X
    Categories: MoreViews

തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി കുറ്റവാളികളെ വിലക്കാന്‍ മടിക്കുന്നതെന്തിന്…?

 
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും അപരാധികളായ രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കുന്ന കാര്യത്തില്‍ നിലപാടെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇക്കാര്യത്തിലുള്ള മലക്കം മറിച്ചിലിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നിശബ്ദത ഒരു മാര്‍ഗമാണോ എന്നു ചോദിച്ച കോടതി വിലക്കാമെന്നോ, വിലക്കില്ലെന്നോ തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കമ്മീഷന്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള പിന്നാക്കം പോക്കാണ് പുതിയ നിലപാടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ കഴിഞ്ഞ ഏപ്രിലില്‍ ഇതിന് അനുകൂലമായാണ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. എന്നാല്‍ തങ്ങള്‍ നിലപാട് മാറുകയല്ലെന്നും ഇക്കാര്യത്തില്‍ നിലപാടെടുക്കേണ്ടത് നിയമ നിര്‍മാണ സഭകളാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നിയമ നിര്‍മാണ സഭകളാണ് തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷന് തോന്നുന്നുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവുകള്‍ പാസാക്കരുതെന്നും ഈ വിഷയത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

chandrika: