X

മുംബൈ സ്‌ഫോടന പരമ്പര രണ്ടുപേര്‍ക്ക് വധശിക്ഷ

 

മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. താഹിര്‍ മുഹമ്മദ് മെര്‍ച്ചന്റിനും ഫിറോസ് അബ്ദുല്‍ റാഷിദ് ഖാനുമാണ് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനാപ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായ അബു സലീം, കരീമുള്ള ഒസാന്‍ ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും, റിയാസ് അഹമ്മദ് സിദ്ധീഖിയ്ക്ക് 10 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതികളായ അബു സലീം, മുസ്തഫ ദൊസ്സ, ഫിറോസ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരീമുള്ള ഖാന്‍, റിയാസ് സിദ്ധീഖി എന്നീ ആറ് പ്രതികള്‍ കുറ്റക്കാരാണെന്നു ജൂണ്‍ 16ന് കോടതി വിധിച്ചിരുന്നു. മുഖ്യപ്രതികളായ ഫിറോസ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരീമുള്ള ഖാന്‍ എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് വഴിയൊരുക്കിയത് ഇവര്‍ മൂവരുമാണെന്നായിരുന്നു കണ്ടെത്തല്‍.
പോര്‍ച്ചുഗല്‍ ബന്ധമാണ് അബൂസലീമിന് കേസില്‍ വധശിക്ഷയില്‍നിന്ന് തുണയായത്. പോര്‍ച്ചുഗല്‍ പൗരത്വം നേടിയ അബു സലീമിനെയും കൂട്ടാളി മോണിക്ക ബേദിയെയും മൂന്നു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് 2005ല്‍ ഉപാധികളോടെ പോര്‍ച്ചുഗല്‍ ഇന്ത്യക്ക് കൈമാറിയത്. വധശിക്ഷയില്‍ നിന്ന് അബു സലീമിനെ ഒഴിവാക്കണമെന്നത് ഉപാധികളില്‍ ഒന്നായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിച്ചു നല്‍കിയെന്നായിരുന്നു അബു സലീമിനെതിരായ കേസ്.
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതികളിലൊരാളായ മുസ്തഫ ദൊസ്സ ജൂണില്‍ വിചാരണക്കാലയളവില്‍ മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 28നായിരുന്നു മരണം. ബാബരി മസ്ജിദ് തകര്‍ത്തതിലുള്ള പ്രതികാരമായാണ് മുംബൈയില്‍ സ്‌ഫോടന പരമ്പര നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
അബ്ദുല്‍ ഖയ്യും എന്ന പ്രതിയെ കോടതി നേരത്തെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. സംഘര്‍ഷം ഉടലെടുത്ത മുംബൈയില്‍ ആയുധങ്ങള്‍ എത്തിച്ചെന്നായിരുന്നു ഖയ്യുമിനെതിരെയുള്ള കുറ്റം. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടായിരുന്നു കോടതി കണ്ടെത്തല്‍. 1993 മാര്‍ച്ച് 12ന് മുംബൈയിലെ പന്ത്രണ്ട് ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2006ല്‍ അവസാനിച്ച ആദ്യഘട്ട വിചാരണയില്‍ 100 പേര്‍ കുറ്റക്കാരാണെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു. 2006നും 2010നും ഇടയില്‍ അറസ്റ്റിലായവരുടെ വിചാരണ പ്രത്യേകമായി നടത്തണമെന്ന സി.ബി.ഐ അഭിഭാഷകന്‍ ദീപക് സാല്‍വിയുടെ ആവശ്യം പരിഗണിച്ചാണ് ഏഴ് പേരുടെ വിചാരണ രണ്ടാം ഘട്ടമാക്കിയത്. കേസില്‍ ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളുടെയും നിയമനടപടികള്‍ പൂര്‍ത്തിയായി. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെ 2015ല്‍ തൂക്കിലേറ്റിയിരുന്നു. അതേ സമയം, സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്മാരായ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും ഇപ്പോഴും ഒളിവിലാണ്.

chandrika: