X

ബി.ജെ.പിയില്‍ ഭിന്നത; ഗൃഹപാഠം നടത്തിയില്ലെന്ന് ഒരുപക്ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തില്‍ ബി.ജെ.പിയില്‍ അസ്വസ്ഥത. ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി രംഗത്തുവന്നു. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് നോട്ടു പിന്‍വലിച്ചത് എന്നാണ് വിമര്‍ശനം. പാര്‍ട്ടി എം.പിമാരുടെ രണ്ട് യോഗങ്ങള്‍ മാറ്റിവെക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് ഈ സംശയം ബലപ്പെടുത്തുന്നു.

നേരത്തെ, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിന്‍ഹ പരസ്യമായി രംഗത്തുവന്നിരുന്നു. ‘സ്‌ട്രൈക്കിനൊരുങ്ങുമ്പോള്‍, അതിനു ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമായിരുന്നു. ഉദ്ദേശ്യം നല്ലതാണെങ്കിലും നമ്മുടെ ടീം ആവശ്യമായ മുന്നൊരുക്കം നടത്തിയില്ല’- എന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം. സിന്‍ഹയെ കൂടാതെ, അരുണ്‍ ഷൂരി, സുബ്രഹ്മണ്യം സ്വാമി തുടങ്ങിയവരും പ്രഖ്യാപനത്തെ പ്രത്യക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. നിലവിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന് മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, ശക്തമായ ജനരോഷത്തിന്റെ സാഹചര്യത്തില്‍ സ്വന്തം എം.പിമാര്‍ യോഗം ചേരുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വം നീട്ടിവെച്ചിരിക്കുകയാണ്. ബുധനാഴ്ചയും വെള്ളിയാഴ്ചയും നടക്കേണ്ടിയിരുന്ന യോഗങ്ങളാണ് കാരണം കാണിക്കാതെ മാറ്റിയത്. ബുധനാഴ്ച പാര്‍ലമെന്റ് സെഷന്‍ തുടങ്ങുന്നതിനു മുമ്പത്തെ യോഗത്തില്‍, നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച വിശദീകരണം ഉണ്ടാകുമെന്ന് എം.പിമാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം യോഗം മാറ്റിവെച്ച അറിയിപ്പാണ് ലഭിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് തീരുമാനിച്ച വെള്ളിയാഴ്ചത്തെ യോഗവും കാരണം വ്യക്തമാക്കാതെ നീട്ടിവെക്കുകയായിരുന്നു.

ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നുള്ള എം.പി വിത്തല്‍ റഡാഡിയ അടക്കം സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീരുമാനത്തില്‍ അതൃപ്തിയുള്ള സ്വന്തം എം.പിമാര്‍ക്ക് ഒന്നിച്ചിരിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് നേതൃത്വം ചെയ്യുന്നത്.

chandrika: