X
    Categories: MoreViews

പ്രസവാനുകൂല്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: സ്ത്രീ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന മെറ്റേണിറ്റി ഭേദഗതി ബില്‍ 2016 ലോക്‌സഭ പാസാക്കി.

ഇന്നലെ ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലാണ് ബില്ലിന് ശബ്ദ വോട്ടോടെ സഭ അംഗീകാരം നല്‍കിയത്. രാജ്യസഭ നേരത്തെതന്നെ ബില്‍ പാസാക്കിയിരുന്നു.
ഗര്‍ഭം അലസിപ്പിക്കല്‍, ടെര്‍മിനേഷന്‍ എന്നിവക്ക് ആറാഴ്ച വരേയും ഗര്‍ഭകാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു മാസം വരേയും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. പ്രസവാവധിയും അനുബന്ധ അനൂകൂല്യങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാക്കണമെന്ന് ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ സ്ത്രീ തൊഴിലാളികളില്‍ 90 ശതമാനവും അംസഘിടത മേഖലയിലുള്ളവരാണെന്നും അവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും കേരളത്തില്‍നിന്നുള്ള എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
അവരെക്കൂടി പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പ്രസവാനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കുട്ടികള്‍ രണ്ടില്‍ കൂടുതലാവാന്‍ പാടില്ല എന്ന നിബന്ധന പിന്‍വലിക്കണമെന്നും ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 14ന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
അനൗപചാരിക മേഖലകളിലെ തൊഴിലാളികള്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്ക് തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പല ഗുണഫലങ്ങളും ലഭിക്കുന്നില്ലെന്നും മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ശമ്പള വിവേചനം ഉള്‍പ്പെടെ ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്ര നിയമപരിഷ്‌കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ മേഖല, അസംഘടിത തൊഴിലാളികള്‍ എന്നിവരെക്കൂടി പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജെ. ഡി. യു അംഗം കുശലേന്ദ്ര കുമാര്‍, ഐ.എന്‍.എല്‍.ഡി അംഗം ദുശ്യന്ത് ചൗത്താല എന്നിവരും ആവശ്യപ്പെട്ടു.
അതേസമയം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ല എന്ന നിബന്ധന എടുത്തു കളയുന്നതിനെ ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തു.

chandrika: