X

ബോള്‍ട്ട് അങ്ങനെ ചെയ്യുമോ

 

ലണ്ടന്‍: അങ്ങനെ ചെയ്യുമോ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഒരാള്‍…? ലോകം കണ്ട ഏറ്റവും മികച്ച അത്‌ലറ്റ് മാത്രമല്ല ജമൈക്കക്കാരന്‍-ഒളിംപിക്‌സ് ചരിത്രത്തിലെ ഇതിഹാസം. എല്ലാവരോടും പോസിറ്റിവായി മാത്രം പ്രതികരിക്കുന്ന കായികതാരം. അങ്ങനെ ഒരാള്‍ വളര്‍ന്നുവരുന്ന ഒരു താരത്തിന്റെ വഴിയില്‍ മണ്ണിടുമോ…? ട്രാക്കില്‍ ബോള്‍ട്ടിന് സമീപകാലത്തുണ്ടായ വലിയ വെല്ലുവിളി എന്ന് പറയുന്നത് കാനഡയില്‍ നിന്നുള്ള യുവതാരം ആന്ദ്രെ ഡി ഗ്രാസെയാണ്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ 200 മീറ്ററില്‍ മിന്നും പ്രകടനം നടത്തിയ ഡിഗ്രാസെക്ക് ഇന്നലെ രാത്രി നടന്ന മൊണോക്കോ ഡയമണ്ട് ലീഗ് മീറ്റിലെ 100 മീറ്ററില്‍ പങ്കെടുക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്നു. അടുത്ത മാസം ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി എല്ലാ താരങ്ങള്‍ക്കും അവസാന പരിശീലന ചാമ്പ്യന്‍ഷിപ്പ്. ബോള്‍ട്ട് ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്ത മീറ്റ്. എന്നാല്‍ ആ മീറ്റില്‍ ഡിഗ്രാസെ ഉണ്ടായിരുന്നു-സ്പ്രിന്റ് റിലേയില്‍. അതിന് കാരണം തേടിയപ്പോഴാണ് കനേഡിയന്‍ താരത്തിന്റെ പരിശീലകന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മോണോക്കോ മീറ്റില്‍ ഡിഗ്രാസെ പാടില്ലെന്ന് ബോള്‍ട്ട് സംഘാടകരോട് പറഞ്ഞത്രെ.. ഈ ആരോപണം ഉന്നയിക്കുന്നത് ചില്ലറക്കാരനല്ല-ഡിഗ്രാസെയുടെ പരിശീലകന്‍ സ്റ്റിയൂവര്‍ട്ട് മക്മിലനാണ്.
ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടത്തപ്പെടുന്ന ഡയമണ്ട് മീറ്റിന്റെ 100 മീറ്ററില്‍ ഡിഗ്രാസെ പാടില്ലെന്ന കര്‍ക്കശ നിലപാട് ബോള്‍ട്ട് സ്വീകരിക്കുകയും സംഘാടകര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും ചെയ്തുവെന്നാണ് കോച്ചിന്റെ പരാതി. ബോള്‍ട്ടിനെ പോലെ ഒരു താരത്തിന് ട്രാക്കില്‍ തനിക്കൊപ്പം ആരെല്ലാം മല്‍സരിക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് ട്രാക്ക്. അതിനാല്‍ അദ്ദേഹത്തെ കുറ്റം പറയുന്നില്ല. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് അനാവശ്യ സമ്മര്‍ദ്ദം എന്തിനാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടെങ്കില്‍ അതിനെ കുറ്റം പറയാനും താനില്ലെന്നാണ് കോച്ച് പറയുന്നത്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ബോള്‍ട്ടിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ഒരു തരത്തിലും മല്‍സര നടത്തിപ്പിന്റെ കാര്യത്തില്‍ ഇടപെടാറില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഓഫീസ് വിശദീകരിക്കുന്നത്. സീസണില്‍ 100 മീറ്ററിലെ മികച്ച സമയം ഡിഗ്രാസിന്റേതാണ്. കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോമില്‍ നടന്ന മീറ്റില്‍ 9.69 സെക്കന്‍ഡിന് യുവതാരം ഫിനിഷ് ചെയ്തിരുന്നു. അതേസമയം 30 കാരനായ ബോള്‍ട്ടിന്റെ സീസണിലെ മികച്ച സമയം 10.03 സെക്കന്‍ഡാണ്.

chandrika: