X

അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു

ഇന്ത്യ-പാക്ക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ മൂന്നിടത്ത് പാകിസ്താന്‍ ഇന്നലെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ. ഓട്ടോമാറ്റിക് വെപ്പണുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു പാക് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത പറഞ്ഞു.

തിങ്കളാഴ്ച അര്‍ധരാത്രി 12.33നായിരുന്നു ആദ്യ ആക്രമണം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പും ജനവാസ മേഖല ലക്ഷ്യമിട്ട് മോര്‍ട്ടാര്‍ ആക്രമണങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ നാലു മണിയോടെ നൗഷേറ സെക്ടറില്‍ വീണ്ടും ആക്രമണമുണ്ടായതായി തദ്ദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉച്ചത്തിലുള്ള വെടിയൊച്ചകളും കേള്‍ക്കാമായിരുന്നു. പുലര്‍ച്ചെ അഞ്ചു മണി വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നതായും തദ്ദേശവാസികള്‍ പറഞ്ഞു.

ഉച്ചക്ക് 1.15ഓടെയാണ് പല്ലന്‍വാല സെക്ടറിലായിരുന്നു മറ്റൊരു വെടിവെപ്പ്. ഇതേതുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പക്ഷത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനീഷ് മേത്ത പറഞ്ഞു.പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെതുടര്‍ന്ന് അതിര്‍ത്തിയില്‍ ഉടനീളം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെയും ലഡാക്ക്, കാര്‍ഗില്‍ തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉന്നത സൈനിക വൃത്തങ്ങളുമായും രാജ്‌നാഥ് ചര്‍ച്ച നടത്തി.

അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കാര്യമായ അയവു വന്നിട്ടില്ലെങ്കിലും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നലെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ അടച്ചിട്ട സ്‌കൂളുകള്‍ ദിവസങ്ങള്‍ക്കുശേഷമാണ് പുനരാരംഭിക്കുന്നത്. മുടങ്ങിയ ക്ലാസുകള്‍ പരിഹരിക്കുന്നതിന് സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ പാക് തിരിച്ചടി സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് ക്ലാസുകള്‍ ഒരുക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തുന്നതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

chandrika: