X

മുഖ്യമന്ത്രിയുടെ നിഷേധാത്മകത ആര്‍ക്ക് വേണ്ടി

സ്വാശ്രയ വിഷയത്തില്‍ അടിയന്തിര പരിഹാര നടപടിക്ക് മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷകള്‍ തകിടം മറിച്ച് സര്‍ക്കാര്‍ സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്…? സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയോ, അതോ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഫീസ് കൊള്ള അനുവദിക്കുന്ന സര്‍ക്കാര്‍ തന്നെ ഒപ്പിട്ട കരാറിന് വേണ്ടിയോ….? ഒരു മുന്‍കരുതലുമെടുക്കാതെയാണ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നേരത്തെ കരാര്‍ ഒപ്പിട്ടത്. കരാറിലെ പൊള്ളത്തരങ്ങള്‍ പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ജാള്യതയില്‍ മുങ്ങിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പുതിയ ചര്‍ച്ചയും ഒത്തുതീര്‍പ്പും നാണക്കേടാവുമെന്ന തോന്നലില്‍ നിന്നാണ് ഇന്നലെ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറായാല്‍ പ്രതിപക്ഷ സമരം വിജയിക്കുമെന്ന തോന്നലില്‍ നിന്നാണ് ഇന്നലെ നടന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധിക്കാരപരമായ നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷം പറയുമ്പോള്‍ അതിന് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് പ്രതിപക്ഷം നടത്തുന്നത് കേവലം രാഷ്ട്രീയ സമരം മാത്രമെന്നാണ്. അതിനപ്പുറത്തേക്ക് മാനേജ്‌മെന്റുകള്‍ക്കെതിരെ സംസാരിക്കാന്‍, സര്‍ക്കാര്‍ ഒപ്പിട്ട കരാറിലെ ഫീസ് കൊള്ളക്കെതിരെ സംസാരിക്കാന്‍ അദ്ദേഹവും തയ്യാറാവുന്നില്ല. പ്രതിപക്ഷ സമരം ഒരാഴ്ച്ച പിന്നിട്ടിട്ടും ജനാധിപത്യപരമായ ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിഷേധാത്മക നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എമ്മിന് കഴിയുന്നുമില്ല. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ഭയപ്പെട്ട് നില്‍ക്കുന്ന മുന്നണിയിലെ മറ്റ് ഘടക കക്ഷികളാവട്ടെ വലിയ സമരത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നുമില്ല. മുമ്പെല്ലാം സി.പി.ഐയെ പോലുള്ള കക്ഷികള്‍ പ്രശ്‌ന പരിഹാരത്തിന് മുന്നോട്ട് വന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ നിലപാടും ശൈലിയും അറിയുന്നതിനാല്‍ അവര്‍ പോലും മുന്നോട്ട് വരുന്നില്ല.

വിദ്യാര്‍ത്ഥികളുടെ ഭാവിയിലാണ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത്. നിയമസഭ സമ്മേളിക്കുന്ന സമയത്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരത്തിന് നേരെ മാത്രമല്ല മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാട്-ഇന്നലെ ചര്‍ച്ചക്കെത്തിയ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികളോടും അദ്ദേഹം കയര്‍ത്തു എന്ന് പറയുമ്പോള്‍ എന്തിനായിരുന്നു ചര്‍ച്ചാ നാടകമെന്നത് വ്യക്തമാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി നാല് വട്ടമാണ് സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അതിലൊന്നിലും വ്യക്തമായ ധാരണയുണ്ടായില്ല. ഇന്നലെ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് മാനേജ്‌മെന്റുകളെ ക്ഷണിച്ചത് ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്നു. ആരോഗ്യമന്ത്രിയും സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് വന്നപ്പോള്‍ എന്തിനാണ് ഇവരെയുമായി എന്റെ മുന്നില്‍ വന്നത് എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ചക്ക് വരുന്ന സ്വന്തം മന്ത്രിയോട്, വകുപ്പ് സെക്രട്ടറിയോട് ഈ വിധം സംസാരിക്കുമ്പോള്‍ ചര്‍ച്ചയില്‍ തന്നെ കാര്യമില്ല.

ഏകാധിപതിയെ പോലെയാണ് പല കാര്യങ്ങളിലും മുഖ്യമന്ത്രി പെരുമാറുന്നതെന്ന് അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലിഗ് നേതാവ് ഡോ. എം.കെ മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകള്‍ തെളിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചര്‍ച്ചകള്‍ വെച്ചത്. പക്ഷേ സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ തന്നെ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ പിന്നെയെന്തിന് ഒരു പുതിയ ഫോര്‍മുല എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുമ്പോള്‍ ചര്‍ച്ച അപ്രസക്തമായി തീരുകയായിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഫീസ് കൊള്ളയോട് ആര്‍ക്കും താല്‍പര്യമില്ല. ഒരു മാനദണ്ഡവുമില്ലാതെയാണ് പല മാനേജ്‌മെന്റുകളും ഫീസ് നിശ്ചയിക്കുന്നതും വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്നതും. മാനേജ്‌മെന്റുകളെ സഹായിക്കുന്ന തരത്തില്‍ ഫീസ് കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടുനിന്നപ്പോഴാണ് ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം മുന്നോട്ട് വന്നത്. രണ്ട് ജനപ്രതിനിധികള്‍ ഒരാഴ്ച അന്നപാനീയമില്ലാതെ സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ കണ്ണ് തുറക്കാനുള്ള അവസരമായിരുന്നു അത്. പക്ഷേ കേവല രാഷ്ട്രീയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിടിവാശി പ്രകടിപ്പിച്ച സാഹചര്യത്തില്‍ സമരം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത്രയും ധിക്കാരപരമായ നടപടികളുമായി മുന്നോട്ട് പോയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത്തരത്തില്‍ പ്രതിപക്ഷ നേതാവ് പറയണമെങ്കില്‍ അതിന് കാരണങ്ങളുണ്ടാവും. ജനാധിപത്യത്തെ, ചര്‍ച്ചകളെ നിഷേധിക്കുന്ന ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

chandrika: