X

പൊലിഞ്ഞുപോയ പ്രകാശഗോപുരം

പ്രസിദ്ധ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ വിടവാങ്ങിയിരിക്കുന്നു. കലഹവും കാലുഷ്യവും നിറഞ്ഞ സമകാലിക പരിസരങ്ങളില്‍ കുലീനതയിലൂന്നിയ മതപ്രബോധനത്തിന് കര്‍മപഥം കണ്ടെത്തിയ സാത്വിക പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തിലൂടെ മുസ്‌ലിം സമുദായത്തിന് നഷ്ടമായിരിക്കുന്നത്. ആറരപ്പതിറ്റാണ്ടിലേറെക്കാലം അറിവ് പകര്‍ന്നും പങ്കുവച്ചും ജീവിത സപര്യയെ പ്രശോഭിതമാക്കിയ ആ അതുല്യ പണ്ഡിതന്‍ ഇനി ജനമനസ്സില്‍. പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും അതിന്റെ പവിത്രതയില്‍ പ്രോജ്ജ്വലമാക്കിയാണ് മുഹമ്മദ് മുസ്‌ലിയാരെന്ന പ്രകാശം പൊലിഞ്ഞുപോയത്. അല്‍പ്പകാലത്തെ അധ്യക്ഷ പദവിയില്‍ അതിവിശിഷ്ടമായ നേതൃത്വത്തിന്റെ അനുകരണീയ മാതൃകകള്‍ അദ്ദേഹം സൃഷ്ടിച്ചു.

പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാരെന്നാണ് ഇസ്‌ലാമിക പാഠം. ദൈവിക സന്ദേശങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ അതിന്റെ സാരാംശങ്ങളിലൂടെ ജീവിച്ചവരാണ് പ്രവാചകന്മാര്‍. ഇരുളടഞ്ഞ ഊടുവഴികളിലെല്ലാം നിത്യവെളിച്ചത്തിന്റെ വിളക്കുതിരികള്‍ കൊളുത്തിവച്ചവരാണവര്‍. അന്ത്യപ്രവാചകനു ശേഷം ഈ ദൗത്യം നിര്‍വഹിക്കപ്പെടുന്നത് പണ്ഡിതന്മാരാണ്. പ്രതിസന്ധികളുടെ വൈതരണികളെ വകഞ്ഞുമാറ്റി സത്യപാന്ഥാവ് പടുത്തുയര്‍ത്തിയ പ്രവാചകന്മാരുടെ പാതയാണ് പണ്ഡിതന്മാര്‍ പിന്തുടരുന്നത്. സ്വാര്‍ത്ഥതയും സമ്പന്നതയും സുഖലോലുപതയും ആഗ്രഹിക്കാതെയാണ് ദൈവ ദൂതന്മാര്‍ സ്രഷ്ടാവിലേക്ക് അതിരുകളില്ലാത്ത സാമീപ്യമുണ്ടാക്കിയത്. അഭൗമികരായ പണ്ഡിതന്മാര്‍ അവരുടെ ജീവിതം കടഞ്ഞെടുക്കുന്നത് ഇത്തരം പാഠങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ നിന്നു കേരള മുസ്‌ലിംകളുടെ ഹൃദയാന്തരങ്ങളില്‍ അറിവിന്റെയും ആര്‍ദ്രതയുടെയും അക്ഷരപാഠങ്ങള്‍ കൊത്തിവച്ച അമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഇത്തരം ഗണത്തിലെ നിസ്തുലനായ പണ്ഡിതനായിരുന്നുവെന്ന് നിസ്സംശയം പറയാം.

പറഞ്ഞുകൊടുക്കാന്‍ മാത്രമുള്ളതായിരുന്നില്ല മുഹമ്മദ് മുസ്്‌ലിയാര്‍ക്ക് പാണ്ഡിത്യം. പകര്‍ന്നുകൊടുക്കുക എന്ന ഉദാത്തമായ ലക്ഷ്യംകൂടി അദ്ദേഹം മരണം വരെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പഠിച്ചതെല്ലാം ജീവിത പതിവാക്കുകയും അത് ശിഷ്യഗണങ്ങളില്‍ ശീലമായി കാണണമെന്ന് ശഠിക്കുകയും ചെയ്തു. മാര്‍ഗദര്‍ശികളായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ ജീവിതത്തില്‍ നിന്നാണ് മുഹമ്മദ് മുസ്‌ലിയാര്‍ ഇതു സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിച്ചത്. അതുകൊണ്ടുതന്നെയാണ് ആരും കൊതിക്കുന്ന ആദരവ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരുന്നത്.

കേരളത്തിലെ ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരില്‍ പലരുടെയും ഗുരുവര്യരായിരുന്നിട്ടും അതിന്റെ ലാഞ്ചന തെല്ലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെവിടെയും നിഴലിച്ചുകണ്ടില്ല. ആരവങ്ങളുടെയും ഒച്ചപ്പാടുകളുടെയും കാലത്ത് പത്രാസുകള്‍ മോഹിക്കാതെ ജീവിച്ചു എന്നതാണ് മുഹമ്മദ് മുസ്‌ലിയാരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സമസ്തയുടെ പ്രസിഡന്റ് പദവിയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വൈസ് പ്രിന്‍സിപ്പല്‍ പദവിയും പെരുമ നടിക്കാനായി എവിടെയും ഉപയോഗപ്പെടുത്തിയില്ല. അനാവശ്യമായി നോക്കോ വാക്കോ ഉപയോഗിക്കാതെ എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പാലിച്ചുള്ള ഇത്തരം ജീവിതങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ‘കാരുണ്യവാനായ അല്ലാഹുവിന്റെ ദാസന്മാര്‍ വിനയാന്വിതരായി ഭൂമിയില്‍ സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് അഭിമുഖ സംഭാഷണം നടത്തിയാല്‍ സമാധാനപൂര്‍വം പ്രതികരിക്കുന്നവരുമാകുന്നു’ എന്ന ഖുര്‍ആനിക അധ്യാപനത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. യഥാര്‍ഥ പണ്ഡിതന്റെ കടമയെന്തെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാനാണ് ദര്‍സ് പഠനകാലംതൊട്ടേ അദ്ദേഹം ശീലിച്ചുവന്നത്. സുഖസൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും അളവറ്റതരത്തിലുണ്ടായിട്ടും ആഢംബരങ്ങളില്‍ നിന്ന് അകന്നു നിന്ന വിനയത്തിന്റെ പ്രതീകമായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍.

അറിവിന്റെ തെളിമയാര്‍ന്ന വഴികളില്‍ തനിക്കു മുന്നിലെത്തിയ ജനങ്ങളെ സത്യമതത്തിന്റെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹം പഠിപ്പിച്ചത്. കൃത്യമായ ചിട്ടകളും കണിശമായ നിലപാടുകളും കൊണ്ട് മുഹമ്മദ് മുസ്‌ലിയാര്‍ പടുത്തുയര്‍ത്തിയ ജീവിതരീതി പണ്ഡിതന്മാര്‍ക്കു പോലും പാഠമാണ്. മുസ്‌ലിം ലോകം കല്ലും മുള്ളും നിറഞ്ഞ കനല്‍പഥങ്ങളിലൂടെ കടന്നുപോകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പക്വമതികളായ പണ്ഡിതന്മാരുടെ വിയോഗം വലിയ വിടവാണുണ്ടാക്കുക. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും വിടവാങ്ങിയതിന്റെ വേദന തീരുംമുമ്പാണ് സമസ്തയുടെ നേതൃനിരയില്‍ നിന്ന് ഒരു പണ്ഡിതന്‍കൂടി പോയ്മറയുന്നത്.

പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമെന്നാണ് ആപ്തവാക്യം. സമുദായ നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ സ്തുത്യര്‍ഹമായ ഇടം രേഖപ്പെടുത്തിയവരാണ് കേരളത്തിലെ മണ്‍മറഞ്ഞ മഹാപണ്ഡിതന്മാര്‍. മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതവും സേവനങ്ങളും എക്കാലവും സ്മരിക്കപ്പെടുക തന്നെ ചെയ്യും.

മുസ്‌ലിം സമൂഹത്തിന്റെ അന്തസ്സും ആത്മാഭിമാനവും നിലനിര്‍ത്താന്‍ നിഷ്‌കളങ്കരായ സമുദായ നേതാക്കളുടെ സേവനം അനിവാര്യമായ സമയമാണിത്. ആരും ആര്‍ക്കും പകരമാവില്ലെങ്കിലും ഇത്തരം ശൂന്യതകളുടെ ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു വഴികാണിക്കുന്ന മഹാപണ്ഡിതന്മാര്‍ അവതരിക്കേണ്ടതുണ്ട്. എ.പി മുഹമ്മദ് മുസ്‌ലിയാരുടെ വേര്‍പാടിന്റെ വേദനയില്‍ വ്യസനിക്കുന്നവരുടെ സന്താപത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് സമുദായ സമുദ്ധാരണത്തിന് നേതൃത്വം നല്‍കാന്‍ നിഷ്‌കാമ കര്‍മികളായ പണ്ഡിതന്മാര്‍ ഇനിയും ഉയര്‍ന്നുവരട്ടെ എന്നു പ്രാര്‍ഥിക്കാം.

chandrika: