X

മണിയുടെ ധാര്‍മികബോധം സി.പി.എമ്മിന്റെയും

അഞ്ചേരി ബേബി വധക്കേസിലെ രണ്ടാം പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയുടെ വിടുതല്‍ ഹര്‍ജി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ഇടതുപക്ഷത്തിനും സി.പി.എമ്മിനും നേരെ കാലം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രതിസ്ഥാനത്തുപോയിട്ട് ആരോപണം ഉന്നയിക്കപ്പെട്ടാലുടന്‍ രാജിയാവശ്യവുമായി അക്രമ സമരത്തിനിറങ്ങുന്ന സി.പി.എമ്മും ഇടതുപക്ഷവും ഇപ്പോള്‍ മണിയുടെ രാജിയാവശ്യത്തിനുമേല്‍ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന കാഴ്ച പരിഹാസ്യമായിരിക്കുന്നു.

 

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഔദ്യോഗിക പദവികളില്‍ തുടരരുതെന്നാണ് സി.പി.എം നയം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍ തന്നെ കേന്ദ്ര നേതൃത്വത്തിന് മണി തുടരുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയാണ് രണ്ടു പതിറ്റാണ്ടോളം ജില്ലാ സെക്രട്ടറിയായ എം.എം മണി. 2012 മെയ് 27ന് തൊടുപുഴയിലെ പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു കോഴിക്കോട് വടകര ഒഞ്ചിയത്തെ മുന്‍ സി.പി.എം നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തെ ന്യായീകരിച്ചുകൊണ്ട് മണി നടത്തിയ വിവാദ പ്രസംഗം.തങ്ങള്‍ രാഷ്ട്രീയ എതിരാളികളെ ആസൂത്രണം നടത്തി കൊന്നിട്ടുണ്ടെന്ന പരാമര്‍ശമാണ് കേസിനെ പുതിയ വഴിത്തിരിവിലെത്തിച്ചത്.

 
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊലചെയ്യപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി രീതിയനുസരിച്ച് കേരളത്തില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും എതിര്‍ പാര്‍ട്ടികളില്‍ അംഗമായിരിക്കുകയും ചെയ്യുന്നവരെ കൊലപ്പെടുത്തുക പതിവായിരുന്നു. നൂറുകണക്കിന് പേരാണ് അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയായിട്ടുള്ളത്. നിരവധി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇതില്‍ തടവുശിക്ഷ അനുഭവിക്കുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പലരും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയുമുണ്ടായി.

 

ഇതുപോലെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ വ്യാജമായതിനാലും സാക്ഷികള്‍ കൂറുമാറിയതിനാലുമാണ് അഞ്ചേരി ബേബി വധക്കേസിലും പ്രതികള്‍ രക്ഷപ്പെട്ടത്. ഒന്‍പത് പ്രതികളും ഏഴ് സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. മൂന്നുപതിറ്റാണ്ടിനുശേഷം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ കുപ്രസിദ്ധമായ ‘വണ്‍, ടു, ത്രീ പ്രസംഗ’ മാണ് മണിയെ കുരുക്കില്‍ ചാടിച്ചത്. കഴിഞ്ഞ 24നാണ് കോടതി മണിയുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിധി പ്രസ്താവിച്ചത്.

 
‘..ഞങ്ങള്‍ ഒരു പ്രസ്താവന ഇറക്കി. 13 പേര്‍. വണ്‍,ടു,ത്രീ, ഫോര്‍. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചുകൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ. ഒന്നാം പേരുകാരനെ വെടിവെച്ച്. രണ്ടാം പേരുകാരനെ തല്ലിക്കൊന്നു. മൂന്നാം പേരുകാരനെ.. മൂന്നാമത് കുത്തിക്കൊന്നു… ‘ മണിയുടെ പ്രസംഗം അന്താരാഷ്ട്രവാര്‍ത്താസ്ഥാപനമായ ബി.ബി.സി പോലും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് പൊലീസിന് നടപടിയെടുക്കേണ്ടത് അനിവാര്യമായി. ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസ് പുനരന്വേഷണം നടത്തി. അന്നും കോടതി മണിയുടെ വാദം തള്ളുകയായിരുന്നു. വധക്കേസിലും ഗൂഢാലോചനക്കേസിലും മണിയെ പ്രതിയാക്കി. മൂന്നാം പ്രതി മദനനും പാമ്പുപാറ കുട്ടനും മണിയും അറസ്റ്റിലായി. പീരുമേട് സബ് ജയിലില്‍ 44 ദിവസം മണിക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നു.

 
പുതിയ ഉത്തരവനുസരിച്ച് കേസില്‍ പാമ്പുപാറ കുട്ടന്‍ ഒന്നാം പ്രതിയും മണി രണ്ടാം പ്രതിയും. നാലാം പ്രതിയും ഏഴാം പ്രതിയും ജീവിച്ചിരിപ്പില്ല. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോഴത്തെ പ്രതിയും പിന്നീട് ഒമ്പതാം സാക്ഷിയുമായ മോഹന്‍ദാസിന്റെ മൊഴിയാണ് വഴിത്തിരിവായത്. പ്രോസിക്യൂഷന്റെ നിലപാടാണ് സര്‍ക്കാര്‍ മാറി വന്നിട്ടും മണിയെ രക്ഷപ്പെടാനാവാത്ത വിധം കുരുക്കിലാക്കിയത്. ബേബി കൊല്ലപ്പെടുമ്പോള്‍ താന്‍ കേരളത്തിലില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ മണിയുടെ വാദം. എന്നാല്‍ ഇതംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. 2012ല്‍ തന്നെ മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും വിധി എതിരായിരുന്നു. നുണ പരിശോധനക്ക് തയ്യാറായതുമില്ല.

 
മുമ്പ് വി.എസ് അനുകൂലിയായിരുന്ന മണി മൂന്നാറില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ വി.എസ് ഉത്തരവിട്ടതോടെയാണ് അവരുടെ ആളായി വി.എസ്സിനെതിരെ തിരിയുന്നത്. പിന്നീട് പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായി മണി. ഇതിനുള്ള പാരിതോഷികമാണ് മന്ത്രിസ്ഥാനം. മന്ത്രി ഇ.പി ജയരാജന്‍ സ്വന്തക്കാരെ പൊതുമേഖലാ പദവികളില്‍ നിയമിച്ച പരാതിയെതുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് കഴിഞ്ഞ മാസം മണി മന്ത്രിയാകുന്നത്. പ്രതിയായിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മണി വിജയിച്ചതെന്നായിരുന്നു സി.പി.എമ്മിന്റെ ന്യായം. കോടതി വിധി പുറത്തുവന്നയുടന്‍ മണി രാജിവെക്കേണ്ടിയിരുന്നെങ്കിലും തന്റെ രോമത്തിനുപോലും പോറലേല്‍ക്കില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പരസ്യമായി വീമ്പടിച്ചു.

 

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും മണി രാജിവെക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കയാണ്. വൈക്കം വിശ്വന്റെ പ്രതികരണത്തില്‍ ഇ.എം.എസിനെയും ഇ.കെ നായനാരെയും വരെ പരാമര്‍ശിക്കുന്നത് കൗതുകകരമാകുന്നു. അവരും കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് വിശ്വന്റെ ന്യായം. ‘കോടതി തീരുമാനിക്കട്ടെ. അധാര്‍മികതയുടെ ആശാന്മാര്‍ അതിനുമുമ്പ് ധാര്‍മികതയുമായി രംഗത്തുവരുന്നതിനെ കണക്കിലെടുക്കുന്നില്ല’ എന്നാണ് വി.എസിനെതിരെ വിശ്വന്റെ ഒളിയമ്പ്. വി.എസിനെതിരെയും കൊലക്കേസുള്ളതായി വാര്‍ത്ത പ്രചരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് മണിയെ വേദിയിലിരുത്തിയാണ്.

 
മുമ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചവരുടെ ചരിത്രം കേരളത്തിലുണ്ട്. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജന്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയുടെ ഒരു പരാമര്‍ശത്തെതുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ രാജിവെച്ചതെങ്കില്‍, മാലി ചാരക്കേസില്‍ വെറും ആരോപണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക് കാരണമായത്. കോണ്‍ഗ്രസ് മന്ത്രിമാരായ കെ.പി വിശ്വനാഥന്‍ രാജി നല്‍കിയത് വനംകൊള്ളക്കെതിരായ ഹൈക്കോടതി നടത്തിയ ചെറിയ പരാമര്‍ശത്തിലാണ്.

 

മുസ്‌ലിം ലീഗ് നേതാവായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജി കോടതിയില്‍ മാത്രമല്ല, പ്രഥമ വിവരറിപ്പോര്‍ട്ട് പോലും ഇല്ലാത്ത ഒരു ആരോപണത്തിന്മേലായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണി രാജിവെച്ചത് കോടതിയുടെ പരോക്ഷമായ പരാമര്‍ശത്തെതുടര്‍ന്നായിരുന്നു. അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിക്കുകയും രാഷ്ട്രീയ എതിരാളികളെ കുരുക്കിലാക്കുകയും ചെയ്യുന്ന ശൈലി തുടങ്ങിവെച്ചത് സി.പി.എമ്മാണ്. അതിന്റെ പാപഭാരം അവര്‍ പേറുക എന്നത് കാവ്യനീതി മാത്രമാണ്. എന്നാല്‍ മണിയുടെ കാര്യത്തില്‍ കോടതിയാണ് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വിധിച്ചിരിക്കുന്നത്. ഇനി രാജി മാത്രമേ മണിയുടെ മുന്നിലുള്ളൂ.

chandrika: