X

ഫാസിസത്തിനെതിരെ ബഹുജന പ്രതിരോധനിര ഉയരണം: പി.വി അബ്ദുല്‍ വഹാബ് എം.പി

 
രാജ്യത്ത് ശക്തിപ്രാപിക്കുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ദളിത്, മുസ് ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിപ്പിച്ച് ബഹുജന പ്രതിരോധ നിര തീര്‍ത്ത് സംഘപരിവാരശക്തികളെ നേരിടണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഭരണകൂടവും പൗരാവകാശവും സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുശത്രുവിനെതിരെ ഒന്നിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ചെറുവിഭാഗമാണ് മതത്തിന്റെയും അധികാരത്തിന്റെയും പേരില്‍ അക്രമം നടത്തുന്നത്. അവരെ നേരിടാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മയിലൂടെ സാധ്യമാണ്. സമൂഹത്തില്‍ ഭയം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി പണവും അധികാരവും ഉപയോഗിച്ച് പാര്‍ട്ടികളെ പോലും സ്വാധീനിക്കുകയാണ്. ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കണം. പേരു പോലും ഭീഷണിയാവുന്ന ഇക്കാലത്ത് നിസ്സംഗതയോടെ പ്രശ്‌നങ്ങളെ സമീപിക്കുന്നത് ശരിയല്ല. ഭയമല്ല, പകരം പൊതുശത്രുവിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ എല്ലാവിഭാഗങ്ങളെയും രംഗത്തിറക്കുകയാണ് വേണ്ടതെന്നും വഹാബ് പറഞ്ഞു. സെന്‍കുമാറിനെ മനസിലാക്കിയതില്‍ പൊതുരംഗത്തിന് തെറ്റുപറ്റി. സംഘപരിവാരത്തിലെ പലരില്‍ ഒരാളാണ് അദ്ദേഹമെന്ന് ഇപ്പോള്‍ വെളിച്ചത്തായെന്നും ഇത്തരം ആള്‍ക്കാരാണ് ഭരണരംഗത്തെ പ്രമുഖ സ്ഥാനങ്ങളിലെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും വഹാബ് പറഞ്ഞു.

chandrika: