X

സമാധാന പ്രതീക്ഷ ട്രംപ് തകര്‍ക്കുമോ

HENDERSON, NV - OCTOBER 05: Republican presidential nominee Donald Trump speaks during a campaign rally at the Henderson Pavilion on October 5, 2016 in Henderson, Nevada. Trump is campaigning ahead of the second presidential debate coming up on October 9 with Democratic presidential nominee Hillary Clinton. (Photo by Ethan Miller/Getty Images)

സര്‍വ സുരക്ഷാസംവിധാനങ്ങളും തകര്‍ത്ത് ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നു. ലോക രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിനും ശമനമില്ല. ഇസ്തംബൂളിലെയും ബഗ്ദാദിലെയും ഭീകര താണ്ഡവം പുതുവര്‍ഷ പുലരിയില്‍ നമ്മെ നടുക്കി. ലോക സമാധാനത്തിന് മുന്നില്‍ നില്‍ക്കേണ്ട അമേരിക്കയും റഷ്യയും കൊമ്പുകോര്‍ക്കുന്നു. ലോകത്തെ വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ പുതുവര്‍ഷത്തില്‍ ലോക സമാധാനത്തെ കുറിച്ചുള്ള പ്രതീക്ഷ തകരുകയാണ്.

തുര്‍ക്കിയുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. പുതുവര്‍ഷാഘോഷ വേളയില്‍ ഭീകരന്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത് 38 പേരെയാണ്. രണ്ടാഴ്ച മുമ്പ് ഇസ്തംബൂള്‍ സ്റ്റേഡിയത്തിന് സമീപം സ്‌ഫോടനത്തിലും ഇത്രയും പേരുടെ ജീവന്‍ നഷ്ടമായി. ഐ.എസ് ഭീകരതക്കും കുര്‍ദ്ദിഷ് തീവ്രവാദത്തിനും ഭരണവിരുദ്ധ ഭീകരതക്കും ഒരേ ലക്ഷ്യം; തുര്‍ക്കിയിലെ റജബ് തയ്യിബ് ഉറുദുഗാന്‍ സര്‍ക്കാറിനെ അട്ടിമറിക്കുക. മധ്യ പൗരസ്ത്യ ദേശത്ത് നിര്‍ണായക സ്വാധീനമുള്ള തുര്‍ക്കി ഭരണ കൂടത്തെ അട്ടിമറിക്കുന്നതിന് പിന്നില്‍ പാശ്ചാത്യ ശക്തികളുണ്ടെന്ന് പ്രസിഡണ്ട് ഉറുദുഗാന്‍ വിശ്വസിക്കുന്നു. ഭീകരരായ ഐ.എസിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണെന്ന് തെളിവു സഹിതം ഉറുദുഗാന്‍ വിശദീകരിക്കുന്നുണ്ട്. തുര്‍ക്കിയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഫത്തഹുല്ല ഗുലനും അനുയായികള്‍ക്കും സഹായം നല്‍കുന്നതും അമേരിക്കയാണെന്ന് ആരോപണമുണ്ട്. മത പണ്ഡിതനായ ഗുലന്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് വെടി നിര്‍ത്തലിന് മുന്‍കൈയെടുത്തതിലും അമേരിക്കന്‍ ഭരണകൂടത്തിന് തുര്‍ക്കിയോട് ഇഷ്ടക്കുറവുണ്ട്.

ലോകത്തെ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രശ്‌നമാണ് ഉത്തര കൊറിയയുടെ നീക്കം. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് പരമോന്നത നേതാവ് കിം ജോംഗ് ഉന്‍ വെളിപ്പെടുത്തിയതും പുതുവര്‍ഷ പുലരിയില്‍. കഴിഞ്ഞ വര്‍ഷം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. പിന്നീട് ആണവ പരീക്ഷണവും നടത്തി. കഴിഞ്ഞ വര്‍ഷം ബഹിരാകാശത്തേക്ക് ഉപഗ്രഹത്തെ അയച്ചത് ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ട മിസൈല്‍ പാശ്ചാത്യ നാടുകള്‍ നിരീക്ഷിച്ചിരുന്നു. 8000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. അമേരിക്കയെ പോലും ആക്രമിക്കാന്‍ ശേഷിയുണ്ടാകും. ഒരു ശക്തിക്കും ഉത്തര കൊറിയയെ ആക്രമിക്കാന്‍ കഴിയില്ലെന്ന ഭരണാധികാരിയുടെ ഹുങ്ക് ലോക രാജ്യങ്ങളെ ആശങ്കയിലാക്കുന്നു. യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും വകവെക്കുന്നില്ല, ഈ കമ്മ്യൂണിസ്റ്റ് രാജ്യം. കിം ജോംഗ് ഉന്‍ അധികാരമേറ്റ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 340 പേരെ തൂക്കിലേറ്റിയതായി ആംനസ്റ്റി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആണവ ശേഷി നേടി ലോകത്തിന് ഭീഷണിയായി വളര്‍ന്ന ഉത്തര കൊറിയയെ പിടിച്ചുകെട്ടാന്‍ വന്‍ ശക്തി രാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുന്നു. അതേസമയം, വൈദ്യുതാവശ്യത്തിന് ആണവ ശേഷി നേടാനുള്ള ഇറാന്‍ ശ്രമത്തെ തടഞ്ഞത് ഇതേ വന്‍ ശക്തി രാഷ്ട്രങ്ങള്‍. യു.എന്‍ രക്ഷാസമിതിയിലെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് നിരന്തരം നടത്തിയ ചര്‍ച്ചയിലൂടെ ഇറാനെ കടിഞ്ഞാണിട്ടു. ഈ ധാരണ അനുസരിച്ച് ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ സമയമായി. കരാറില്‍ നിന്ന് പിന്‍മാറുമെന്ന നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് ഉത്തര കൊറിയയുടെ വഴിയെ സഞ്ചരിക്കാന്‍ ഇറാനും പ്രേരണയാകുമോ എന്നാണ് ആശങ്ക.

അമേരിക്കന്‍ പ്രസിഡണ്ട് ആയി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റ ശേഷം സമാധാനത്തിലേക്ക് നീങ്ങുന്ന പല പ്രശ്‌നങ്ങളും സങ്കീര്‍ണമാകുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. റഷ്യയുമായി ട്രംപ് ചങ്ങാത്തത്തിന് ശ്രമിക്കുന്നതിന് അനുകൂലമായും പ്രതികൂലമായും ചിന്തിക്കുന്നവരുണ്ട്. അമേരിക്കയും റഷ്യയുമായി ഇപ്പോഴുള്ള കൊമ്പ്‌കോര്‍ക്കലിന്റെ രാഷ്ട്രീയ വശം ചിലപ്പോള്‍ ട്രംപിന്റെ സമീപനത്തിലൂടെ ഇല്ലാതാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റത്തിലൂടെ ഹിലരി ക്ലിന്റന്റെ വിജയം അട്ടിമറിച്ചത് റഷ്യയാണെന്ന് പ്രസിഡണ്ട് ബരാക് ഒബാമയും ഡമോക്രാറ്റുകളും കുറ്റപ്പെടുത്തുകയാണല്ലോ. ഇന്റലിജന്‍സ് വിഭാഗം മതിയായ തെളിവുകള്‍ നല്‍കിയതിനാലാണത്രെ 35 റഷ്യന്‍ നയതന്ത്രജ്ഞരെ ഒബാമ ഭരണകൂടം പുറത്താക്കി. തിരിച്ചടിക്കാതെ ട്രംപിന്റെ വരവ് കാത്തിരിക്കാനാണ് വഌഡ്മിര്‍ പുട്ടിന്റെ നിര്‍ദ്ദേശം. റഷ്യന്‍ ഇടപെടലിലൂടെ വിജയിച്ചു എന്ന വിമര്‍ശനമുണ്ടെങ്കിലും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടി ട്രംപ് റദ്ദാക്കിയാല്‍ അത്ഭുതപ്പെടാനില്ല. സൗഹൃദാന്തരീക്ഷം ഇരു രാജ്യങ്ങളുടെയും ഭരണ നേതാക്കള്‍ക്കിടയിലുണ്ടാകുമെങ്കിലും ഭരണകൂടത്തിലെയും ഇന്റലിജന്‍സിലെയും സൈനിക നേതൃത്വത്തിലെയും നല്ലൊരു വിഭാഗം ട്രംപിന്റെ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനാണ് സാധ്യത. അമേരിക്കയുടെ ആഭ്യന്തര ഘടനയില്‍ ഇവയുടെ സ്വാധീനം പ്രവചിക്കാനാവില്ല.

ട്രംപിനെ കാത്തിരിക്കുന്ന മറ്റൊരു രാജ്യമാണ് ഇസ്രാഈല്‍. യു.എന്‍ രക്ഷാസമിതി ഫലസ്തീന്‍ ഭൂമിയിലുള്ള ഇസ്രാഈല്‍ കുടിയേറ്റത്തിന് എതിരെ പ്രമേയം പാസാക്കിയശേഷം ഒബാമ ഭരണകൂടവും ഇസ്രാഈലും ഏറ്റുമുട്ടുകയാണ്. പ്രമേയം വീറ്റോ ഉപയോഗിച്ച് അമേരിക്ക തടയാതിരുന്നതില്‍ ഇസ്രാഈലിന് കടുത്ത പ്രതിഷേധമുണ്ട്. പശ്ചിമേഷ്യന്‍ സമാധാനത്തിന് തടസ്സം ഇസ്രാഈലിന്റെ കുടിയേറ്റ നയമാണെന്ന് തുറന്നടിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രംഗത്ത് വന്നത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചൊടിപ്പിക്കുകയുണ്ടായി. അമേരിക്കയുടെ നയത്തിലുള്ള മാറ്റം, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രാഈലിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ ഇതായിരിക്കില്ല ഇസ്രാഈലിനോടുള്ള സമീപനമെന്ന് ട്രംപ് പ്രസ്താവിച്ചു കഴിഞ്ഞിരിക്കെ, വരാനിരിക്കുന്ന നാളുകളിലും പശ്ചിമേഷ്യയില്‍ സമാധാനം വന്നെത്തുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ഈ മാസം 15ന് പാരീസില്‍ ഫലസ്തീന്‍ സമാധാനത്തെ കുറിച്ച് രാഷ്ട്രാന്തരീയ സമ്മേളനമാണ് ഫലസ്തീന്‍ നേതൃത്വം ഉറ്റുനോക്കുന്നത്. ട്രംപിന്റെ വരവ് ഇവയൊക്കെ തകിടംമറിച്ചേക്കും.

ലോക സമാധാനത്തിന് നേതൃത്വം നല്‍കേണ്ട ഐക്യരാഷ്ട്ര സംഘടന പലപ്പോഴും നോക്കുകുത്തിയാവുന്നതാണ് പ്രശ്‌നപരിഹാരത്തിന് തടസ്സം. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തടയാന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നേതൃത്വം നല്‍കിയ കാലഘട്ടത്തില്‍ കഴിഞ്ഞില്ല. രണ്ട് തവണയായി ബാന്‍ കി മൂണ്‍ സെക്രട്ടറിയായെങ്കിലും എടുത്തുപറയാവുന്ന എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ യു.എന്നിന് കഴിഞ്ഞില്ല. ബാന്‍ കി മൂണിന്റെ കഴിവുകേട് എന്ന് ആക്ഷേപിക്കുന്നതിലുമുപരി യു.എന്‍ നിയന്ത്രിക്കുന്ന അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികളുടെ സ്വാധീനവും സമ്മര്‍ദ്ദവും തന്നെ. ഇസ്രാഈല്‍ വിരുദ്ധ പ്രമേയം പാസാക്കാന്‍ മൂണിന്റെ കാലത്ത് കഴിഞ്ഞതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം.

മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് ജനുവരി ഒന്നിന് സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. യൂറോപ്പ് ഉള്‍പ്പെടെ ലോകത്തെ ഭയപ്പെടുത്തുന്ന ഭീകരതയെ ചെറുക്കാന്‍ വഴി തേടുകയാവണം പുതിയ സെക്രട്ടറി ജനറലിന്റെ ആദ്യ ദൗത്യം. അതിന് അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടവയുണ്ട്. നിരപരാധികളുടെ ജീവന്‍ അപഹരിക്കാന്‍ ഭീകര സംഘടനകളെ അനുവദിക്കരുത്. അല്‍ഖാഇദയില്‍ നിന്ന് ഐ.എസിലേക്കുള്ള ‘ദൂരം’ വിലയിരുത്തണം. ഏത് ശക്തിയാണിതിന് പിന്നിലെന്ന് കണ്ടെത്താനും പ്രയാസമില്ല.

chandrika: