X

പാക് പ്രകോപനം തുടരുന്നു: സൈനികനും സ്ത്രീയും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പൂഞ്ച്, രജൗരി ജില്ലകളിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു. 82 എം.എം മോര്‍ട്ടാര്‍ ഷെല്‍, ഓട്ടോമാറ്റിക് വെപ്പണുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. രജൗരി ജില്ലയിലെ ടര്‍ക്കണ്ടിയിലുണ്ടായ ആക്രമണത്തിലാണ് സൈനികനും സിവിലിയനും കൊല്ലപ്പെട്ടത്. റുബീന കൗസര്‍ (50) ആണ് കൊല്ലപ്പെട്ട സിവിലിയനെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

സെപ്തംബര്‍ 29ന് സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ മിന്നലാക്രമണത്തിനു ശേഷമാണ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ വര്‍ധിച്ചത്. ഒക്ടോബര്‍ 23 നുശേഷം ഇത് കൂടുതല്‍ തീവ്രമായി. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം പാക് വെടിവെപ്പില്‍ എട്ട് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 15ലധികം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ബി.എസ്.എഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

chandrika: