X
    Categories: MoreViews

നോട്ടുമാറാന്‍ ഇന്നു മുതല്‍ മഷിയടയാളവും

ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ എത്തുന്നവരുടെ കൈവിരലില്‍ ഇന്നു മുതല്‍ മഷിയടയാളം പതിക്കും. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഒരാള്‍ ഒന്നിലധികം തവണ നോട്ടുകള്‍ മാറിവാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് നപടിയെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതോടെ പരമാവധി 4500 രൂപ മാത്രമേ ഒരാള്‍ക്ക് മാറ്റിവാങ്ങാനാവൂ. നോട്ടുമാറ്റല്‍ തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജനത്തിന്റെയും ബാങ്ക് ജീവനക്കാരുടെയും ദുരിതം ഇരട്ടിപ്പിക്കുന്ന തരത്തില്‍ വിരലില്‍ മഷിയടയാളം പതിപ്പിക്കാനുള്ള തീരുമാനം കൂടി പ്രഖ്യാപിച്ചത്.

നിലവിലെ സാഹചര്യത്തില്‍ തന്നെ മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നാണ് ആളുകള്‍ നോട്ടുകള്‍ മാറ്റിവാങ്ങുന്നത്. മഷിടയാളം പതിക്കല്‍ കൂടി വേണ്ടി വരുന്നതോടെ ഓരോ ഇടപാടും പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം എടുക്കും. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ഉപയോഗിക്കുന്ന മഷിയടയാളം നോട്ടു മാറലിനും ബാധകമാക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുകൈയിലെ ചൂണ്ടു വിരലിലാണ് സാധാരണ മഷിയടയാളം പതിക്കാറ്. യു.പി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് വലതു കൈയിലെ ചൂണ്ടു വിരലിലായിരിക്കും നോട്ടു മാറുമ്പോള്‍ മഷിയടയാളം പതിക്കുക.

തെരഞ്ഞെടുപ്പിന് വിരലില്‍ പതിക്കുന്ന മഷി വിതരണം ചെയ്യുന്ന മൈസൂര്‍ പെയിന്റ്‌സില്‍ നിന്നു തന്നെയാണ് നോട്ടു മാറലിനുള്ള മഷിയും കേന്ദ്രം വാങ്ങുന്നത്. ബാങ്കുകള്‍ക്ക് നല്‍കുന്നതിന് ആവശ്യമായ മഷി സജ്ജമാണെന്ന് മൈസൂര്‍ പെയിന്റ്‌സ് ലിമിറ്റഡ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

chandrika: