വളരെ നേരത്തെ തന്നെ പള്ളിയിലെത്താറുണ്ടായിരുന്നു. അവിടത്തെ ഇമാമുമായി നല്ല സൗഹൃദത്തിലുമായി.

നാട്ടില്‍ പോയി ഭാര്യയെയും മക്കളെയും ഇസ്‌ലാമിക ആദര്‍ശത്തിലേക്കു കൊണ്ടുവരണമെന്നും അവര്‍ക്ക് താമസിക്കുന്നതിനും ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തേണ്ടതിനാല്‍ മൂന്നു മാസത്തെ അവധി വേണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം. ഫൈസല്‍ കുറച്ചു പണം മുമ്പ് കടമായി വാങ്ങിയിരുന്നു. ഗഡുക്കളായി തന്നുവീട്ടിയിരുന്നുവെങ്കിലും 2,000 റിയാല്‍ ബാക്കിയുണ്ടായിരുന്നു. നാട്ടില്‍ എത്തിയ ശേഷം മിക്ക ദിവസവും വാട്‌സ്ആപിലൂടെ നാട്ടിലെ വിശേഷങ്ങള്‍ പങ്കുവക്കുമായിരുന്നു.

കൊല്ലപ്പെടുന്നതിനു തൊട്ടുതലേ ദിവസം 20-ാം തിയ്യതി റിയാദിലേക്കു വരുമെന്നു പറഞ്ഞ് ഫൈസല്‍ സന്ദേശമയച്ചിരുന്നു. ഫൈസല്‍ നാട്ടില്‍ കൊല്ലപ്പെട്ട വിവരം മൂത്തമകനാണ് ആദ്യം അറിഞ്ഞത്. മകന് നേരിട്ട് പറയാനുള്ള മാനസിക വിഷമം കാരണം പള്ളിയിലെ ഇമാം മുഖേനയാണ് വിവരം ധരിപ്പിച്ചത്. മകനെ പോലെ ഫൈസലിനെ സ്‌നേഹിച്ചിരുന്ന തന്റെ ഭാര്യയോട് സംഭവം അറിയിക്കാന്‍ പോലും ധൈര്യമുണ്ടായില്ല. തന്റെ സഹോദരങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്ന ഫൈസലെന്നും അബ്ദുല്ല അല്‍മുഹാവിസ് പറയുന്നു.

chandrika: