X

ദേശീയപാതയില്‍ കുരുക്കിടുന്ന സര്‍ക്കാറുകള്‍


വി.എം സുധീരന്‍


ദേശീയപാത മുന്‍ഗണന പട്ടികയില്‍നിന്നും കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞതോടെ ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്ന വാക്‌പോരുകള്‍ക്ക് ശമനം ഉണ്ടാകുമെങ്കിലും ദേശീയപാതാവികസനത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയസമീപനങ്ങളിലും നടപടികളിലും കാതലായ മാറ്റം വന്നേ മതിയാകൂ. നമ്മുടെ ചിരകാല അഭിലാഷമായ ദേശീയപാത വികസനം നാം ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ടുപോകാതിരുന്നതിന്റെ ഉത്തരവാദികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ്. സത്യസന്ധമായും നീതിപൂര്‍വമായും പരിശോധന നടത്തിയാല്‍ ഏവര്‍ക്കും അത് മനസ്സിലാകും.
കേന്ദ്ര സര്‍ക്കാരിന് പറ്റിയ പ്രധാന പിഴവ് നയങ്ങളിലും സമീപനങ്ങളിലും നടപടികളിലും യാഥാര്‍ഥ്യബോധമുള്‍ക്കൊണ്ടില്ല എന്നതാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പദ്ധതി തയ്യാറാക്കി മുന്നോട്ടുപോകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും ദേശീയപാത അതോറിറ്റിക്കും വീഴ്ചപറ്റി. കേരളത്തിലെ ജനസാന്ദ്രത, ഉയര്‍ന്ന ഭൂമിവില, റിബണ്‍ ഡെവലപ്‌മെന്റ് രൂപപ്പെട്ടിട്ടുള്ളതിനാല്‍ വന്‍തോതില്‍ കുടിയൊഴിപ്പിക്കേണ്ടിവരുന്ന അവസ്ഥ, പതിനായിരക്കണക്കിന് കടകളും വീടുകളും മറ്റു സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരുന്ന സ്ഥിതിവിശേഷം, ഭൂമിയുടെ ലഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ ഡി. പി.ആര്‍ തയ്യാറാക്കുമ്പോള്‍തന്നെ കേന്ദ്ര സര്‍ക്കാരും ദേശീയപാതാഅതോറിറ്റിയും കണക്കിലെടുക്കേണ്ടതായിരുന്നു. 2013 ലെ ദി റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്റ് ട്രാന്‍സ്‌പെരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് ആക്ട് പ്രകാരം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിന് പകരം 1956 ലെ പൊന്നുംവില നിയമപ്രകാരം നോട്ടിഫിക്കേഷന്‍ ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് ഇരകളുടെ അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഇതിന്റെ ഫലമായി ന്യായവും അര്‍ഹതപ്പെട്ടതുമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും പുനരധിവാസവും ഇല്ലാതായതോടെ വന്‍ ജനപ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു. ദേശീയപാതാവികസനത്തിന്റെ ഡി.പി.ആര്‍ ശരിയായ രീതിയില്‍ തയ്യാറാക്കുന്നതിനും ഫീസിബിലിറ്റി സ്റ്റഡി, സാമൂഹ്യ ആഘാത പഠനം, പരിസ്ഥിതി ആഘാതപഠനം എന്നിവയെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തി നടത്തുന്നതിനുമുമ്പ്തന്നെ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കങ്ങളും നടപടികളും ഉണ്ടായത് ജനകീയ സമരങ്ങള്‍ക്ക് ഇടവരുത്തി. ജനങ്ങളുടെ ഇക്കാര്യത്തിലുള്ള ആവലാതികള്‍ ശരിവെക്കുന്ന രീതിയിലാണ് കഴിഞ്ഞദിവസംവന്ന ഹൈക്കോടതി ഉത്തരവ്. തട്ടിക്കൂട്ടി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ അപാകതകള്‍ രണ്ടു മാസത്തിനകം പരിഹരിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചേര്‍ത്തല തിരുവനന്തപുരം ദേശീയപാതാവികസനത്തിന്റെ ഭാഗമായി തയ്യാറാക്കി എന്ന് പറയുന്ന സാധ്യത പഠന റിപ്പോര്‍ട്ടില്‍ ശരിയായ വസ്തുതകളും കണക്കുകളുമല്ല വ്യക്തമാക്കിയിട്ടുള്ളത് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം വന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ദേശീയപാത അതോറിറ്റിയുടെ ജനവിരുദ്ധ സമീപനവും ബി.ഒ.ടി കമ്പനികളോടുള്ള പ്രീണന നയവുമാണ്. ജനതാല്‍പര്യം മാനിക്കുന്നതിന് പകരം ബി.ഒ.ടി കമ്പനികള്‍ക്ക് എങ്ങനെ കൂടുതല്‍ നേട്ടമുണ്ടാക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റിയുടെ ഓരോ നീക്കവും നടപടിയും. ബി.ഒ.ടി കമ്പനികളോടുള്ള അവരുടെ പ്രതിബദ്ധത മനസ്സിലാക്കാന്‍ പാലിയേക്കര ടോളില്‍ നിന്നും കമ്പനി കൊയ്‌തെടുക്കുന്ന വന്‍ ലാഭം മാത്രം കണക്കാക്കിയാല്‍ മതി. പാലിയേക്കര ടോളില്‍നിന്നും 25.12.2018 വരെ 645.63 കോടി രൂപയാണ് ബി.ഒ.ടി കമ്പനി പിരിച്ചെടുത്തതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നുണ്ട്.
കമ്പനിയുടെ വരവ് സംബന്ധിച്ച് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് ഇപ്രകാരമാണെങ്കില്‍ യഥാര്‍ത്ഥ വരുമാനം എത്രയോ അധികമായിരിക്കും. ഈ പ്രൊജക്ടിന്റെ കരാര്‍ കാലാവധി തീരുമ്പോള്‍ ബി.ഒ.ടി കമ്പനി ചുരുങ്ങിയത് 4461 കോടി രൂപയോളം വരുമാനം ഉണ്ടാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മേധാവി ഡോ. വി.എം ചാക്കോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ശ്രദ്ധേയമാണ്. ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെ 64 കിലോമീറ്റര്‍ വരുന്ന പദ്ധതി കരാറിലെ എസ്റ്റിമേറ്റ് തുക കേവലം 312 കോടി രൂപയായിരുന്നു. എന്നാല്‍ പ്രോജക്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 725.82 കോടി രൂപ ചെലവ് ചെയ്തു എന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് പരിശോധനാവിധേയമാക്കേണ്ടതാണ്. ഇനി കമ്പനിയുടെ അവകാശവാദം സമ്മതിച്ചുകൊടുത്താല്‍ തന്നെയും ഓരോ വര്‍ഷവും ഉണ്ടാകുന്ന വാഹനങ്ങളുടെ വന്‍ വര്‍ധനവും ടോള്‍നിരക്ക് കൂട്ടുന്നതുമനുസരിച്ചും കമ്പനിക്കുണ്ടാക്കുന്ന വമ്പിച്ച അധികവരുമാനം കൂടി പരിഗണിച്ചാല്‍ അവരുടെ കൊള്ള ലാഭത്തിന് കയ്യും കണക്കുമില്ല. ഏത് സാഹചര്യത്തിലായാലും കമ്പനി ഉണ്ടാക്കുന്ന കൊള്ളലാഭം അതിഭീമമായിരിക്കും. ഈ രീതിയിലുള്ള കോര്‍പറേറ്റ് ബി.ഒ.ടി കമ്പനികളുടെ കൊള്ളയടിക്കാണ് കേരള വ്യാപകമായി ദേശീയപാതാഅതോറിറ്റി ലക്ഷ്യമിടുന്നതും സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുന്നതും. ഇത്തരത്തിലുള്ള ഇരുപതോളം ടോള്‍ പ്ലാസകള്‍ക്കാണ് സംസ്ഥാന സര്‍ക്കാരും ദേശീയ പാത അതോറിറ്റിയും അവസരമൊരുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അതീവ ഗൗരവതരമായ വീഴ്ചയാണ് ദേശീയപാതാ വികസനത്തില്‍ വന്നിട്ടുള്ളത്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് സമഗ്രവും നീതിപൂര്‍വവുമായ നഷ്ടപരിഹാര പുനരധിവാസ പാക്കേജ് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. 1956 ലെ പൊന്നുംവില നിയമത്തിനുപകരം 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വിജ്ഞാപനം ചെയ്ത് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം പോലും കേന്ദ്ര സര്‍ക്കാരിനെകൊണ്ട് അംഗീകരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടപോലെ ശ്രമിച്ചില്ല. പ്രധാനമന്ത്രിക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിന് അമിത ആവേശം കാണിച്ച മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടതൊന്നും ചെയ്തില്ല. ജനങ്ങളെകൂടി വിശ്വാസത്തിലെടുത്ത് സത്യസന്ധമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതില്‍ വേണ്ടപോലെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ല. കൃത്യമായ ഫീസിബിലിറ്റി സ്റ്റഡി, സാമൂഹ്യ ആഘാത പഠനം, പരിസ്ഥിതി ആഘാത പഠനം ഇക്കാര്യങ്ങളൊക്കെ നേരെ ചൊവ്വേ നടത്തിക്കുന്നതിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി. നിയമത്തില്‍ പറയുന്ന വ്യവസ്ഥകളൊക്കെ പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാണിച്ചു. ഇരകളുടെ പരാതികള്‍ക്ക് ശരിയായ ഹിയറിങ് നടത്തി തീര്‍പ്പ്കല്‍പ്പിക്കുന്നതിനു പകരം നോട്ടിഫിക്കേഷന്‍വന്ന ഉടനെതന്നെ പൊലീസ് സേനയെ വിന്യസിച്ച് ജനങ്ങളെ അടിച്ചമര്‍ത്തി കാര്യങ്ങള്‍ മുന്നോട്ട്‌നീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചു. പലയിടത്തും ജനങ്ങള്‍ക്ക്‌നേരെ യുദ്ധപ്രഖ്യാപനമാണ് അധികാരികള്‍ നടത്തിയത്. പുനരധിവാസം, യഥാര്‍ത്ഥ നഷ്ടപരിഹാരം എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താനും നീതിഉറപ്പാക്കാനും ശ്രമിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറായില്ല. നിരവധി സ്ഥലങ്ങളില്‍ നിലവിലുണ്ടായിരുന്ന അലൈന്‍മെന്റ്കള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക്‌വേണ്ടി വിചിത്രമായ നിലയില്‍ മാറ്റിമറിച്ചതും വന്‍ ജനരോഷത്തിന് ഇടവരുത്തി. സംസ്ഥാനത്ത് എത്രയോ സ്ഥലങ്ങളിലാണ് അലൈന്‍മെന്റു മാറ്റങ്ങള്‍ക്കെതിരെ ജനകീയസമരം ഉയര്‍ന്നത്. അലൈന്‍മെന്റുകളില്‍ മാറ്റങ്ങള്‍ ഉണ്ടായത് ദേശീയപാത സുഗമമാക്കുന്നതിനോ പദ്ധതി ചെലവ് കുറയ്ക്കുന്നതിനോ അല്ല, മറിച്ച് സ്ഥാപിത താല്‍പര്യക്കാരുടെയും സാമ്പത്തിക ശക്തികളുടെയും സൗകര്യത്തിനും ചൂഷണത്തിനും വേണ്ടിയാണ്.ജനങ്ങള്‍ ന്യായമായ പരാതികള്‍ ഉന്നയിക്കുമ്പോള്‍ നിയമാനുസൃതമായി അതിനൊക്കെ പരിഹാരം ഉണ്ടാക്കേണ്ട സംസ്ഥാന അധികാരികളും ഉദ്യോഗസ്ഥരും നടപടിക്രമങ്ങളൊന്നും പാലിക്കാതെ പൊലീസിനെ ദുരുപയോഗപ്പെടുത്തി ബലപ്രയോഗത്തിലൂടെ നീങ്ങിയത് ജനകീയ ഭരണാധികാരികള്‍ക്ക് തീരാകളങ്കമാണ് ഉണ്ടാക്കിയത്. അന്യായമായ കുടിയിറക്കിനെതിരെ ഇരകളോടൊപ്പംനിന്ന് സമരം ചെയ്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം പകര്‍ന്ന എ.കെ.ജിയുടെ ശൈലിക്ക് പകരം കാലഹരണപ്പെട്ട ജന്മിത്തനാടുവാഴിത്ത രീതി തിരിച്ചുകൊണ്ടുവരുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത്.
കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി എലിവേറ്റഡ് ഹൈവേ സ്ഥാപിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍പോലും അതിനുവേണ്ടി ഫലപ്രദമായി ശിപാര്‍ശ ചെയ്യാതെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിച്ച് പട്ടാള ഭരണത്തെപോലും നാണിപ്പിക്കുന്ന നിലയില്‍ അടിച്ചമര്‍ത്തല്‍ നടപടിയിലൂടെ കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള അതീവ വ്യഗ്രതയുമായി പോകുന്ന സംസ്ഥാന സര്‍ക്കാരിനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി മാറ്റിയതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ വികസനത്തിന്റെ അടിസ്ഥാന തത്വം ജനഹിതവും ജനപങ്കാളിത്തവുമാണ്. അതല്ലാതെ ലാത്തിയും തോക്കുമല്ല. ജനങ്ങളെ അടിച്ചമര്‍ത്തി എന്തും നേടിയെടുക്കാമെന്ന് കരുതുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ് ദേശീയപാത പ്രശ്‌നത്തിലെ മുഖ്യപ്രതികള്‍. ഇനിയെങ്കിലും ബന്ധപ്പെട്ട ജനകീയ സമര സമിതികളുമായി ചര്‍ച്ചചെയ്ത് പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ രമ്യമായ പ്രശ്‌നപരിഹാരത്തിലൂടെ ദേശീയപാത വികസന പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

web desk 1: