X

ഭീതിയൊഴിഞ്ഞില്ല

 

കേരളത്തെയും തെക്കന്‍ തമിഴ്‌നാടിനെയും വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകലുന്നു. കാറ്റ് ലക്ഷദ്വീപിനു നേരെ നീങ്ങിത്തുടങ്ങിയെങ്കിലും കേരള തീരത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്ത് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഇന്നു രാത്രി 11.30 വരെ രണ്ടു മുതല്‍ 3.30 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഓഖി ചുഴലിക്കാറ്റ് കേരളതീരത്തു നിന്നകന്നെങ്കിലും ശക്തമായ കാറ്റുംമഴയും തുടരുകയാണ്. ചുഴലിക്കാറ്റില്‍പ്പെട്ട് സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്നുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് രണ്ടും കാസര്‍കോട് ഒരാളുമാണ് മരിച്ചത്. ഇതോടെ ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ് (57), ക്രിസ്റ്റി സില്‍വദാസന്‍(51)എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ കടലില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. തുടക്കത്തില്‍ 180 പേരാണ് കടലില്‍ കുടുങ്ങിയതെന്നായിരുന്നു നിഗമനം. എന്നാല്‍ 218 മത്സ്യബന്ധന തൊഴിലാളികളെകടലില്‍ നിന്ന് രക്ഷപെടുത്തിയതോടെയാണ് കടലില്‍ കുടുങ്ങിയവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയാതെ അധികൃതര്‍ കുഴങ്ങിയത്. കടലില്‍ നിന്ന് രക്ഷപ്പെടുത്തി ആസ്പത്രികളില്‍ പ്രവേശിപ്പിച്ചവരെ ഇനിയും പൂര്‍ണമായി തിരിച്ചറിഞ്ഞിട്ടില്ല. പലരും അവശ നിലയിലാണ്. ഇത് തീരദേശത്ത് ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു. രക്ഷപ്പെടുത്തി കരക്കെത്തിച്ചവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആസ്പത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
വ്യോമസേന, നാവികസേന, തീരസംരക്ഷണസേന എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. 60 ഓളം മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍നിന്ന് ജപ്പാന്‍ ചരക്കുകപ്പല്‍ രക്ഷപെടുത്തി. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ഇവരെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തി കടലില്‍ പെട്ടുപോയവരെ കണ്ടെത്തിയ ശേഷമാണ് കപ്പലുകള്‍ ഉപയോഗിച്ച് രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തീരദേശ വാസികള്‍ റോഡ് ഉപരോധിച്ചും മറ്റും പ്രതിഷേധിച്ചു. 36 മണിക്കൂര്‍ കൂടി കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം പ്രതികൂല കാലാവസ്ഥ കണക്കിലെടുക്കാതെ രാത്രിയിലും തിരച്ചില്‍ തുടരാനാണ് തീരുമാനം.
നേവിയുടെ മൂന്നും കോസ്റ്റ് ഗാര്‍ഡിന്റെ ആറും രണ്ടു മര്‍ച്ചന്റ് ഷിപ്പുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. ഇവക്കൊപ്പം ഹെലികോപ്റ്ററുകളടക്കം എട്ട് എയര്‍ക്രാഫ്റ്റുകളുമുണ്ട്. ഇതിനു പുറമെ നാവിക സേനയുടെ അഞ്ചു യുദ്ധക്കപ്പലുകളുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍ കാര്‍വെ അറിയിച്ചു. കൂടാതെ രണ്ടു കപ്പലുകള്‍ ലക്ഷദ്വീപിലേക്കും പുറപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറ്റി ഡയരക്ടര്‍ ജനറലുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
കനത്തമഴയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 29 ദുരിതാശ്വാസ ക്യാമ്പുകള്‍ വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 491 കുടുംബങ്ങളിലെ 2755 പേരെയാണ് ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകള്‍. കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുള്ള തീരമേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. കോഴിക്കോടും പൊന്നാനിയിലും കടല്‍ ഉള്‍വലിഞ്ഞു.

chandrika: