X

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

webdesk14: