X

നോട്ട് പിന്‍വലിക്കല്‍ കൃത്യമായ മുന്നൊരുക്കത്തോടെ; മന്ത്രിമാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

ന്യൂഡല്‍ഹി: കള്ളപ്പണമിടപാടിനു തടയിടാന്‍ സര്‍ക്കാര്‍ നടത്തിയ നോട്ട് അസാധുവാക്കല്‍ നീക്കം കൃത്യമായ മുന്നൊരുക്കത്തോടെയെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയെന്ന അറിയിപ്പ് പുറം ലോകമറിയുന്നത്.

യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രിമാര്‍ യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നോട്ടുകള്‍ അസാധുവാക്കുന്നു എന്ന വാര്‍ത്ത ചാനലുകള്‍ സംപ്രേഷണം ചെയ്ത ശേഷം മാത്രമാണ് കേന്ദ്ര മന്ത്രിമാര്‍ക്ക് യോഗ വേദിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചത്.

ഒരു രീതിയിലും നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന വിവരം പുറം ലോകമറിയരുത് എന്ന ലക്ഷ്യമായിരുന്നു ഈ നീക്കങ്ങള്‍ക്കു പിന്നില്‍. അറിയിപ്പുകളും നിര്‍ദേശങ്ങളും പുറത്തു വരും മുന്‍പ്ആര്‍ബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജാഗരൂകരായിരുന്നു. ഇവരും പുറത്ത് പോയില്ല. ജപ്പാനും ഇന്ത്യയും തമ്മിലുള്ള കരാറുകളുടെ മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനായാണ് മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍ എത്തിയത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നുവെന്ന വിഷയം ചര്‍ച്ചയില്‍ വരുമെന്ന് മുന്‍കൂട്ടി മന്ത്രിമാരെ അറിയിച്ചിരുന്നില്ല. യോഗം തുടങ്ങുന്നതിന് 10 മിനിറ്റ് മുന്‍പു മാത്രമാണ് നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നെന്ന വിവരം രാത്രി എട്ടുമണിയോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. യോഗം 6.45ന് ആരംഭിച്ചെങ്കിലും പ്രധാനമന്ത്രിയുടെ അഭിസംബോധന അവസാനിച്ചതിനുശേഷം ഒന്‍പതുമണിയോടെയാണു മന്ത്രിമാര്‍ക്കു ഹാളില്‍നിന്നു പുറത്തിറങ്ങാനായത്. മന്ത്രിസഭായോഗവും ആര്‍ബിഐ ബോര്‍ഡ് യോഗവും ഒരേ സമയത്തു ചേരുന്നതിനായാണു മന്ത്രിസഭായോഗം വൈകുന്നേരത്തേക്കു മാറ്റിയത്. ആഴ്ചകള്‍ക്കു മുന്‍പേ തന്നെ ക്യാബിനറ്റ് യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഇങ്ങനെ വളരെ കൃത്യമായ മുന്നൊരുക്കത്തോടെയും മാര്‍ഗനിര്‍ദേശത്തോടെയുമാണ് വലിയൊരു സാമ്പത്തിക മാറ്റത്തിനു രാജ്യം ഒരുങ്ങിയ വിവരം പുറംലോകമറിയുന്നത്.

chandrika: