X

മുഹമ്മദ് ബിന്‍ തുഗ്ലക്കും മോദിയും

ആലിക് വാഴക്കാട്

നരേന്ദ്ര മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയ പരിപാടികളെ വിമര്‍ശിക്കുമ്പോള്‍ പ്രതിയോഗികള്‍ ഉപമിക്കാറ് മുഹമ്മദ് ബിന്‍ തുഗ്ലക്കിനോടാണ്. തുഗ്ലക്കിന്റേയും മോദിയുടെയും ഭരണ പരിഷ്‌ക്കാരങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ വല്ല സമാനതകളുമുണ്ടോ? ഇല്ലെന്നു മാത്രമല്ല, അവ തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ടുതാനും. ജനക്ഷേമകരമായ മാതൃകാഭരണം നടത്തിയിരുന്ന ഇന്ത്യയിലെ മുസ്‌ലിം ചക്രവര്‍ത്തിമാരെ മതഭ്രാന്തരും മരമണ്ടന്മാരുമൊക്കെയാക്കി ചിത്രീകരിക്കുകയെന്ന കൊടുംക്രൂരതക്കു തുടക്കം കുറിച്ചതു ബ്രിട്ടീഷുകാരാണ്. പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്.

 

ഒന്ന്, ഭരിക്കാന്‍ അര്‍ഹതയുള്ളവരും അതിനു ത്രാണിയുള്ളവരും തങ്ങള്‍ മാത്രമാണെന്ന അഹങ്കാരത്തിനു അംഗീകാരം നേടുക. രണ്ട്, മുസ്‌ലിംകളേയും ഹിന്ദുക്കളേയും തമ്മിലടിപ്പിച്ചു ഭരണം ഊട്ടിയുറപ്പിക്കുക. ഇതിലവര്‍ ഏറെക്കുറെ വിജയം വരിച്ചുവെന്നതിനു ചരിത്രം സാക്ഷി. സത്യത്തിന്റെ കണിക പോലുമില്ലാത്ത കള്ളക്കഥകളിലൂടെ താറടിക്കപ്പെട്ട മുസ്‌ലിം ഭരണാധികാരികളില്‍ പ്രമുഖരായിരുന്നു മുഹമ്മദ് ബിന്‍ തുഗ്ലക്കും ഔറംഗസീബ് ആലംഗീറും. അന്ധമായ മുസ്‌ലിം വിരോധം മാത്രം കൈമുതലായുള്ള ചില വക്രബുദ്ധികള്‍ ബ്രിട്ടീഷുകാരെയും കടത്തിവെട്ടി യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാളകൂടകഥകള്‍ കലര്‍ത്തി ചരിത്രത്തെ വിഷലിപ്തമാക്കുകയുണ്ടായി.

 

താജ്മഹലും ചെങ്കോട്ടയും കുത്തബ്മിനാറും ഫത്തേഹ്പൂര്‍ സിക്രിയുമൊക്കെ ഹൈന്ദവ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണെന്നു പോലും എഴുതിവിടാന്‍ തയ്യാറായ ഈ ചരിത്ര ഘാതകന്മാര്‍ തുഗ്ലക്കിനേയും ഔറംഗസീബിനേയും വെറുതെ വിട്ടെങ്കിലല്ലേ അത്ഭുതമുള്ളൂ?
പ്രജാക്ഷേമ തല്‍പരനും നയതന്ത്രജ്ഞനുമായ ഭരണകര്‍ത്താവ്, ദീര്‍ഘദൃഷ്ടിയും കുശാഗ്ര ബുദ്ധിയുമുള്ള സമുദായ പരിഷ്‌ക്കര്‍ത്താവ്, മഹാപണ്ഡിതനും പ്രതിഭാശാലിയുമായ വിദ്യാഭ്യാസ വിചക്ഷണന്‍, സംസ്‌കാര സമ്പന്നനായ കലോപാസകന്‍, ധിഷണാശാലിയായ ഗവേഷകന്‍, ചിന്തകനായ വേദ പണ്ഡിതന്‍, സഹൃദയനായ സകല കലാ വല്ലഭന്‍ എന്നു വേണ്ട, അനിതര സാധാരണമായ അനവധി ഗുണവിശേഷണങ്ങള്‍ സമഞ്ജസമായി സമ്മേളിച്ച ഒരത്ഭുത പ്രതിഭാസമായിരുന്നു മുഹമ്മദ് ബിന്‍ തുഗ്ലക്ക്.

 

ലോക സഞ്ചാരിയും ചരിത്രകാരനുമായിരുന്ന ഇബ്‌നു ബത്തൂത്ത, തുഗ്ലക്കിന്റെ സമകാലികനും സുഹൃത്തുമായിരുന്ന സിയാവുദ്ദീന്‍ ബര്‍ണി, പേര്‍ഷ്യന്‍ സഞ്ചാരിയും ചരിത്ര ഗവേഷകനുമായിരുന്ന അബ്ദുറസാഖ്, ഇറ്റാലിയന്‍ ചരിത്രകാരനായ ലുഡോവിക്കോ വര്‍ത്തേമാ, റഷ്യക്കാരനായ അത്തനേഷ്യാസ് നികിതിന്‍, പോര്‍ച്ചുഗീസുകാരനായ ഡോമിംഗോപീസ്, ബര്‍ബോസ്, ആംഗല ചരിത്ര വിശാരദനായ സ്റ്റാന്‍ലീ ലേപൂള്‍, ഇന്ത്യന്‍ ചരിത്ര പണ്ഡിതന്മാരായ താരാചന്ദ്, ഈശ്വരീ പ്രസാദ്, പ്രഗത്ഭ മലയാള ചരിത്രകാരനായ പ്രൊഫസര്‍ എ.ജി മേനോന്‍ തുടങ്ങിയവര്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ കുറിച്ചെഴുതിയ ഗ്രന്ഥങ്ങളില്‍ ഏതെങ്കിലുമൊന്നെടുത്തു മറിച്ചു നോക്കിയാല്‍ മാത്രം മതി അദ്ദേഹം ആരായിരുന്നുവെന്ന് ബോധ്യപ്പെടും.

 

ഈ ചരിത്രകാരന്മാരില്‍ ആദ്യത്തെ മൂന്നു പേര്‍ മാത്രമേ മുസ്‌ലിംകളായുള്ളു പ്രൊഫസര്‍ എ.ജി മേനോന്‍ ‘ഭാരത ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ തുഗ്ലക്കിനെ വിലയിരുത്തുന്നതിങ്ങനെയാണ്. ‘മധ്യകാലഘട്ടത്തില്‍ രാജ്യം ഭരിച്ചിരുന്ന മുസ്‌ലിം രാജാക്കന്മാരില്‍ ഏറ്റവും പ്രതിഭാശാലിയായിരുന്നു മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന വസ്തുത ഏവരും സമ്മതിക്കും. അത്രത്തോളം സംസ്‌കൃതചിത്തനും വിദ്യാസമ്പന്നനുമായ മറ്റൊരു രാജാവ് ആ കാലഘട്ടത്തിലെന്നല്ല, മുസ്‌ലിം ചരിത്രത്തിലാകെത്തന്നെ ഒരു ജനതയുടെയും നേതൃത്വം വഹിച്ചിട്ടില്ല. പ്രകൃതിയുടെ ഒരത്ഭുത സൃഷ്ടിയായിരുന്ന തുഗ്ലക്ക്, അസാധാരണമായ ഓര്‍മ്മശക്തിയാലും ധിഷണാ വൈഭവത്താലും അനുഗ്രഹീതനായിരുന്നു. വിജ്ഞാനത്തിന്റെ ഏതു ശാഖയും ഒരു ഗവേഷണ വിദഗ്ധന്റെ ചാതുര്യത്തോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ അസാമാന്യമായ ബഹുമുഖ പ്രതിഭകളിലേക്കും അദ്ദേഹത്തിന്റെ മാതൃകാപരമായ ഭരണപരിഷ്‌ക്കാരങ്ങളിലേക്കും ഏറെ വെളിച്ചം വീശുന്ന രണ്ട് പ്രാമാണിക ഗ്രന്ഥങ്ങളാണ് സിയാവുദ്ദീന്‍ ബര്‍ണിയുടെ ‘താരീഖ്-എ-ഫിറൂസ് ഷാഹി’യും ഇബ്‌നു ബത്തൂത്തയുടെ ‘കിതാബുര്‍റഹ്‌ലബും’. ഇവര്‍ രണ്ടു പേരും തുഗ്ലക്കിനെ നേരില്‍കണ്ടവരും അടുത്തറിഞ്ഞവരുമാണ.്-അതുകൊണ്ടു തന്നെ ഒരു ദൃക്‌സാക്ഷി വിവരണ പോലെ സത്യസന്ധമാണ് ഇരുവരുടെയും പ്രതിപാദനങ്ങള്‍. തുഗ്ലക്കിനെ ‘അസാമാന്യമായൊരു അത്ഭുത പുരുഷന്‍’ എന്നു ബര്‍ണിയും അപൂര്‍വമായ അത്ഭുത പ്രതിഭാസം’ എന്നു ബത്തൂത്തയും വിശേഷിപ്പിക്കുകയുണ്ടായി.

 

തുഗ്ലക്കിന്റെ സമകാലികനെല്ലെങ്കിലും അദ്ദേഹം മരിച്ച് തൊണ്ണൂറ് വര്‍ഷം കഴിഞ്ഞശേഷം 1442ല്‍ ഡല്‍ഹിയും ദൗലത്താബാദും ഉള്‍പ്പെടെയുള്ള വിശാലമായ തുഗ്ലക്കന്‍ പ്രവിശ്യകള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ താമസിച്ചു ചരിത്ര ഗവേഷണം നടത്തുകയും ചെയ്ത പേര്‍ഷ്യന്‍ ചരിത്രകാരനായ അബ്ദുര്‍റസാഖിന്റെ അനുഭവക്കുറിപ്പുകളും ബര്‍ണീ- ബത്തൂത്തമാരുടെ വിവരണങ്ങള്‍ ബലപ്പെടുത്താനുപയുക്തമാണ്.
1325ല്‍ സിംഹാസസ്ഥനായ തുഗ്ലക്കിന്റെ ആദ്യത്തെ ലക്ഷ്യം ജനക്ഷേമകരമായ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നതായിരുന്നു. അതനുസരിച്ച് സാമ്രാജ്യത്തിലെ വിവിധ പ്രവിശ്യകളില്‍ നന്നുള്ള നികുതി വരുമാനങ്ങളുടേയും ഭരണച്ചെലവുകളുടേയും വ്യക്തമായ പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരെ ഏര്‍പ്പാടാക്കി. അടുക്കും ചിട്ടയുമില്ലാത്ത അശാസ്ത്രീയമായ നികുതി സമ്പ്രദായം അവസാനിപ്പിക്കാനും രാജ്യത്തൊന്നടങ്കം ഏകീകൃത നികുതിനയം നടപ്പാക്കാനും അങ്ങനെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

 

ഇതിനുപുറമെ, കാര്‍ഷിക വിളകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശങ്ങള്‍ക്കു മാത്രമായി പ്രത്യേകമായൊരു നികുതി സമ്പ്രദായവും അദ്ദേഹം ആവിഷ്‌ക്കരിച്ചു. രാജ്യത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ ‘ദോ ആബ്’ പ്രവിശ്യയിലാണ് ഈ പദ്ധതി ആദ്യം പ്രാബല്യത്തില്‍ വരുത്തിയത്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘ദോ ആബ്’ എന്നാല്‍ രണ്ടു നദികള്‍ക്കിടയിലുള്ള സമതല പ്രദേശം എന്നാണര്‍ത്ഥം. ഗംഗാ- യമുനാ നദികള്‍ക്കിടയിലുള്ള ഭൂ പ്രദേശമാണിവിടെ വിവക്ഷ. കൂടുതല്‍ കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിച്ചു കൂടുതല്‍ ആദായമുണ്ടാക്കുന്നവരില്‍ നിന്നും ആനുപാതികമായി കൂടുതല്‍ നികുതി വസൂലാക്കുകയെന്ന തികച്ചും യുക്തിപൂര്‍ണവും ശാസ്ത്രീയവുമായ നികുതി സമ്പ്രദായത്തിലൂടെ ഖജനാവ് സമ്പന്നമാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

 

വീടുകളുടേയും കന്നുകാലികളുടേയും വ്യക്തമായ കണക്കുകള്‍ ശേഖരിക്കുകയും അവയുടെ നിലവാരമനുസരിച്ച് നികുതി നിജപ്പെടുത്തുകയും ചെയ്തു. സാമ്രാജ്യത്തെ സമ്പല്‍സമൃദ്ധമാക്കാനുള്ള ഈ പദ്ധതി പക്ഷെ, ഉദ്യോഗസ്ഥന്മാര്‍ തകിടം മറിച്ചു. പല പ്രവിശ്യകളിലുമുള്ള ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ അന്യായമായ നികുതി ചുമത്തുകയും അത് വസൂലാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നികുതി നല്‍കാന്‍ വിസമ്മതിച്ചവരെ പല തരത്തിലും ദ്രോഹിച്ചു. മാത്രമല്ല, പിരിച്ചെടുത്ത നികുതിപ്പണം പൂര്‍ണമായും പൊതുഖജനാവിലക്കാതെ സ്വന്തമാക്കുകയും ചെയ്തു. വിസ്തൃതമായ സാമ്രാജ്യമായിരുന്നതിനാല്‍ എല്ലാ പ്രവിശ്യകളിലും ഒരേസമയം ശ്രദ്ധിക്കാന്‍ സ്വാഭാവികമായും ചക്രവര്‍ത്തിക്കു കഴിഞ്ഞിരുന്നുമില്ല.

 

തന്മൂലം പദ്ധതി പ്രതീക്ഷിച്ചപോലെ ഫലപ്രദമായില്ല. അക്കാലത്തുണ്ടായ രൂക്ഷമായ വരള്‍ച്ചയും പരാജയ കാരണമായി. വരള്‍ച്ചമൂലമുണ്ടായ കൃഷിനാശത്തില്‍ നിന്നും വറുതിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാനാവശ്യമായ സത്വര നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. കൃഷിനാശം സംഭവിച്ചവര്‍ക്കും ദുരിതബാധിതര്‍ക്കും കൃഷി പുനരാരംഭിക്കാനുള്ള മൂലധനവും വിത്തും സൗജന്യമായി വിതരണം ചെയ്തു. വിളനാശമുണ്ടായവരുടെ കണക്കെടുത്ത് അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ ‘ദീവാനേ കോഹീ’ എന്ന പേരില്‍ പ്രത്യേക വകുപ്പു തന്നെ രൂപീകരിക്കുകയുണ്ടായി. എന്നാല്‍ ഉദ്യോഗസ്ഥന്മാരുടെ സ്വാര്‍ത്ഥവും വഞ്ചനാപരവുമായ ചൂഷണ മനസ്ഥിതി ഈ പദ്ധതിയും അവതാളത്തിലാക്കി.

 

പ്രജാ ക്ഷേമ തല്‍പരനായൊരു ഭരണാധികാരി തന്റെ ഭരണീയരുടെ ദുരിതാശ്വാസങ്ങള്‍ക്കു വേണ്ടി നടപ്പാക്കിയ മഹത്തായൊരു കര്‍മ്മപദ്ധതി തന്റേതല്ലാത്ത കാരണത്താല്‍ അങ്ങനെ പരാജയപ്പെട്ടു. ഈ ദുരന്തത്തെ പ്രൊഫസര്‍ എ.ജി. വിലയിരുത്തുന്നതിങ്ങനെയാണ്. ‘യാഥാര്‍ത്ഥ്യബോധത്തോടും ഭാവനാസമ്പന്നതയോടും കൂടി കൈക്കൊണ്ട ഒരുതീരുമാനം ഒരാളുടെ കഴിവിനതീതമായ കാരണങ്ങള്‍ കൊണ്ട് ഭീകരമായി പരാജയപ്പെട്ടതിന് ഇത്രത്തോളം വ്യക്തമായൊരുദാഹരണം ചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ലെന്ന് ചരിത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു’ (ഭാരത ചരിത്രം 153, 154)
തുഗ്ലക്കിനെ താറടിക്കാന്‍ പ്രയോഗിക്കാറുള്ള മറ്റൊരു ആരോപണമാണ് തലസ്ഥാന മാറ്റം. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഉദാരമാക്കുന്നതിനും ഭരണകാര്യങ്ങള്‍ സുഗമമാക്കുന്നതിനും ഉദ്ദേശിച്ചുള്ള യുക്തിപൂര്‍ണമായൊരു നടപടിയായിരുന്നു തലസ്ഥാന മാറ്റം. പഞ്ചാബ്, സിന്ധു ഗംഗാ സമതലങ്ങള്‍, ഗുജറാത്ത് മുതലായ ഉത്തരേന്ത്യന്‍ പ്രവിശ്യകളും ബംഗാള്‍, ഉജ്ജയിന്, മഹോബാധാര്‍ തുടങ്ങിയ മധ്യേഷന്‍ പ്രദേശങ്ങളും ദക്ഷിണേന്ത്യയും അടങ്ങുന്ന അതിവിശാലമായ സാമ്രാജ്യമാണ് അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നത്. അതിര്‍ത്തി പ്രവിശ്യകളില്‍ നിന്നും തലസ്ഥാനമായ ഡല്‍ഹിയിലേക്ക് ആയിരക്കണക്കിനു നാഴിക ദൂരമുണ്ടായിരുന്നു.

 

വാര്‍ത്താവിനിമയ- വാഹന സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്ന അക്കാലത്ത്, ഡല്‍ഹിയിലിരുന്നു ഇത്രയും വിശാലമായൊരു സാമ്രാജ്യത്തിന്റെ ഭരണം സുഗമമായി കൈകാര്യം ചെയ്യുകയെന്നത് അത്യന്തം ക്ലേശകരമായിരുന്നു. ഗുരുതരമായ ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ദക്ഷിണേന്ത്യയിലെ ദൗലത്താബാദ് മറ്റൊരു തലസ്ഥാനമാക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. മര്‍മ്മപ്രധാനമായ മറ്റു രണ്ടു ലക്ഷ്യങ്ങള്‍ കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. മംഗോളിയക്കാരുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഡല്‍ഹി പലപ്പോഴും വിധേയമായിട്ടുണ്ടായിരുന്നു. തലസ്ഥാനമാറ്റം തീരുമാനിച്ച കാലത്തും അവരുടെ ഭീഷണി നിലനിന്നിരുന്നു.

 

തലസ്ഥാനം ദൗലത്താബാദിലേക്ക് മാറ്റുന്നപക്ഷം, മംഗോളിയക്കാര്‍ക്ക് അവിടെ എത്തിച്ചേരാന്‍ സാമാന്യഗതിയില്‍ സാധ്യതയൊട്ടുമുണ്ടായിരുന്നില്ല. അതിനാല്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ഭരണം നടത്താം. പൊതുവെ വിപ്ലവ ചിന്താഗതിക്കാരായ ദക്ഷിണേന്ത്യക്കാരില്‍ നിന്നും ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധ വികാരങ്ങളെ അപ്പപ്പോള്‍ തന്നെ യുക്തമായി തരണം ചെയ്യാന്‍ തന്റെ സാന്നിധ്യം അവിടെയും അനിവാര്യമാണ്. ദീര്‍ഘദൃഷ്ടിയോടെയുള്ള ഈ ലക്ഷ്യങ്ങള്‍ നയതന്ത്രജ്ഞനായ ചക്രവര്‍ത്തി ഉദ്യോഗസ്ഥരെപോലും അറിയിക്കാതെ അതീവ രഹസ്യമാക്കിവെച്ചു.
തലസ്ഥാന നഗരിക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ധൃതഗതിയില്‍ ദൗലത്താബാദില്‍ ഏര്‍പ്പെടുത്തി. ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. പുതിയ തലസ്ഥാനത്തേക്ക് താമസം മാറ്റാന്‍ താല്‍പര്യമുള്ള എല്ലാ പ്രജകള്‍ക്കും യാത്രക്കും പാര്‍പ്പിടങ്ങള്‍ക്കുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. സ്ഥലം മാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥരില്‍ ബഹുഭൂരിഭാഗം പേര്‍ക്കും പക്ഷെ ഡല്‍ഹി വിട്ടുപോവാന്‍ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവര്‍ ചക്രവര്‍ത്തിയുടെ ഉത്തരവുകള്‍ക്ക് തുരങ്കം വെച്ചു. ജനങ്ങളെ അദ്ദേഹത്തിനെതിരില്‍ ഇളക്കിവിടുകയെന്ന ഹീന തന്ത്രമാണവര്‍ പ്രയോഗിച്ചത്.

 

ഔദ്യോഗിക സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും താല്‍പര്യമുള്ള ഡല്‍ഹി നിവാസികളേയും മാത്രം ദൗലത്താബാദിലേക്ക് മാറ്റാനുള്ള അദ്ദേഹത്തിന്റെ ഉത്തരവ് മറച്ചുവെച്ചുകൊണ്ട്, ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങളും മാറിത്താമസിക്കണമെന്നാണ് കല്‍പനയെന്ന് അവര്‍ വ്യാപകമായി രഹസ്യ പ്രചാരണം നടത്തി. ഇത് സത്യമാണെന്ന് വിശ്വസിച്ചു ചെറിയൊരു വിഭാഗം പോകാന്‍ തയ്യാറായി. വിസമ്മതം പ്രകടിപ്പിച്ച കര്‍ഷകരും വ്യവസായികളും കച്ചവടക്കാരുമായ വലിയൊരു വിഭാഗം ജനങ്ങളെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പലായനത്തിന് നിര്‍ബന്ധിച്ചു. തല്‍ഫലമായി പൊതുജനങ്ങള്‍ക്ക് പല വിധത്തിലുമുള്ള ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടിവന്നു. പല ഭാഗങ്ങളില്‍ നിന്നും അമര്‍ഷവും പ്രതിഷേധവും തലപൊക്കിത്തുടങ്ങി.

 

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കുതന്ത്രം ഫലം കണ്ടുവെന്നര്‍ത്ഥം. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ ചക്രവര്‍ത്തി തന്റെ തീരുമാനം പിന്‍വലിക്കുകയും ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ ദൂരീകരിക്കുകയും അവരുടെ പുനരധിവാസത്തിനുള്ള പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ മഹാനായ തുഗ്ലക്ക് ചക്രവര്‍ത്തിയുടെ യുക്തിഭദ്രവും സോദ്ദേശപരവുമായ മറ്റൊരു മഹായജ്ഞം കൂടി തന്റേതല്ലാത്ത കാരണത്താല്‍ ദുരന്തകഥയായി മാറി.
മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ ‘മണ്ടനായ ഭരണാധികാരി’യായി ഇകഴ്ത്തിക്കാണിക്കാന്‍ ഉതിര്‍ക്കാറുള്ള മറ്റൊരു പൊയ്‌വെടിയാണ് അദ്ദേഹത്തിന്റെ നാണയ പരിഷ്‌കരണം.

 

പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ വരള്‍ച്ചയും കൃഷിനാശവും തലസ്ഥാന മാറ്റത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, സര്‍വോപരി കള്ളനാണയങ്ങളുടെ വ്യാപകമായ പ്രചാരം തുടങ്ങിയ കാരണങ്ങളാല്‍ ഖജനാവ് ശോഷിച്ചു തുടങ്ങിയപ്പോഴാണ് നാണയ പരിഷ്‌കരണം നടപ്പാക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. തത്സമയം പ്രാബല്യത്തിലുണ്ടായിരുന്ന സ്വര്‍ണ നാണയങ്ങള്‍ പിന്‍വലിക്കുകയും പകരം ചെമ്പിന്റെയും പിച്ചളയുടെയും തുട്ടുകള്‍ പുറത്തിറക്കുകയും ചെയ്തു. രാജ്യത്തിനകത്ത് ചെമ്പ്-പിച്ചള നാണയങ്ങളും വിദേശ വിനിമയങ്ങള്‍ക്കു സ്വര്‍ണ നാണയങ്ങളും പ്രയോഗത്തില്‍ വരുത്തി ഖജനാവ് കൂടുതല്‍ സമ്പുഷ്ടമാക്കുകയായിരുന്നു ലക്ഷ്യം. മാത്രമല്ല, സ്വര്‍ണ നാണയങ്ങളുടെ തേയ്മാന നഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്നും ക്രാന്തദര്‍ശിയായ അദ്ദേഹം കണക്കുകൂട്ടി.

 

പക്ഷെ, വെളുക്കാന്‍ തേച്ചതു പാണ്ഡായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ഇവിടെ വില്ലന്മാരായത് ഉദ്യോഗസ്ഥന്മാരല്ല; പ്രജകള്‍ തന്നെയായിരുന്നു. നല്ലൊരു വിഭാഗം ജനങ്ങള്‍ വ്യാപകമായതോതില്‍ ചെമ്പിന്റെയും പിച്ചളയുടെയും കള്ളനാണയങ്ങള്‍ നിര്‍മ്മിക്കുകയും അവ വിതരണം ചെയ്തു പകരം സ്വര്‍ണ നാണയങ്ങള്‍ ശേഖരിച്ചു പൂഴ്ത്തിവെക്കുകയും ചെയ്തു. രാജ്യത്തെ ബഹുഭൂരിപക്ഷം വീടുകളും കുടില്‍ വ്യവസായമെന്ന പോലെ വ്യാജ നാണയ നിര്‍മ്മാണ യൂണിറ്റുകളായി മാറി. അതുവഴി പലരും വലിയ സമ്പന്നന്മാരായി മാറുകയും സര്‍ക്കാര്‍ സംവിധാനത്തെ തകിടം മറിച്ചു സമാന്തര സാമ്പത്തിക വ്യവസ്ഥിതി നടപ്പാക്കാന്‍ ശ്രമം നടത്തുകയുമുണ്ടായി.

 

ഈ സന്നിഗ്ധഘട്ടത്തിലാണ് ചെമ്പ്-പിച്ചള നാണയങ്ങള്‍ പിന്‍വലിക്കുവാനും വീണ്ടും സ്വര്‍ണ നാണയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുവാനും അദ്ദേഹം തീരുമാനിച്ചത്. ഈ പദ്ധതി പരിപൂര്‍ണ വിജയമായി. നാണയപ്പെരുപ്പവും വ്യാജ നാണയ നിര്‍മ്മാണവും നാമാവശേഷമായി.

chandrika: