X

രാജി സന്നദ്ധത അറിയിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്

സോള്‍: തോഴിക്കെതിരായ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചു. എത്രകാലം താന്‍ അധികാരത്തില്‍ തുടരണമെന്നതു സംബന്ധിച്ചും പിന്‍ഗാമിയുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ അവര്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന മുറവിളികള്‍ക്കിടെയാണ് പാര്‍ക് അധികാരമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

പ്രസിഡന്റ് എന്ന നിലയില്‍ തന്റെ കാലവാധി ചുരുക്കുന്നത് അടക്കമുള്ള ഭാവി കാര്യങ്ങള്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക് വിടുന്നതായി അവര്‍ പറഞ്ഞു. നയമപ്രകാരം പദവിയില്‍നിന്ന് രാജിവെക്കാന്‍ തയാറാണ്. ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്ത് അക്കാര്യത്തില്‍ തീരുമാനമെടുക്കന്നത് രാഷ്ട്രീയ ശൂന്യതയും അരക്ഷിതാവസ്ഥയും ഒഴിവാക്കാന്‍ സഹായകമാകുമെന്ന് പാര്‍ക് പ്രത്യാശിച്ചു. തോഴി ചോയി സൂന്‍ സിലിന് ഭരണത്തില്‍ ഇടപെടാന്‍ അമിത സ്വാതന്ത്ര്യം നല്‍കുകയും സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത പാര്‍ക് രാജിവെക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമായിട്ടുണ്ട്.

അധികാരത്തില്‍നിന്ന് ഒഴിയുന്നതു സംബന്ധിച്ച് പാര്‍ലമെന്റ് തീരുമാനമെടുക്കണമെന്ന പാര്‍കിന്റെ ആവശ്യം മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി തള്ളി. ഇംപീച്ച്‌മെന്റില്‍നിന്ന് രക്ഷപ്പെടാനുള്ള അടവാണ് ഇതെന്ന് പാര്‍ട്ടി നേതാവ് പാര്‍ക് ക്വാങ് ഓണ്‍ പറഞ്ഞു. പന്ത് പാര്‍ലമെന്റിലേക്ക് തട്ടി അധികാരത്തില്‍നിന്ന് പുറത്തുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് അന്വേഷണവും മറ്റു നടപടികളും നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് അവരെന്ന് ക്വാങ് ഓണ്‍ പറഞ്ഞു. തോഴിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പു പറഞ്ഞ പാര്‍ക് രാജിവെക്കണമെന്ന ആവശ്യം നേരത്തെ തള്ളിയിരുന്നു.

രാജിയില്‍ കുറഞ്ഞ് യാതൊന്നുകൊണ്ടും തൃപ്തിപ്പെടില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കുകയും ഇംപീച്ച്‌മെന്റ് പ്രമേയവുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജിക്ക് തയറായിരിക്കന്നത്. പാര്‍കിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ചയും തലസ്ഥാനമായ സോളില്‍ വന്‍ പ്രതിഷേധ റാലി നടന്നിരുന്നു. റാലിയില്‍ 15 ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് പൊലീസ് പറയുന്നു.

chandrika: