X

ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷണം ഹിന്ദുത്വവാദികളിലേക്ക്

 

ഭീഷണിയുണ്ടായിരുന്നതായി സഹോദരങ്ങള്‍

 

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലക്കേസില്‍ പൊലീസ് അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളെ കേന്ദ്രീകരിച്ച്. കൊലയ്ക്കു പിന്നില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാഥന്‍ സന്‍സ്ത ആണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സമാന രീതിയിലാണ് സംഘ്പരിവാര്‍ വിമര്‍ശകരായ ഗോവിന്ദ് പന്‍സാരെ, ധബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടത്. ഇതിനു പിന്നില്‍ സനാഥന്‍ സന്‍സ്തയുടെ പങ്ക് സി.ബി.ഐ കണ്ടെത്തിയിരുന്നു.
7.65 മില്ലിമിറ്റര്‍ വ്യാസമുള്ള നാടന്‍ തോക്കില്‍നിന്നാണ് ഗൗരിക്ക് വെടിയേറ്റത്. നാലു കാര്‍ട്രിജുകള്‍ വെടിയേറ്റു വീണ വീട്ടുമുറ്റത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഗോവിന്ദ് പന്‍സാരെയും ധാബോല്‍കറെയും വധിച്ച തോക്കുകള്‍ക്കു സമാനമാണോ ഇതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. അതേസമയം ഗൗരി ലങ്കേഷിനോട് ആര്‍ക്കെങ്കിലും വ്യക്തിപരമായി ശത്രുത ഉണ്ടായിരുന്നില്ലെന്ന് സഹോദരങ്ങളായ കവിത ലങ്കേഷും ഇന്ദ്രജിത് ലങ്കേഷും.
ആശയപരമായ ശത്രുത മാത്രമാണ് അവര്‍ക്കെതിരെ ഉണ്ടായിരുന്നത്. കുറ്റവാളികള്‍ ആരായിരുന്നാലും ഉടന്‍ കണ്ടെത്തുമെന്ന് തന്നെയാണ് വിശ്വാസമെന്നും ഇവര്‍ പറഞ്ഞു. ബംഗളൂരു കോരാമംഗലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഗൗരി ലങ്കേഷിനു നേരെയുണ്ടായത് അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമാണ്. ഗൗരിയുമായി കൂടുതല്‍ അടുപ്പമുള്ളത് കവിതക്കാണ്. എല്ലാ കാര്യങ്ങളും അവര്‍ പരസ്പരം പങ്കുവെക്കാറുണ്ട്. വീട്ടില്‍ സി.സി.ടി.വി സ്ഥാപിച്ചത് ആറു മാസം മുമ്പാണ്. ജീവന് ഭീഷണിയുള്ളതായി ഗൗരി അന്ന് കവിതയോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഭയമുണ്ടായിരുന്നില്ല. അടുത്തിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴച നടത്തിയിരുന്നു. ഇതില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെടാതിരുന്നതിനെ ഞങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ എതിര്‍ത്ത് സംസാരിക്കുകയും പൊലീസ് സുരക്ഷ തേടുന്നതിനെ ചോദ്യം ചെയ്യുകയുമാണ് ഗൗരി ചെയ്തത്- സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു. ഒരാഴ്ച മുമ്പ് വീടിനു സമീപത്ത് അജ്ഞാതന്‍ ചുറ്റിപ്പറ്റി നടക്കുന്നതായി ഗൗരിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അമ്മയുമായി അവര്‍ അത് പങ്കുവെക്കുകയും ചെയ്തു. സ്വല്‍പം പേടിയുള്ള ആരെങ്കിലും ആയിരുന്നെങ്കില്‍ പൊലീസില്‍ പരാതി നല്‍കിയേനെ. എന്നാല്‍ ഒരാള്‍ ചുറ്റിപ്പറ്റി നടക്കുന്നതിനെ കാര്യമാക്കേണ്ടെന്ന നിലപാടായിരുന്നു അവരുടേത്- സഹോദരി കവിത ലങ്കേഷ് പറഞ്ഞു.
വ്യക്തിവൈരാഗ്യമാണ് ഗൗരിയുടെ കൊലപാതകത്തിനു പിന്നിലെന്ന റിപ്പോര്‍ട്ടികളെ ഇന്ദ്രജിത് ലങ്കേഷ് ശക്തമായി നിഷേധിച്ചു. ”അവള്‍ ഞങ്ങളുടെ അച്ഛനെപ്പോലെയായിരുന്നു. എഴുത്തിനും വാക്കിനും മൂര്‍ച്ച കൂടുതലായിരുന്നു. എന്നാല്‍ വ്യക്തിജീവിതത്തില്‍ മൃദുല സ്വഭാവക്കാരിയായിരുന്നു. ആശയപരമായി എതിര്‍ക്കുന്നവരുമായിപ്പോലും സൗമ്യമായി മാത്രമാണ് പെരുമാറിയിരുന്നത്. എന്റെ കാര്യത്തില്‍പോലും(കാഴ്ചപ്പാടുകളില്‍ ഞങ്ങള്‍ക്ക് ഭിന്നതയുണ്ടായിരുന്നു) ഒരിക്കല്‍പോലും ചോദ്യം ചെയ്യാന്‍ അവര്‍ മുതിര്‍ന്നിട്ടില്ല”- ഇന്ദ്രജിത് പറഞ്ഞു. വസ്തു ഇടപാടുകളുമായോ സാമ്പത്തിക ഇടപാടുകളുമായോ ബന്ധപ്പെട്ടും ഗൗരിക്ക് ആരില്‍നിന്നും ശത്രുത ഉണ്ടായിരുന്നില്ലെന്ന് സഹോദരങ്ങള്‍ വ്യക്തമാക്കി. ആശയപരമായ എതിര്‍പ്പ് മാത്രമാണ് കൊലപാതകത്തിനു പിന്നില്‍. ആരാണ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ചോദ്യത്തിന് മറുപടിയായി ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു.
നീതി ലഭിക്കണം. അതു മാത്രമാണ് ഞങ്ങളുടെ ആവശ്യം. സഹോദരിയുമായും അമ്മയുമായും ഞാന്‍ സംസാരിച്ചു. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോള്‍ അതുമായി പൂര്‍ണമായി സഹകരിക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. പൊലീസ് അന്വേഷണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ വ്യക്തിപരമായിത്തന്നെ താന്‍ സി.ബി.ഐ അന്വേഷണമോ റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ ആവശ്യപ്പെടും- ഇന്ദ്രജിത് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് അല്‍പം സമയം നല്‍കണമെന്നും കവിത ലങ്കേഷും പ്രതികരിച്ചു. ഗൗരിക്ക് മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി നേരിട്ട് അടുപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി തന്നെ കേസില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കവിത ലങ്കേഷ് കൂട്ടിച്ചേര്‍ത്തു.
സംഘടിതമെന്ന് സിദ്ധാരാമയ്യ

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് ആസൂത്രിതവും സംഘടിതവുമായ ആക്രമണത്തിലൂടെയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. രാജരാജേശ്വരി നഗറിലുള്ള ഗൗരി ലങ്കേഷിന്റെ വസതിയിലെ സി.സി. ടി.വി ക്യാമറയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാര്‍പാര്‍ക്കിലും പ്രധാന വാതിലിലും വീട്ടിനുള്ളിലും സമീപത്തുമായി നാല് സി.സി.ടി.വി ക്യാമറകളാണ് ഉണ്ടായിരുന്നത്.
അക്രമികള്‍ സ്ഥലത്ത് എത്തുന്നതിന്റെയും വെടിയുതിര്‍ക്കുന്നതിന്റെയും നാലഞ്ച് അടി മുന്നോട്ടു നീങ്ങുമ്പോഴേക്കും ഗൗരി താഴെ വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമികള്‍ ഹെ ല്‍മെറ്റ് ധരിച്ചാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യക്ഷത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമികളുടെ മുഖം വ്യക്തമല്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരുടെ വധവുമായി ഗൗരി ലങ്കേഷിന്റെ വധത്തെ ബന്ധപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഒരേ രീതിയിലുള്ള ആയുധം(തോക്ക്) ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് മാത്രമാണ് കേസില്‍ ഇപ്പോഴുള്ള സാമ്യം. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ വധം ഇന്റലിജന്‍സിന്റെ വീഴ്ചയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീഷണിയുള്ളതായി ഗൗരി ലങ്കേഷ് ഒരിക്കലും പറഞ്ഞിട്ടില്ല. തന്റെ അടുത്ത സുഹൃത്താണ് അവര്‍. പതിവായി തന്നെ കാണാന്‍ വരാറുണ്ട്. ഒരാഴ്ച മുമ്പു പോലും തന്നെ കണ്ടിരുന്നു. അപ്പോഴൊന്നും ഭീഷണിയുള്ളതായി അവര്‍ പറഞ്ഞിട്ടില്ലെന്നും സിദ്ധാരാമയ്യ കൂട്ടിച്ചേര്‍ത്തു.

മോദിയെ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററില്‍ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കുക പോലും ചെയ്യാത്ത പ്രധാനമന്ത്രി മോദിയെ ബ്ലോക്ക് ചെയ്ത് ട്വിറ്ററില്‍ പ്രതിഷേധം. ഗൗരിയെ അശ്ലീലമായി അധിക്ഷേപിച്ചയാളുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രധാനമന്ത്രി ഫോളോ ചെയ്യുന്നുവെന്നും അതിനാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ‘ബ്ലോക്ക് നരേന്ദ്ര മോദി’ പ്രചരണം ട്വിറ്ററില്‍ വ്യാപകമായത്. നിഖില്‍ ദഥിച്ച് എന്ന വ്യക്തിയാണ് ഗൗരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. വ്യവസായിയെന്ന് പറയപ്പെടുന്ന ഇയാളുടെ അക്കൗണ്ട് മോദിയെ കൂടാതെ നിരവധി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുടങ്ങിയ ബ്ലോക്ക് നരേന്ദ്ര മോദി ക്യാമ്പയിന്‍ രാത്രി തന്നെ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്തെത്തിയിരുന്നു. ഹിന്ദുത്വ ഫാസിസത്തെ അപലപിച്ചും ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെ ആശങ്കകള്‍ പങ്കുവെച്ചും നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ഗൗരിയുടെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരെ മറ്റുചില കേന്ദ്ര മന്ത്രിമാരും ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. കൊലപാതകം നടന്ന് മൂന്നുദിവസമായിട്ടും മോദി പ്രതികരിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

തീവ്ര സംഘ്പരിവാര്‍ നിലപാടുമായി റിപ്പബ്ലിക് ടി.വി; മാധ്യമപ്രവര്‍ത്തക രാജിവെച്ചു

ന്യൂഡല്‍ഹി: തീവ്രമായ സംഘ്പരിവാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ചും ഗൗരി ലങ്കേഷിന്റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്ത രീതിയെ നിശിതമായി വിമര്‍ശിച്ചും മാധ്യമപ്രവര്‍ത്തക റിപ്പബ്ലിക് ചാനലില്‍ നിന്ന് രാജിവെച്ചു. റിപ്പബ്ലിക് ടി.വിയില്‍ ന്യൂസ് കോഡിനേറ്ററായിരുന്നു സുമന നന്തിയാണ് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജോലി വലിച്ചെറിഞ്ഞത്. ചാനലിനെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും വെറുപ്പ് തോന്നുന്നുവെന്നും സുമന ഫേസ്ബുക്കില്‍ കുറിച്ചു. ഗൗരിയുടെ കൊല സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം റിപ്പബ്ലിക്് ടി.വി വാര്‍ത്ത നല്‍കിയിരുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ സ്വന്തം സ്വത്വം പോലും വില്‍ക്കാന്‍ തയ്യാറാവുമ്പോള്‍ സമൂഹം പിന്നെ എങ്ങോട്ടാണ് പോവേണ്ടതെന്ന് സുമാന ചോദിച്ചു. ഞാന്‍ ഇന്ന് വരെ ജോലി ചെയ്ത എല്ലാ സ്ഥാപനങ്ങളെക്കുറിച്ചും എനിക്ക് നല്ല ഓര്‍മകള്‍ മാത്രമേയുള്ളു. അഭിമാനവുമുണ്ട്. പക്ഷേ ഇന്ന് ഞാന്‍ ലജ്ജിക്കുന്നു. സ്വതന്ത്ര വാര്‍ത്താ സ്ഥാപനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന റിപ്പബ്ലിക് ചാനല്‍ സത്യസന്ധതയില്ലാത്ത ഒരു സര്‍ക്കാരിന് വേണ്ടി കണ്ണുമടച്ച് വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്ന ഒരു ധീരയായ മാധ്യമപ്രവര്‍ത്തകയാണ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടത്. കൊലപാതകികളെ ചോദ്യം ചെയ്യാതെ, സംശയിക്കാതെ ഇരക്കൊപ്പം നില്‍ക്കുന്നവരെയാണ് നിങ്ങള്‍ പ്രതിക്കൂട്ടിലാക്കുന്നത്. എവിടെയാണ് നിങ്ങളുടെ സമഗ്രത ? ബയോഡാറ്റയില്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ റിപ്പബ്ലിക് ടിവി എന്ന് രേഖപ്പെടുത്തില്ല- സുമന വ്യക്തമാക്കി.

chandrika: