X

പത്രസമ്മേളനം രാത്രി വൈകി; അഖിലേഷിന്റെ വസതിക്ക് മുന്നില്‍ വന്‍ജനക്കൂട്ടം

ലക്‌നൗ: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് പിന്തുണയുമായി വസതിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം. അഖിലേഷിനനുകൂല മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ ശിവ്പാല്‍ യാദവിനെതിരെ മുദ്രാവാക്യം വിളിച്ചു. നൂറിലധികം പാര്‍ട്ടി എംഎല്‍എമാര്‍ അഖിലേഷിന് പിന്തുണയുമായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിട്ടുണ്ട്.

കൂട്ടമായെത്തിയ പ്രവര്‍ത്തകര്‍ മുലായത്തിന്റെ വീടിനു മുന്നില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി. അഖിലേഷിന്റെയും മുലായത്തിന്റെയും വസതികള്‍ക്ക് കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും അഖിലേഷിനെ പുറത്താക്കിയത്. അടുത്ത അനുയായിയും എസ്പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവിനെയും പുറത്താക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പാര്‍ട്ടിക്കതീതമായി പ്രതിച്ഛായയുള്ള അഖിലേഷിന് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനി എന്ത് ചെയ്യാനാവുമെന്നാണ് അണികളും രാഷ്ട്രീയ പ്രതിയോഗികളും ഉറ്റുനോക്കുന്നത്. ഇന്ന് രാത്രി പത്രസമ്മേളനം വിളിച്ച് അഖിലേഷ് രാജി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

നാളെ രാവിലെ 9 മണിക്ക് അഖിലേഷ് അനുയായികളുടെ മീറ്റിങ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ മീറ്റിങിനു ശേഷം പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാവുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്. ഒരുപക്ഷെ രാജി പ്രഖ്യാപനവും ഈ മീറ്റിങിനു ശേഷമാകും. അങ്ങനെവന്നാല്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ മുന്നണിയുടെ പിറവി കൂടിയാകും അത്. കോണ്‍ഗ്രസ്- അഖിലേഷ്- ആര്‍എല്‍ഡി സഖ്യത്തിന്റെ ഉദയമാകും അത്.

അതേസമയം എസ്പിയിലെ പിളര്‍പ്പിനെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു. യുപിയിലെ ഭരണ പ്രതിസന്ധി ജനാധിപത്യത്തിന് ദു:ഖകരമാണെന്നും എന്നാല്‍ എസ്പിയിലെ പിളര്‍പ്പ് അവരുടെ ആഭ്യന്തര കാര്യമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാ പ്രതികരിച്ചു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഉറ്റബന്ധം സൂക്ഷിക്കുന്ന അഖിലേഷിന് പ്രിയങ്ക ഗാന്ധിയുമായും നല്ല ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ജനകീയതയും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവും മുതലെടുക്കാന്‍ മുന്നണിക്കാവും.

chandrika: