X

സല്‍മാന്‍ രാജാവിന്റെ ഭരണത്തിന് ഇന്ന് രണ്ടാണ്ട് തികയുന്നു

റിയാദ്: സല്‍മാന്‍ രാജാവ് സഊദി അറേബ്യയുടെ ഭരണത്തില്‍ ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ആഗോള രാഷ്ട്രീയത്തില്‍ വരെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടനേകം മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും കാലമാണ് ഈ രണ്ടു വര്‍ഷം കടന്നു പോയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലാ, അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഏകോപനവും കൂടിയാലോചനകളും തുടരുന്നതിനും സല്‍മാന്‍ രാജാവുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ലോക നേതാക്കള്‍ സഊദി അറേബ്യയിലെത്തുന്നതിന് മത്സരിക്കുകയാണെന്ന് ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ആഗോള തലത്തില്‍ രാഷ്ട്രീയ സ്വാധീനം ശക്തിപ്പെടുത്തുന്നതിന് സല്‍മാന്‍ രാജാവിന്റെ ഭരണത്തിന് കീഴില്‍ സഊദി അറേബ്യക്ക് കഴിഞ്ഞിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയും അഖണ്ഡതയും ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതിക്ക് സഊദി അറേബ്യ മുന്‍കൈയെടുത്തിട്ടുണ്ട്.

ഗുരുതരമായ ആഗോള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ഉയര്‍ന്ന ശേഷി സല്‍മാന്‍ രാജാവിന്റെ ഭരണത്തിന് കീഴില്‍ സഊദി അറേബ്യ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കുറഞ്ഞ കാലയളവില്‍ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകള്‍ അടക്കം സര്‍വ മേഖലകളിലും അതിമഹത്തായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സല്‍മാന്‍ രാജാവിന്റെ ഭരണത്തില്‍ സഊദി അറേബ്യക്ക് കഴിഞ്ഞിട്ടുണ്ടെന്ന് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു.

chandrika: