X

വിസ്മരിക്കപ്പെടുന്നത് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍

രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂല നിലമൊരുക്കുന്നതില്‍ ശ്രീരാമനെ ഭാരതീയ ജനതാപാര്‍ട്ടി ഇതുവരെ വളരെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രാമ ജന്മഭൂമി പ്രശ്‌നത്തോടെ രാജ്യത്താകമാനം വിഭാഗീയ രാഷ്ട്രീയത്തിന്റെ വിത്ത് പാകുന്നതില്‍ പാര്‍ട്ടി വിജയിച്ചു. എല്‍.കെ അദ്വാനിയുടെ രഥയാത്ര ഈ നീക്കത്തെ ത്വരിതപ്പെടുത്തുകയും ഇതോടനുബന്ധിച്ചുണ്ടായ കലാപങ്ങള്‍ പാര്‍ട്ടിക്കനുകൂലമാകുകയും ചെയ്തു. കൃത്യമായ ആസൂത്രണത്തിലൂടെ ബാബരി മസ്ജിദ് തകര്‍ത്തത,് വര്‍ഗീയ കലാപങ്ങള്‍ വ്യാപിപ്പിക്കുന്നതിനും രാജ്യത്ത് രാഷ്ട്രീയം മതത്തിന്റെ പേരിലാക്കുന്നതിനും വഴിയൊരുക്കി. ഇത് രാഷ്ട്രീയപരമായി ബി.ജെ.പിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. ക്രമേണ വളര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി പാര്‍ട്ടി മാറി. 1996ല്‍ രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലെത്തി. ഇപ്പോള്‍ 2014 ലെ തെരഞ്ഞെടുപ്പോടെ 31 ശതമാനം വോട്ടു നേടി 282 ലോക്‌സഭാ സീറ്റുകള്‍ അവര്‍ സ്വന്തമാക്കി.

രാമക്ഷേത്രം പണിയുമെന്ന അജണ്ട പാര്‍ട്ടി എപ്പോഴും തുടര്‍ന്നുവരുന്ന വാഗ്ദാനം മാത്രമാണ്. അതൊരിക്കലും സാഫല്യമാകില്ല. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറഞ്ഞ് അവര്‍ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഇതുപോലെ തന്നെ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നതാണ് അച്ചേദിന്‍ പരിപാടിയും കള്ളപ്പണം ആറ് മാസത്തിനകം ഇന്ത്യയില്‍ തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനവും.

രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വല്ലാത്ത ആകര്‍ഷണമുള്ള പ്രയോഗമാണ്. ഈ വാഗ്ദാനം നിറവേറ്റുന്നത് പ്രായോഗികമല്ലെന്ന് അറിയാമെങ്കിലും ഇതുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ്. പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും നിയമപരമായി ക്ഷേത്രം പണിയാനാവില്ലെന്നും ഇവര്‍ക്ക് നന്നായി അറിയാം. ആളുകളെ ഉത്തേജിപ്പിച്ച് അനധികൃതമായി മസ്ജിദ് പൊളിച്ചപോലെ നിയമവിരുദ്ധമായി ക്ഷേത്രം പണിയാനാവില്ലെന്ന് ആര്‍.എസ്.എസ് സംഘത്തിനറിയാം. എന്നാലും രാഷ്ട്രീയ നേട്ടം കൊയ്യുന്നതിലും മത വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനും ഈ വിഷയം ഉപകരിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അതിനാല്‍ രാമക്ഷേത്ര വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇയ്യിടെ ലക്‌നൊവില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീറാം മുദ്രാവാക്യം ഉയര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയുമെന്ന ആര്‍.എസ്.എസ് സംഘത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഈ റാലി. ആര്‍.എസ്.എസിന്റെ മുദ്രാവാക്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം പവര്‍പ്ലാന്റ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തില്‍ ദൃശ്യമായത്. ഹിന്ദു ദേശീയ വാദമാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അജണ്ടയെന്ന് പ്രധാന മന്ത്രി വ്യക്തമാക്കുകയുണ്ടായി. വിഭാഗീയത വളര്‍ത്തി മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി അയോധ്യയില്‍ റാം മ്യൂസിയം പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി. ഈ അവസരത്തില്‍തന്നെ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ റാം ലീല തീം പാര്‍ക്ക് സ്ഥാപിക്കുമെന്ന തീരുമാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി രാഷ്ട്രീയത്തിലെ ട്രേഡ് മാര്‍ക്കാണ് രാമക്ഷേത്രം. അതിലൂടെയവര്‍ രാഷ്ട്രീയ നേട്ടവും കൊയ്തിട്ടുണ്ട്. എന്നാല്‍ മറ്റു പാര്‍ട്ടികളും ഇപ്പോള്‍ ഈ തന്ത്രം പയറ്റാന്‍ തുടങ്ങിയിരിക്കുകയാണ്.

മ്യൂസിയവും തീ പാര്‍ക്കുമൊന്നും യാഥാര്‍ത്ഥ്യമല്ല. അവ ലോലിപോപ് പോലെയാണ്. രാമക്ഷേത്രം നിര്‍മ്മിക്കുമെന്നതാണ് യാഥാര്‍ത്ഥ്യമെന്നാണ് ബി.ജെ.പിയുടെ തീപ്പൊരി നേതാവും 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സഘത്തില്‍ അംഗവുമായിരുന്ന വിശ്വ ഹിന്ദു പരിഷത്ത് സ്ഥാപകന്‍ വിനയ് കത്യാര്‍ അഭിപ്രായപ്പെട്ടത്. തന്റെ ജീവിത കാലത്തു തന്നെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗത് വ്യക്തമാക്കിയത്. മോദി സര്‍ക്കാറിന്റെ കാലത്തു തന്നെ ക്ഷേത്രം നിര്‍മ്മിക്കുമെന്നതുള്‍പ്പെടെ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഹിന്ദുത്വ സംഘടനകളില്‍ നിന്നുയരുന്നത്.
ബാബരി മസ്ജിദ് ഭൂമി മൂന്നായി വിഭജിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി വിധിന്യായത്തില്‍ പറയുന്നത്. ഇതു പ്രകാരം മൂന്നിലൊന്ന് ഭൂമി മാത്രമേ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്കു ലഭിക്കൂ. ഒരു ഭാഗം റാം ശിലാ ന്യാസിനും മറ്റൊരു ഭാഗം രാം ലല്ലക്കും ലഭിക്കും. ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പട്ട അപൂര്‍വമായൊരു കേസാണിത്. ചരിത്രം വിശ്വാസവുമായി കൂടിക്കുഴയുന്ന അവസ്ഥ.

ദക്ഷിണേഷ്യന്‍ ഭാഗങ്ങളില്‍ മത, സാംസ്‌കാരിക, ഐതിഹ്യങ്ങളില്‍ ശക്തമായ സത്തയാണ് ശ്രീരാമന്‍. ശ്രീ രാമന്‍ ഐതിഹ്യ ബിംബമാണെന്നാണ് രാം സേതു വിഷയത്തില്‍ സത്യവാങ്മൂലം നല്‍കുന്നതിനിടയില്‍ യു.പി.എ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഈ വിശദീകരണത്തെ ആര്‍.എസ്.എസ് വക്താക്കള്‍ ശക്തമായി വിമര്‍ശിച്ചു. ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ലെന്നും ചരിത്രപരമായും ഐതിഹ്യപരമായും അതിന് തെളിവുണ്ടെന്നുമാണ് ആര്‍.എസ്.എസ് വ്യക്തമാക്കുന്നത്.
വിഭാഗീയ രാഷ്ട്രീയം പൊലിപ്പിക്കുന്നതിന് ഒരു വശത്ത് ശ്രീരാമനെ ചരിത്ര ബിംബയായി അവതരിപ്പിക്കുന്ന വര്‍ഗീയവാദികള്‍ക്ക് ബാബരി മസ്ജിദ് ഭൂമിയിലാണ് രാമന്റെ ജന്മ സ്ഥലമെന്ന് എങ്ങനെ സ്ഥാപിക്കാനാകും. മറ്റൊരു വശത്ത്, രാമന്റെ സാംസ്‌കാരിക അസ്തിത്വം മതത്തില്‍ മാത്രമൊതുക്കാന്‍ എങ്ങനെ കഴിയും. ഒന്നോര്‍ത്തു നോക്കുക. ഒരു മലയാള പത്രത്തില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതന്‍ ഡോ. എം.എം ബഷീര്‍ രാമായണത്തെക്കുറിച്ചെഴുതിവന്ന പംക്തി നിര്‍ബന്ധിച്ചു നിര്‍ത്തിച്ചത് അദ്ദേഹത്തിന്റെ മുസ്‌ലിം അസ്തിത്വത്തെത്തുടര്‍ന്നാണ്. മുസ്‌ലിമായതിന്റെ പേരില്‍ പ്രമുഖ നടന്‍ നവാജുദ്ദീന്‍ സിദ്ദീഖിയെ രാമായണത്തിലെ കഥാപാത്രമായി അഭിനയിക്കുന്നതില്‍ നിന്ന് അദ്ദേഹത്തിന്റെ സ്വന്തം നാടായ രാംലീലയിലെ മാരിച്ചില്‍ തടഞ്ഞത് ഇതിന് സമാനമായ സംഭവമാണ്. ശ്രീരാമന്റെ വര്‍ഗീയവത്കരണം ദുഃഖകരമായൊരു കഥയുടെ ഭാഗമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രം മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിലേക്കു മാറ്റുന്ന വര്‍ഗീയ കളികളിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളെ കശാപ്പു ചെയ്യുകയായിരുന്നു. അങ്ങനെയാണ് സമാജ്‌വാദി പാര്‍ട്ടി ഒരു വശത്ത് രാം ലീല തീം പാര്‍ക്ക് പോലുള്ളവ പ്രോത്സാഹിപ്പിക്കുന്നതും മറുവശത്ത് ഉത്തര്‍പ്രദേശിനെ വര്‍ഗീയ കലാപത്തിലേക്ക് നയിക്കുന്നതും. സമാജ് വാദി പാര്‍ട്ടി മുസാഫര്‍നഗര്‍ കലാപത്തില്‍ (2013) തുടങ്ങിയ കളി, ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടക്കു പരോക്ഷമായി പ്രോത്സാഹനം നല്‍കുന്നതാണ്. ചെറിയ തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ ഹിന്ദു വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ സഹായിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇതിനു സമാനമായി സമാജ്‌വാദി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ ഇത്തരം കലാപങ്ങള്‍ മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുമെന്നും അതിനാല്‍ സംരക്ഷണം ലഭിക്കാനായി അവര്‍ തങ്ങളുടെ ക്യാമ്പുകളിലെത്തുമെന്നുമാണ്.

ഇത്തരത്തില്‍ നിരവധി വൈകാരിക പ്രശ്‌നങ്ങളുമായി ബി.ജെ.പി ഇപ്പോള്‍ തെരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ്. രാഷ്ട്രീയത്തിനു പുറത്തുള്ള വിഷയങ്ങളും അവര്‍ ഇതിലേക്കു വലിച്ചിഴക്കുന്നു. ഇയ്യിടെ പാക്കിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം സംബന്ധിച്ച് സംഘ്പരിപാര്‍ നടത്തുന്ന പ്രചാരണം അതിലൊന്നാണ്. ഇത്ര ധൈര്യത്തോടെയുള്ള നടപടി ഇതാദ്യമാണെന്നും ആര്‍.എസ്.എസില്‍ നിന്ന് ലഭിച്ച പരിശീലനമാണ് മോദിയുടെ നേതൃത്വത്തിന് ഇത്തരം ശക്തമായ തീരുമാനങ്ങളെടുക്കാന്‍ പ്രേരണയായതെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ക്കിപ്പോള്‍ കാപട്യവും നെഞ്ചളവും സര്‍വപ്രധാനമായ കാര്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബീഫ് പ്രശ്‌നവും ബി.ജെ.പി ഉപയോഗിക്കുന്നുണ്ട്.
പോഷകാഹാരക്കുറവ്, അതിജീവനം, അനാരോഗ്യം, കുറയുന്ന തൊഴില്‍ മേഖലകള്‍ തുടങ്ങി രാജ്യത്തെ നിരവധി അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇത്തരം ലജ്ജാകരമായ തെരഞ്ഞെടുപ്പ് കളികള്‍കൊണ്ട് പരിഹരിക്കാനാകുമോയെന്നാണ് ഉയരുന്ന ചോദ്യം.

chandrika: