X

ഭരണകൂട ഭീകരതക്കെതിരെ ആയിരങ്ങളുടെ റാലി

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണകൂട ഭീകരതക്കെതിരെ മുസ്‌ലിംലീഗ് ‘ജനജാഗരണ’ ക്യാമ്പയിന് ജനസഹസ്രങ്ങള്‍ അണിനിരന്ന റാലിയോടെ തുടക്കമായി. ഭീകരതയുടെ പേരില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തി ഭയപ്പെടുത്താന്‍ മതേതര ഭരണഘടന ഉള്ളിടത്തോടം അനുവദിക്കില്ലെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രകടനങ്ങളായി മുതലക്കുളത്തേക്ക് പ്രവഹിച്ചവര്‍ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന് സജ്ജമാണെന്ന് വിളിച്ചോതി. മറ്റു ജില്ലകളിലും ജനമുന്നേറ്റം തീര്‍ക്കുന്നതിന്റെ അടയാളമായി മുതലക്കുളം മൈതാനിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം.

ഭീകരവാദത്തിന്റെ പേരില്‍ രാജ്യത്താകമാനം മുസ്‌ലിം യുവാക്കളെ കള്ളക്കേസ്സുകളില്‍ കുടുക്കി ജയിലിലടക്കുകയും വിചാരണത്തടവുകാരാക്കി ജീവിതം തുലയ്ക്കുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് കളങ്കമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ജനസംഖ്യയുടെ 14 ശതമാനത്തോളം വരുന്ന മുസ്‌ലിം സമൂഹത്തെ രാജ്യത്തിന്റെ പൊതുധാരയില്‍ നിന്ന് ആട്ടിയകറ്റാമെന്നത് വ്യാമോഹം മാത്രമാണ്. സഹിഷ്ണുതക്ക് കേളികേട്ട കേരളത്തില്‍ പോലും സംഘ്പരിവാര്‍ അജണ്ടകളുമായി നിയമപാലകര്‍ തന്നെ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. ഇതിനെതിരെ മതേതര മനസ്സുള്ളവരെ കൂട്ടിയോജിപ്പിച്ച് പ്രതിരോധത്തിന്റെ പടച്ചട്ട തീര്‍ക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.

‘ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരെ ജനജാഗരണം’ എന്ന പേരില്‍ വിവിധ ജില്ലകളില്‍ നടത്തുന്ന ക്യാമ്പയിന്റെയും റാലിയുടേയും സംസ്ഥാന തല ഉദ്ഘാടനം പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് ഇ അഹമ്മദ് എം.പി ആമുഖ പ്രഭാഷണവും ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, ദളിത് ചിന്തകന്‍ സണ്ണി കപിക്കാട്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍. എ, സി.ടി അഹമ്മദലി, സി.മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, പി.എം.എ സലാം, ടി.പി.എം സാഹിര്‍, കെ.എസ് ഹംസ, സി.പി ബാവഹാജി, അഡ്വ.യു.എ ലത്തീഫ്, എം.എല്‍.എമാരായ അഡ്വ.എം ഉമ്മര്‍, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല എന്നിവരും പി.കെ ഫിറോസ്, അഹമ്മദ്കുട്ടി ഉണ്ണികുളം, നജീബ് കാന്തപുരം, യു.സി രാമന്‍, മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ്, കുറുക്കോളി മൊയ്തീന്‍ സംസാരിച്ചു. മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാപ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.

chandrika: