X

വര്‍ധ തകര്‍ത്ത ചെന്നൈയില്‍ ഇംഗ്ലണ്ടിനെ തൂത്തെറിയാന്‍ ഇന്ത്യ

ചെന്നൈ :ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക് സ്‌റ്റേഡിയത്തില്‍ തുടക്കമാവും. തമിഴ് നാട്ടിലുണ്ടായ വര്‍ധ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേടുപാടുകളുണ്ടായ സ്‌റ്റേഡിയം അറ്റകുറ്റപ്പണികള്‍ ചെയ്ത് മത്സര യോഗ്യമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ മൈതാനത്തിനോ, പിച്ചിനോ ഒന്നും സംഭവിച്ചിട്ടില്ല. ചുഴലി മുന്‍കൂട്ടി കണ്ട് പിച്ചിനു പൂര്‍ണ സംരക്ഷണ കവചമൊരുക്കിയിരുന്നു. എന്നാല്‍, മൈതാനത്തിലെ പവിലിയന്‍ എന്‍ഡിലെ സൈറ്റ് സ്‌ക്രീന്‍ കാറ്റിന്റെ ശക്തിയില്‍ വീണു. ഇതു പുനഃസ്ഥാപിക്കാനുള്ള ജോലി ആരംഭിച്ചിട്ടു ഫ്‌ളെഡ്‌ലൈറ്റുകള്‍ സജ്ജമാക്കാനുള്ള ജോലികളും പുരോഗമിക്കുന്നു.

കൂടാതെ ഗാലറിയിലെ താല്‍ക്കാലിക കസേരകള്‍ ചുഴലിക്കാറ്റില്‍ ചിതറിത്തെറിച്ചിരുന്നു. പരമ്പരയില്‍ 3-0ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് മുഖ്യ പേസറായ ജയിംസ് ആന്‍ഡേഴ്‌സണിന്റെ പിന്‍മാറ്റം കനത്ത തിരിച്ചടിയാണ്. ചുമലിന് ശസ്ത്രക്രിയ നടത്തി ഏറെ നാള്‍ വിട്ടു നിന്ന ശേഷം വിശാഖപട്ടണം ടെസ്റ്റില്‍ തിരിച്ചെത്തിയ ആന്‍ഡേഴ്‌സണ് അസുഖം മൂലം വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചതായി ക്യാപ്റ്റന്‍ കുക്ക് അറിയിച്ചു. അതേ സമയം ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ മത്സരം വിജയിച്ചുവെന്ന റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരമാണ് ചെന്നൈയില്‍ ഇന്ത്യക്കുള്ളത്.

2013ല്‍ ഓസീസിനെതിരെ നാല് ടെസ്റ്റുകള്‍ വിജയിച്ചതാണ് നിലവിലെ ഇന്ത്യന്‍ റെക്കോര്‍ഡ്. മത്സരം സമനിലയില്‍ ആയാല്‍ പോലും ഇന്ത്യ മറ്റൊരു റെക്കോര്‍ഡിന് അര്‍ഹരാവും. 18 ടെസ്റ്റുകളില്‍ തോല്‍വിയറിയാത്ത റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 84 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ടീമും ഇതു വരെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. വിവാഹ ശേഷം ടീമിനൊപ്പം ചേര്‍ന്ന ഇഷാന്ത് ശര്‍മയ്ക്കു അവസരം നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഭുവനേശ്വര്‍ കുമാറിനു പകരം ഇശാന്തിനെ കളിപ്പിച്ചേക്കുമെന്നാണ് സൂചന. അതേ സമയം ഇംഗ്ലണ്ട് നിരയില്‍ ഇടം കയ്യന്‍ സ്പിന്നര്‍ ലിയാം ഡോസണ്‍ അരങ്ങേറ്റം കുറിച്ചേക്കും. എന്നാല്‍ പരിക്കേറ്റ സ്റ്റ്യൂവര്‍ട്ട് ബ്രോഡിന്റെ കാര്യം ഉറപ്പില്ല. സ്റ്റ്യൂവര്‍ട്ട് ബ്രോഡ് കളിക്കാത്ത പക്ഷം ക്രിസ് വോക്‌സിനു അവസരം ലഭിക്കും. വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂടിയിട്ട ചെന്നൈയിലെ പിച്ച് ഏതു തരത്തിലായിരിക്കും ബൗളര്‍മാരെ സഹായിക്കുക എന്ന കാര്യം അവ്യക്തമാണ്. അന്തരീക്ഷ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ അനുകൂലമാവുമെന്നാണ് കരുതുന്നത്. അശ്വിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ പിച്ച് പൊതുവെ സ്പിന്നിനെ തുണക്കുന്നതായതിനാല്‍ ഇംഗ്ലീഷ് ടീമിന് ഇക്കാര്യത്തില്‍ ആധി കൂടുതലാണ്.

ചെന്നൈയില്‍ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളില്‍ വിജയിക്കുകയും നാലെണ്ണത്തില്‍ ഇന്ത്യയോട് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഇന്ത്യയാവട്ടെ ചെപ്പോക്കില്‍ കളിച്ച 31 ടെസ്റ്റുകളില്‍ 13 എണ്ണവും വിജയിച്ചിട്ടുണ്ട്. പരമ്പരയില്‍ ഇതിനോടകം 640 റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 135 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാവും. 1971ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍ എടുത്ത 774 റണ്‍സാണ് ഒരു പരമ്പരയില്‍ ഇന്ത്യക്കാരന്‍ നേടിയ ഏറ്റവും കൂടിയ റണ്‍സ്. 27 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിന് ഒമ്പത് വിക്കറ്റുകള്‍ കൂടി നേടാനായാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാവും.

chandrika: