X

ലോക്ക്ഡൗണില്‍ ഇടിഞ്ഞ് തേങ്ങാവിപണി; ഒരു മാസത്തിനിടെ കുറഞ്ഞത് 3250 രൂപ

കൊച്ചി: ലോക്ക്ഡൗണില്‍ ഉണങ്ങിവരണ്ട് തേങ്ങാവിപണി. ഒരു മാസത്തിനിടെ ഉണ്ടക്കൊപ്രയ്ക്ക് കുറഞ്ഞത് 3250 രൂപയാണ്. കൊപ്ര, രാജാപ്പുര്‍, പച്ചത്തേങ്ങ എന്നിവയ്ക്കും വില 25 ശതമാനത്തോളം കുറഞ്ഞു. ലോക്ഡൗണില്‍ ഇളവ് കിട്ടിയതിനെത്തുടര്‍ന്ന് ജില്ലയിലെ മലഞ്ചരക്ക് വിപണി തുറന്നത് ഏപ്രില്‍ 30-നാണ്. ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കാനായിരുന്നു അനുമതി. വിപണി തുറക്കുമ്പോള്‍ ഉണ്ടക്കൊപ്രയ്ക്ക് 13,000 രൂപയും രാജാപ്പുരിന് 15,000 രൂപയും കിട്ടി. എന്നാല്‍, വില്‍പ്പന തുടങ്ങിയശേഷം വില ഇടിയാന്‍ തുടങ്ങി. ആദ്യദിവസംതന്നെ കുറഞ്ഞത് ക്വിന്റലിന് 700 രൂപയാണ്. ചൊവ്വാഴ്ച ഉണ്ടക്കൊപ്രയുടെ വില 9750-ലേക്ക് കൂപ്പുകുത്തി. ലോക്ഡൗണിനു മുമ്പുള്ള വിലയിലും കുറവാണിത്.
കോഴിക്കോട്ടെ പ്രധാന കൊപ്രവിപണിയായ വടകരയില്‍ ഏറ്റവും കൂടുതലെത്തുന്നത് ഉണ്ടക്കൊപ്രയാണ്. കൃഷിച്ചെലവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഈ വില ഒരിക്കലും മുതലാകില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. മറ്റുമാര്‍ഗമില്ലാത്തതിനാല്‍ കിട്ടുന്നവിലയ്ക്ക് കൊപ്ര വില്‍ക്കുകയാണ് കര്‍ഷകര്‍.
സാധാരണ കൊപ്രയുടെ വില 9200 രൂപയാണ്. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 28.50 രൂപയും. ഏതാനും ദിവസം മുമ്പുവരെ 35 രൂപവരെ കിട്ടിയിരുന്നു. ഉണ്ടക്കൊപ്ര സംസ്‌കരിച്ചുണ്ടാക്കുന്ന രാജാപ്പുര്‍ കൊപ്രയുടെ വില പതിനയ്യായിരത്തില്‍നിന്നാണ് 11,700-ലേക്ക് താഴ്ന്നത്. രാജാപ്പുര്‍ വിലകൂടിയാല്‍മാത്രമേ തേങ്ങവിപണിയില്‍ ഉണര്‍വുണ്ടാകൂ.
ലോക്ഡൗണായതോടെയാണ് പച്ചത്തേങ്ങയുടെ ആവശ്യവും കുറഞ്ഞത്. കല്യാണംപോലുള്ള ചടങ്ങുകള്‍ ഇല്ലാതായതും അരവുകേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നതുമെല്ലാം പച്ചത്തേങ്ങയുടെ ആവശ്യം കുറച്ചു. ഇതോടെ വിലയും ഇടിഞ്ഞു.

Test User: