X

ലുക്കാക്കു വീണ്ടും: സിറ്റിയെ വീഴ്ത്തി യുനൈറ്റഡ്

ഹൂസ്റ്റണ്‍: റൊമേലു ലുക്കാക്ക എന്ന ബെല്‍ജിയന്‍ താരത്തെക്കുറിച്ച് ക്ലബ് ഫുട്‌ബോളിലെ വലിയ പരാതി ഇതാണ്-പ്രതിയോഗികള്‍ കരുത്തരാണെങ്കില്‍ ലുക്കാക്കു ഗോളടി മറക്കും…. പക്ഷേ അത്തരമൊരു പരാതിയില്‍ കഴമ്പില്ലെന്ന് തെളിയിച്ച് ലുക്കാക്കു ഇന്നലെ ചലിപ്പിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിക്കാരുടെ വല…! ഇവിടെ നടക്കുന്ന ഇന്റര്‍നാഷണല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്നലെ മാഞ്ചസ്റ്ററിലെ രണ്ട് പ്രബലര്‍- ഹൗസേ മോറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും പെപ് ഗുര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടിയപ്പോള്‍ തിളങ്ങിയത് ലുക്കാക്കു. മോറിഞ്ഞോ ഈ സീസണില്‍ വലിയ വിലക്ക് വാങ്ങിയ എവര്‍ട്ടണ്‍ താരം പുതിയ തട്ടകത്തില്‍ കളിച്ച രണ്ട് മല്‍സരത്തിലും ഗോള്‍ നേടി എന്നതും ശ്രദ്ധേയം.
ഹൂസ്റ്റണില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബി കാണാന്‍ സ്‌റ്റേഡിയം നിറയെ കാണികളായിരുന്നു. മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ലുക്കാക്കുവിന്റെ അവസരോചിത ഗോള്‍. സിറ്റി ഡിഫന്‍സിന്റെ പിഴവില്‍ ലഭിച്ച പന്തുമായി അതിവേഗതയില്‍ ഓടികയറിയ ലുക്കാക്കു ഗോള്‍ക്കീപ്പറെയും നിസ്സഹയനാക്കി പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. രണ്ട് മിനുട്ടിന് ശേഷം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ടാം ഗോളും നേടിയതോടെ സിറ്റിക്കാര്‍ ഞെട്ടി. ഗുര്‍ഡിയോളയുടെ ടീം സീസണില്‍ ആദ്യമായി കളിക്കുന്ന മല്‍സരമായതിനാല്‍ ഒത്തിണക്കത്തില്‍ പിറകിലായിരുന്നു.
ലുക്കാക്കുവിന്റെ മികവില്‍ സംശയങ്ങളില്ലെന്നും അവസരവാദിയായ അദ്ദേഹത്തില്‍ നിന്നും ടീം കൂടുതല്‍ ഗോളുകള്‍ പ്രതീക്ഷിക്കുന്നതായും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ മോറിഞ്ഞോ പറഞ്ഞു. അമേരിക്കന്‍ പര്യടനത്തിലൂടെ ടീമിന് ലഭിച്ചിരിക്കുന്നത് പുതിയ സീസണെ നേരിടാനുള്ള ഊര്‍ജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: