X

ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്ന് കാല്‍നൂറ്റാണ്ട്: മുസ്ലിം ലീഗ് ഭീകര-വര്‍ഗീയ വിരുദ്ധ ദിനം വിജയിപ്പിക്കുക: ഹൈദരലി തങ്ങള്‍

Sayed Hyderali Shihab Thangal

കോഴിക്കോട്: രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേദനക്ക് ഇന്ന് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ മുസ്‌ലിംലീഗ് ആചരിക്കുന്ന ഭീകര-വര്‍ഗീയ വിരുദ്ധ ദിനാചരണം വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ നീതി-ന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകര്‍ത്തവരെ നിയമത്തിന് മുമ്പില്‍ നിര്‍ത്താനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും കാലതാമസമുണ്ടായെങ്കിലും നിരാശക്ക് വകയില്ല.
തുല്ല്യനീതി ഉറപ്പാക്കുന്ന സുശക്തമായ ഭരണഘടന ഉള്ളിടത്തോളം നീതി പുലരുകതന്നെ ചെയ്യും. മതേതര-ജനാധിപത്യ വിശ്വാസികളുടെ ഹൃദയ നൊമ്പരത്തെ സംയമനത്തോടെ പ്രാര്‍ത്ഥനാ പൂര്‍വ്വമാണ് അനുസ്മരിക്കേണ്ടത്. രാജ്യത്തെ മഹാഭൂരിപക്ഷവും തള്ളിപ്പറഞ്ഞ ഹീന കൃത്യത്തെ അതിന്റേതായ അര്‍ത്തത്തില്‍ ചര്‍ച്ചക്കെടുക്കണം.
രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കീരിക-വൈജ്ഞാനിക-കലാ-സാഹിത്യ രംഗത്തെ പ്രമുകരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ കൂട്ടായ്മകള്‍ എല്ലാ പഞ്ചായത്ത് മുനിസിപ്പല്‍ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കണം. മസ്ജിദുകളെ സഹവര്‍ത്തിത്വത്തിന്റെ വേദിയാക്കി മാതൃക കാണിക്കേണ്ട ഉത്തമ സമുദായം കാലുഷ്യത്തിന്റെ വഴിയിലേക്ക് തിരിയുന്ന ഒരു ചിന്തപോലും ഉണ്ടാവരുത്.
ആരാധനാലയങ്ങളെ ശാന്തിയുടെ കേന്ദ്രങ്ങളാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. വര്‍ഗീയ-ഭീകര പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കാന്‍ ബാബരി മസ്ജിദിന്റെ ഓര്‍മ്മ ദിനം പ്രതിജ്ഞ പുതുക്കണമെന്നും ഹൈദരലി തങ്ങള്‍ ആഹ്വാനം ചെയ്തു.

 

chandrika: