X
    Categories: Views

യു.എ.പി.എ കേസുകള്‍ പുനരവലോകനം ചെയ്യുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) പ്രകാരം സംസ്ഥാനത്ത് എടുത്തിട്ടുള്ള കേസുകള്‍ പൊലീസ് പുനരവലോകനം ചെയ്യുന്നു. ഇതിനകം കോടതിയില്‍ ചാര്‍ജ്ഷീറ്റ് നല്‍കാത്ത കേസുകളാണ് അവലോകനം ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് നിയമവിദഗ്ധരുടെ സഹായത്തോടെ കേസുകള്‍ ഓരോന്നും പരിശോധിക്കാനാണ് തീരുമാനം.

കേസുകളില്‍ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തന്നെയാണോ യു.എ.പി.എ ചുമത്തിയിട്ടുള്ളതെന്ന കാര്യം പരിശോധിക്കും. ഇതോടൊപ്പം ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ആക്ഷേപം ഉണ്ടെങ്കില്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.

വിവാദമായതോടെ യു.എ.പി.എ ചുമത്തുന്നതിനു മാനദണ്ഡങ്ങള്‍ ഏര്‍പെടുത്തി ഡി.ജി. പി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലവില്‍ യു.എ.പി.എ ചുമത്തിയ കേസുകളും പുനഃപ്പരിശോധിക്കുന്നത്. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ യു.എ.പി.എ, രാജ്യദ്രോഹ കുറ്റം, എന്‍.ഐ.എ ആക്ട് പ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താവൂവെന്നും ഇത്തരം വകുപ്പുകള്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്താന്‍ തീരുമാനിക്കും മുന്‍പ് സി.ഐ, ഡിവൈ.എസ്.പി, ജില്ലാ പൊലീസ് മേധാവി എന്നിവരില്‍ നിന്ന് ഉപദേശം തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്യുന്ന പൊലീസ് നടപടി സംസ്ഥാന സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. സി.പി.എം കേന്ദ്രനേതൃത്വവും സംസ്ഥാന ഘടകവും ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയതോടെയാണ് തിരുത്തല്‍ നടപടി തുടങ്ങിയത്.

chandrika: