X

‘ഓഖി’: അറിയിപ്പ് കിട്ടിയത് വ്യാഴാഴ്ച ഉച്ചക്കെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാവികസേനയുടെയും വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്തമായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. എത്രപേരെ കാണാതായെന്ന കാര്യത്തില്‍ കൃത്യമായ കണക്ക് ലഭ്യമായി വരുന്നതേയുള്ളൂ. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. അതിന് ശേഷം അടിയന്തര നടപടികള്‍ സ്വീകരിച്ചു.
കണ്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണ്. കടലില്‍ 33 വള്ളങ്ങളിലുള്ള തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, തൊഴിലാളികള്‍ വള്ളം ഉപേക്ഷിച്ച് കപ്പലില്‍ കയറാന്‍ തയാറാകുന്നില്ല. ഭക്ഷണം ലഭിച്ചാല്‍ മതി കടലില്‍ തന്നെ തുടരാമെന്നാണ് അവരുടെ നിലാപാട്. അല്ലെങ്കില്‍ വള്ളം കരയിലേക്ക് എത്തിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. അവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്തത് തടസം സൃഷ്ടിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഏഴോളം കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലും നേവിയുടെ നാല് കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തീരദേശത്തുള്ളവരെ ഒഴിപ്പിക്കുന്നതിന് 13 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മര്‍ച്ചന്റ് നേവി അധികൃതരുമായി ബന്ധപ്പെട്ടതനുസരിച്ച് 10 പേരെ മര്‍ച്ചന്റ് നേവി രക്ഷിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ഇപ്പോള്‍ 200 കിലോമീറ്റര്‍ ദൂരത്തേക്ക് നീങ്ങിയതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കാറ്റ് ഉള്‍ക്കടലിലേക്ക് നീങ്ങിയ നിലക്ക് കരയില്‍ അനുഭവപ്പെടുന്ന കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്നും സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇപ്പോള്‍ ലക്ഷദ്വീപിലും കേരളത്തിലും ഒരേപോലെ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സാഹചര്യമാണുള്ളത്. കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. വസുകി പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നു. കടലില്‍ നിന്നും തിരിച്ചുവരാത്തത് 185 മത്സ്യത്തൊഴിലാളികളാണ്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെന്നും കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

chandrika: