X

മല്യയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപ വായ്പയെടുത്ത ശേഷം മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. കോടതി വിധിയുണ്ടായിട്ടും മല്യ അക്കൗണ്ടില്‍ നിന്നും മക്കളുടെ പേരില്‍ നാല് കോടി രൂപ മാറ്റിയെന്ന കേസിലാണ് വിധി പറയുക. കേസില്‍ മല്യ കുറ്റക്കാരനാണെന്നു ജസ്റ്റീസ് ആദര്‍ശ് കെ. ഗോയല്‍ അധ്യക്ഷനായ ബഞ്ച് കണ്ടെത്തിയിരുന്നു. വിധി പ്രഖ്യാപനത്തിനു മുന്‍പു മല്യ കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും സുപ്രിം കോടതി വിധിച്ചിരുന്നു. മല്യയ്‌ക്കെതിരെ ബാങ്കുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. സ്വത്തുക്കള്‍ കോടതിയുടെ ഉത്തരവില്ലാതെ കൈമാറിയെന്ന പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
കേസിനെ തുടര്‍ന്ന് മല്യ ബ്രിട്ടനിലേക്ക് കുടിയേറിയിരുന്നു. കേസുകളില്‍ പ്രതിയായ മല്യയെ വിട്ടുകിട്ടണമെന്നു കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ആസ്തികള്‍ വെളിപ്പെടുത്തുന്നതില്‍ മല്യ വീഴ്ച വരുത്തിയതായും കോടതി കണ്ടെത്തിയിരുന്നു.
വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് നാടുവിട്ട മല്യയ്‌ക്കെതിരെ സിബിഐ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കിങ്ഫിഷര്‍ സ്ഥാപനങ്ങളുടെ ഉടമയായ മല്യയ്ക്ക് വിവിധ ബാങ്കുകളിലായി 9400 കോടി രൂപ കടം നില്‍ക്കുമ്പോഴാണ് ലണ്ടനിലേക്ക് പാലായനം ചെയ്തത്.

chandrika: