X

റോഹിംഗ്യകളുടെ യാതന അവസാനിപ്പിക്കണം

ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് കുടിയേറിയ ഏറെപ്പേര്‍ക്ക് വ്യാപാര-ജീവിത ബന്ധങ്ങള്‍ കൊണ്ട് പരിചിതമായ നാടാണ് മ്യാന്‍മാര്‍ എന്ന പഴയ ബര്‍മ. ഇവിടെ നിന്ന് ഏറെക്കാലമായി ഉയര്‍ന്നുവരുന്ന മനുഷ്യാവകാശ പ്രശ്‌നമാണ് ന്യൂനപക്ഷമായ റോഹിംഗ്യകളുമായി ബന്ധപ്പെട്ട കൊടുംക്രൂരതകള്‍. മ്യാന്‍മറിലെ റക്കൈന്‍ പ്രവിശ്യയില്‍ നൂറ്റാണ്ടുകളായി വസിച്ചുവരുന്ന മുസ്്‌ലിംകളാണ് റോഹിംഗ്യകള്‍. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനും തുടര്‍ന്നും നടന്നുവരുന്ന സൈനിക നടപടിയിലൂടെ നൂറ്റമ്പതോളം പേര്‍ കൊല്ലപ്പെടുകയും മുപ്പതിനായിരം പേര്‍ പലായനം ചെയ്യുകയും ചെയ്തു. ഇതിലുമെത്രയോ പേര്‍ക്കാണ് കാലങ്ങളായുള്ള സൈനിക-ഭൂരിപക്ഷ പീഡനം മൂലം ജീവത്യാഗം ചെയ്യേണ്ടി വരികയും നാടുവിടേണ്ടിയും വന്നിട്ടുള്ളത്. അയല്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളിലാണ് റോഹിംഗ്യക്കാര്‍ സൈ്വര്യ ജീവിതം തേടിപ്പോകുന്നത്. മനുഷ്യാവകാശ സമാധാനപ്രശ്‌നങ്ങളിലുള്ള ശക്തമായ നിലപാടുകളും പോരാട്ടങ്ങളും കൊണ്ട് നോബല്‍ സമ്മാനത്തിന് അര്‍ഹയായ ഓങ് സാങ് സൂക്കിയുടെ നാടാണ് മ്യാന്‍മാര്‍ എന്നത് ഓര്‍ക്കുമ്പോള്‍ ഈ രാജ്യത്തെ കൊടിയ മനുഷ്യാവകാശ ധ്വംസനം കേട്ട് സമാധാന കാംക്ഷികള്‍ക്ക് ലജ്ജിക്കേണ്ടിവരുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് അവസരങ്ങളുടെ അഭാവവും അരക്ഷിത ബോധവും ഉണ്ടാകുന്നത് ഏതൊരു സമൂഹത്തിലും ആശാസ്യമല്ല. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിയതമായ മാനദണ്ഡങ്ങള്‍ സാംസ്‌കാരികമായി ഉന്നതരായ നാം തയ്യാറാക്കിയിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ ഇച്ഛക്കൊത്തും അടിമത്തത്തിലും ഔദാര്യത്തിലും ജീവിക്കേണ്ട അവസ്ഥ പല രാജ്യങ്ങളിലും സമൂഹങ്ങളിലും ശാസ്ത്രീയ-സാംസ്‌കാരിക പുരോഗതിയുടെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സംഭവിക്കുന്നുണ്ട് എന്നത് നഗ്നമായ യാഥാര്‍ഥ്യമാണ് എന്നതു ശരിതന്നെ. എന്നാല്‍ തൊഴിലും ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും പോയിട്ട് സമാധാനപരമായും സൈ്വര്യമായും കിടന്നുറങ്ങാന്‍ പോലും കഴിയാത്ത വിധമുള്ള പീഡനങ്ങളും അക്രമങ്ങളുമാണ് റോഹിംഗ്യകളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പതിവാണ്. തെരഞ്ഞെടുക്കപ്പെട്ട സൂക്കി സര്‍ക്കാരിന് സൈന്യത്തിന്റെ അക്രമത്തിന് ഉത്തരവാദിത്തമില്ല എന്നാണ് പറയുന്നത്. എന്നാല്‍ സൂക്കിയുടെ നോബല്‍ സമ്മാനം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം സമാധാനത്തിനും സ്വാതന്ത്ര്യത്തിനും മാത്രം വേണ്ടിയായിരുന്നോ എന്നാണ് ചോദ്യമുയരുന്നത്.

റക്കൈനില്‍ നൂറു കണക്കിന് കെട്ടിടങ്ങളാണ് സൈന്യം അഗ്നിക്കിരയാക്കിയതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. പലായനം ചെയ്യുന്നവര്‍ക്കുനേരെ പോലും വെടിയുതിര്‍ക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു. സമാധാനത്തിന്റെ ദൂതനായ ശ്രീബുദ്ധന്റെ അനുയായികളുള്ള ഭൂരിപക്ഷ ജനതയാണ് ഈ കാട്ടിക്കൂട്ടലുകളെല്ലാം നടത്തുന്നതെന്നതാണ് വൈരുധ്യവും ആക്ഷേപകരവും. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ് റോഹിംഗ്യകളെക്കുറിച്ച് സൈന്യവും ഭൂരിപക്ഷ മതക്കാരും ആരോപിക്കുന്നത്. എന്നാല്‍ ഏറെ തലമുറകളായി ജീവിക്കുന്നവരാണ് റോഹിംഗ്യകളെന്നത് ഇക്കൂട്ടര്‍ മന:പൂര്‍വം മറച്ചുവെക്കുകയോ സൗകര്യപൂര്‍വം മറക്കുകയോ ആണ്. അങ്ങനെ പുതിയ പൂര്‍വികരെല്ലാം നാടുവിടണമെങ്കില്‍ എല്ലാ ജനതക്കും പഴയ ആഫ്രിക്കയിലേക്കായിരിക്കും മടങ്ങേണ്ടി വരിക. തീവ്രവാദികളെയാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. എന്നാല്‍ വിരലിലെണ്ണാവുന്ന ഇവരുടെ ചെയ്തികള്‍ക്ക് വലിയ കൂട്ടം ജനതയെ കുരുതിക്ക് കൊടുക്കുന്നത് എന്ത് നേടാനാണ്. ഇനി തീവ്രവാദികള്‍ അക്രമത്തിന്റെ വഴി സ്വീകരിച്ചാല്‍ തന്നെ അവരെ അതിന് കാരണക്കാരാക്കിയ ക്രൂരമായ നരഹത്യകളെ എങ്ങനെ സൈന്യത്തിന് ന്യായീകരിക്കാനാകും? സിറിയയിലും ഇറാഖിലും മറ്റും ഭരണകൂടങ്ങള്‍ക്ക് വേണ്ടി നടത്തുന്ന വ്യയവും സൈനിക ശക്തി വ്യൂഹവും രോഹിംഗ്യകളുടെ കാര്യത്തില്‍ കൂടി കാട്ടാന്‍ വന്‍ ശക്തികളായ യു.എസ്സും റഷ്യയും തയ്യാറാകേണ്ടതുണ്ട്.

ബംഗ്ലാദേശിലെ ചിറ്റഗോംഗ് പ്രദേശത്തോട് ചേര്‍ന്നുള്ള പ്രവിശ്യയാണ് റക്കൈന്‍. 14194 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും മൂന്നു ലക്ഷം മാത്രം ജനസംഖ്യയുമുള്ള പ്രവിശ്യയുടെ 42.7 ശതമാനം മാത്രമാണ് രോഹിംഗ്യ മുസ്‌ലിംകള്‍. ആകെക്കൂടി പത്തുലക്ഷം ആളുകള്‍. ബുദ്ധമതക്കാരാകട്ടെ 55.8 ശതമാനവും. 2012ല്‍ റക്കൈന്‍ വംശജരും മുസ്‌ലിംകളും തമ്മില്‍ നടന്ന കലാപത്തില്‍ ഒന്നര ലക്ഷത്തിലധികം പേരാണ് നാടുവിട്ടത്. ഇവരിന്നും വിവിധ രാജ്യങ്ങളിലെ അഭയാര്‍ഥി ടെന്റുകളിലാണ് കഴിയുന്നത്. അഭയാര്‍ഥികളായി കടലിലൂടെ നാടുവിടുന്നവരുടെ കാര്യവും കഷ്ടമെന്നല്ലാതെ പറയാനാവില്ല. പല അയല്‍ രാജ്യങ്ങളും ഇവരെ തീരത്തടുക്കും മുമ്പും നടുക്കടലില്‍ വെച്ചു തന്നെയും തിരിച്ചയക്കുന്ന കാഴ്ചകള്‍ ഭീതിതവും സ്‌തോഭജനകവുമാണ്. പതിനായിരങ്ങളാണ് ഇങ്ങനെ ഇന്ത്യന്‍ അതിര്‍ത്തിയിലും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതനയില്‍ ജീവിതം തള്ളിനീക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതമാണ് ഇവിടെ ഏറെ ദയനീയം. മുസ്‌ലിംകള്‍ വര്‍ധിക്കുന്നത് തങ്ങളുടെ ജനസംഖ്യ കുറക്കുമെന്നാണത്രെ പ്രാദേശിക സമുദായക്കാരുടെ ന്യായം. ഇത് അടിസ്ഥാന രഹിതവും അസത്യ പ്രചാരണം വഴി ആശങ്ക കൂട്ടുന്നതിനുമായുള്ളതുമാണ്. എല്ലാ നാട്ടിലും ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന അധികാരക്കൊതിയുള്ള നേതൃത്വം ബോധപൂര്‍വം പ്രചരിപ്പിക്കുന്ന ദുര്‍ന്യായമാണിത്. ഇതുതന്നെയാണ് അടുത്ത കാലത്തായി ഇന്ത്യയിലും ഇസ്രാഈലിലെ ജൂതരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വൈവിധ്യവും വൈപുല്യവുമായിരിക്കണം ആധുനിക മനുഷ്യന്റെ പാരസ്പര്യത്തിന് അടിസ്ഥാനം.

ഏപ്രിലില്‍ ഏറെക്കാലത്തെ സൈനിക ഭരണത്തിന് ശേഷം അധികാരമേറ്റ സൂക്കി ഭരണകൂടത്തിന് സ്വന്തം പാര്‍ട്ടിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയിലെ ജനാധിപത്യത്തോട് വല്ല പ്രതിദ്ധതയുമുണ്ടെങ്കില്‍ ചെയ്യേണ്ടത് എത്രയും വേഗം ഈ മനുഷ്യക്കുരുതി നിര്‍ത്താന്‍ സൈന്യത്തോട് ആജ്ഞാപിക്കുകയാണ്. അതിന് പോയിട്ട് സൈനിക നടപടിയെ അപലപിക്കുക കൂടി ചെയ്യാന്‍ സൂക്കി എന്ന പോരാളി വനിത തയ്യാറാവുന്നില്ല എന്നത് അന്താരാഷ്ട്ര സമൂഹത്തെ അലോസരപ്പെടുത്തുന്നു. പല അന്താരാഷ്ട്ര സംഘടനകളും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് പഠനത്തിനെത്തിയ മുന്‍ ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ വെളിപ്പെടുത്തിയത് സ്ഥിതി വളരെ ശോചനീയമാണെന്നാണ്. റോഹിംഗ്യകളുടെ കാര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും മതിയായ സമ്മര്‍ദം ചെലുത്തണം.

chandrika: