X

പശ്ചിമേഷ്യയില്‍ ഇനി റഷ്യയുടെ ഊഴം

ഫലസ്തീന്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ബറാക് ഒബാമ എട്ടു വര്‍ഷത്തിനു ശേഷം അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. പശ്ചിമേഷ്യന്‍ സമാധാന ദൗത്യത്തിന് പ്രത്യേകമായി നിയമിതനായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രണ്ടു വര്‍ഷത്തിനു ശേഷവും മടങ്ങി. പുത്തന്‍ സംഘര്‍ഷങ്ങളുടെ കുരുക്കില്‍പെട്ട അറബ് നാടുകള്‍ അജണ്ടയുടെ ആദ്യ ഇനം എന്ന നിലയില്‍ നിന്ന് ഫലസ്തീനെ മാറ്റി. സിറിയയും യമനും ലിബിയയും ഈജിപ്തും ഇറാഖും അതിലുപരി ഐ.എസ് ഭീകരതയും അവരെ അലട്ടുമ്പോള്‍ ‘ഫലസ്തീന്‍’ പിന്നോട്ടു പോകുക സ്വാഭാവികം. ഇസ്രാഈലിനും അവരെ സഹായിക്കുന്ന ലോബിക്കും ആഹ്ലാദിക്കാന്‍ ഇനി എന്തുവേണം. ഏഴു പതിറ്റാണ്ടോളമായി ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ ജനതയുടെ രോദനം കേള്‍ക്കാന്‍ ഇനി ആരുണ്ട്.

മധ്യ പൗരസ്ത്യ ദേശത്തേക്ക് പുതിയ തന്ത്രങ്ങളുമായി രംഗത്തുവരുന്ന വ്‌ളാദ്മിര്‍ പുടിന്റെ റഷ്യ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയാറെടുക്കുന്നു. പാശ്ചാത്യ നാടുകള്‍ എന്ത് സമീപനം സ്വീകരിക്കും, അതായിരിക്കും ഈ നീക്കത്തിന്റെ ഗതി നിര്‍ണയിക്കുക.
ഫലസ്തീന്‍- ഇസ്രാഈല്‍ ചര്‍ച്ച രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. വെസ്റ്റ് ബങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും അനധികൃത കുടിയേറ്റം ഇസ്രാഈല്‍ അവസാനിപ്പിക്കാതെ ചര്‍ച്ചക്ക് തയാറില്ലെന്ന കടുത്ത നിലപാടിലാണ് ഫലസ്തീന്‍. പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. നിലവിലെ കുടിയേറ്റത്തോട് തന്നെ ലോക സമൂഹത്തിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രാഈല്‍ ഭരണകൂടം അനുമതി നല്‍കുന്നത്. ഇതാണ് സമാധാന ചര്‍ച്ച സ്തംഭിക്കാന്‍ കാരണവും.
ഫലസ്തീന്‍- ഇസ്രാഈല്‍ സമാധാനം തന്റെ ലക്ഷ്യമാണെന്ന് ജോര്‍ജ് ബുഷ് ജൂനിയര്‍ നിരവധി തവണ പ്രഖ്യാപിച്ചതാണ്. പക്ഷേ ഒരു തവണ സമാധാന ചര്‍ച്ചക്ക് അവസരമൊരുക്കിയതൊഴിച്ചാല്‍ ജൂനിയര്‍ ബുഷിന് എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ബറാക്ക് ഒബാമ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വാഗ്ദാനത്തിന്റെ പെരുമഴ സൃഷ്ടിച്ചു. പക്ഷേ രണ്ടാം ടേം പൂര്‍ത്തിയാകുമ്പോള്‍ ഒബാമയും അമേരിക്കയിലെ പ്രബലരായ സയണിസ്റ്റ് ലോബിയുടെ എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങി.

പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതിന് നടന്ന ശ്രമങ്ങള്‍ എല്ലാം തകര്‍ത്തത് ഇസ്രാഈലി ധാര്‍ഷ്ട്യമാണ്. ഇതിനു അമേരിക്കയുടെ പിന്തുണയുമുണ്ടായി. ഇസ്രാഈലിനെ ‘അനുസരിപ്പിക്കാന്‍’ യു.എന്‍ രക്ഷാസമിതി ശ്രമിച്ച ഘട്ടങ്ങളിലെല്ലാം വീറ്റോ ഉപയോഗിച്ച് രക്ഷക്ക് എത്തിയത് അമേരിക്കയാണ്. ഇപ്പോഴും ആ നിലപാടില്‍ മാറ്റമില്ല. ഒബാമയുടെ പ്രഖ്യാപനങ്ങളില്‍ അറബ് ലോകം പ്രതീക്ഷയര്‍പ്പിക്കുന്നു. കറുത്ത വര്‍ഗക്കാരനായ ആദ്യ പ്രസിഡണ്ട് എന്ന നിലയില്‍ പതിവ് ശൈലി മാറി സഞ്ചരിക്കുമെന്നായിരുന്നു അറബ് ലോകം പ്രതീക്ഷിച്ചത്. അവ അസ്ഥാനത്തായി. പശ്ചിമേഷ്യന്‍ സമാധാനത്തിനായി അമേരിക്കയും ബ്രിട്ടണും റഷ്യയും ഐക്യരാഷ്ട്ര സഭയും രൂപം നല്‍കിയ പ്രത്യേക ദൗത്യ സംഘം തലവനായി ടോണി ബ്ലെയറിനെ നിയോഗിച്ചപ്പോള്‍ ലോക സമൂഹം ഉറ്റുനോക്കി. പക്ഷേ അറബ്- ഇസ്രാഈലി നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തിയെങ്കിലും അവരെ ഒന്നിച്ചിരുത്താന്‍ പോലും ബ്ലെയറിനു കഴിഞ്ഞില്ല. മാസങ്ങള്‍ക്കു മുമ്പ് ബ്ലെയര്‍ ദൗത്യം അവസാനിപ്പിച്ചു. മറിച്ച്, ഒബാമ ഭരണ കാലത്ത് ഇസ്രാഈലി ഭരണകൂടം ഫലസ്തീന്‍ മണ്ണില്‍ അഴിഞ്ഞാടി. 2014 ജൂലൈ എട്ടു മുതല്‍ 51 ദിവസം ഗാസ മുനമ്പില്‍ തീ മഴ വര്‍ഷിച്ച ഇസ്രാഈലി പൈശാചികതയില്‍ ജീവന്‍ നഷ്ടമായത് 490 കുട്ടികള്‍ ഉള്‍പ്പെടെ 2200 ഫലസ്തീന്‍കാര്‍ക്കാണ്. പതിനായിരങ്ങള്‍ ഭവന രഹിതരായി. പള്ളികളും പള്ളിക്കൂടങ്ങളും ആസ്പത്രികളും നശിപ്പിക്കപ്പെട്ടു. ‘ഹമാസ്’ നിയന്ത്രിത ഗാസയില്‍ ഇസ്രാഈലി സൈന്യം അഴിഞ്ഞാടിയപ്പോള്‍ മൗനത്തിലായിരുന്നു ലോകത്തെ മിക്ക നേതാക്കളും. ഹമാസിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ ഇസ്രാഈല്‍ പരാജയപ്പെട്ടു. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഇസ്രാഈലിന്റെ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാ സമിതിക്കു കഴിഞ്ഞില്ല. അവിടെയും അമേരിക്കയുടെ ഉടക്ക്. ലോകത്തെ പ്രബല ആയുധ ശക്തിയായ ഇസ്രാഈലിന് ഹമാസ് പോരാളികളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെ ആക്രമണം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഫലസ്തീനില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരായിരുന്നു. എന്നാല്‍ ഇസ്രാഈലിന്റെ നാശം സൈനികര്‍ക്കും. 64 സൈനികര്‍ കൊല്ലപ്പെട്ടു. ഇങ്ങനെയൊരു തിരിച്ചടി അവര്‍ പ്രതീക്ഷിച്ചതല്ല. ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഗാസ ആക്രമണം എത്തിക്കഴിഞ്ഞു. ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കാന്‍ ഇസ്രാഈല്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇതിനു പുറമെ അല്‍ അഖ്‌സക്കുമേല്‍ ഇസ്രാഈലിനു അവകാശമില്ലെന്ന് യുനെസ്‌കോ പ്രമേയവും അവര്‍ക്ക് പ്രഹരമായി.

പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതില്‍ അമേരിക്കയുടെ നിസ്സംഗതാ നിലപാട് മുതലെടുക്കാന്‍ റഷ്യന്‍ നേതൃത്വം മുന്നോട്ടുവരുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവ വികാസം. 2013-14 വര്‍ഷത്തിന് ശേഷം ഫലസ്തീന്‍ – ഇസ്രാഈലി സമാധാന ചര്‍ച്ച നടന്നിട്ടില്ല. പാരീസില്‍ കാലാവസ്ഥാ ഉച്ചകോടി നടന്ന സന്ദര്‍ഭത്തില്‍ റഷ്യ കരുക്കള്‍ നീക്കി. പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാന്‍ അവര്‍ മുന്നോട്ടുവന്നു. മോസ്‌കോയില്‍ അറബ്- ഇസ്രാഈലി നേതാക്കള്‍ ഒന്നിച്ചിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ റഷ്യ വിജയിക്കുമോ എന്ന സംശയമുണ്ട്. അമേരിക്കയും പാശ്ചാത്യ നാടുകളും മധ്യ പൗരസ്ത്യ ദേശത്ത് റഷ്യന്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ ഉത്ക്കണ്ഠാകുലരാണ്. സിറിയയില്‍ ബശാറുല്‍ അസദിന് സൈനിക പിന്തുണ നല്‍കുന്ന റഷ്യ ഇറാനുമായി സൗഹൃദം വളര്‍ത്തുന്നു. കഴിഞ്ഞ അനുഭവങ്ങള്‍ അറബ് നാടുകള്‍ക്ക് റഷ്യയുമായി ബന്ധപ്പെടുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദം യുദ്ധ വേളയില്‍ പ്രയോജനപ്പെട്ടില്ലെന്ന് അറബ് നാടുകള്‍ തിരിച്ചറിയുന്നു.

പ്രവാചകരുടെ ഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീന്‍ വീണ്ടെടുക്കല്‍ അറബ് ലോകത്തിന്റെ അഭിമാന പ്രശ്‌നമാണ്. ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രം ഹിബ്രോണ്‍ ഫലസ്തീനിലാണ്. ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി, മൂസാ നബി, ദാവൂദ് നബി തുടങ്ങിയ നിരവധി പ്രവാചകരുടെ പാദ സ്പര്‍ശമേറ്റ മണ്ണ്. സ്വലാഹുദ്ദീന്‍ അയ്യൂബി കുരിശു യോദ്ധാക്കളില്‍ നിന്ന് മോചിപ്പിച്ച ബൈത്തുല്‍ മുഖദ്ദസ്. ഇവയൊക്കെ അധിനിവേശകരില്‍ നിന്ന് മോചിപ്പിക്കാന്‍ ആരുടെ സഹകരണവും അറബ് സമൂഹം തേടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

chandrika: