X

സ്റ്റേഡിയങ്ങള്‍ മുഖം മിനുക്കി; ലോകോത്തര നിലവാരത്തില്‍

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

‘സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന ഹാളിലെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലെയേ തോന്നൂ’. അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനല്‍ വേദിയായ കൊല്‍ക്കത്തയിലെ സാള്‍ട്ടലേക്ക് സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സന്ദര്‍ശിച്ചപ്പോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞ വാക്കുകളാണിത്.
ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ഫിഫ ലോകകപ്പിന് ആതിഥ്യമൊരുക്കുമ്പോള്‍ ലോകോത്തര നിലവാരത്തില്‍ മുഖം മിനുക്കി കഴിഞ്ഞു ആറു വേദികളും. ഫിഫയുടെ നിര്‍ദ്ദേശ പ്രകാരം കോടികള്‍ മുടക്കിയായിരുന്നു എല്ലാ സ്റ്റേഡിയങ്ങളുടെയും നവീകരണം. കൊച്ചി ഒഴികെയുള്ള എല്ലാ വേദികളും പൂര്‍ണ സജ്ജമാക്കി പ്രാദേശിക സംഘാടകര്‍ ഫിഫക്ക് കൈമാറി കഴിഞ്ഞു. അവിശ്വസീനയമാണെന്ന് തോന്നിക്കും വിധമാണ് സ്റ്റേഡിയങ്ങളുടെ പുതിയ രൂപം. ഇന്നേവരെ കാണാത്ത സൗകര്യങ്ങളാണ് നിരവധി ഫുട്‌ബോള്‍-ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്. സ്റ്റേഡിയത്തിലെ പൊട്ടിപൊളിഞ്ഞ കസേരകളെല്ലാം മാറ്റി എല്ലായിടത്തും ബക്കറ്റ് സീറ്റുകള്‍ സ്ഥാപിച്ചു. കാണികള്‍ ഇനി സിമന്റ് തറയില്‍ ഇരുന്ന് കളി കാണേണ്ടെന്ന് ചുരുക്കം. ടോയ്‌ലെറ്റുകളെല്ലാം നവീകരിച്ചു. ഗാലറിയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനുമുള്ള സംവിധാനങ്ങളും പുതുക്കി. ഇതാദ്യമായി സ്റ്റേഡിയത്തില്‍ അത്യാധുനിക നിലവാരത്തില്‍ അഗ്നി ശമന സംവിധാനവും ഒരുക്കി. കളിക്കാര്‍ക്കും റഫറിമാര്‍ക്കും രണ്ടു വീതം ഡ്രസ് റൂമുകളാണുള്ളത്. ഇതിനെല്ലാം പുറമേ ഫിഫ നിലവാരത്തിലുള്ള മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടുകളും (പരിശീലനത്തിനായി ഉപയോഗിക്കുന്നവ) ലോകകപ്പിലൂടെ കൊച്ചിക്ക് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിന് രാജ്യത്തെ ഏറ്റവും മനോഹരമായ സ്റ്റേഡിയമെന്ന വിശേഷണവും നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തമായി. പുതിയ ബക്കറ്റ് സീറ്റുകള്‍, ഫയര്‍ ആന്റ് സേഫ്റ്റി നവീകരണം, സിസിടിവി സിസ്റ്റം, പ്ലയര്‍ ഏരിയകളുടേതടക്കമുള്ള നവീകരണം എന്നിവക്കെല്ലാം പുറമെ സ്റ്റേഡിയത്തിനകത്ത് തന്നെ നാലു പരിശീലന ഗ്രൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. മെക്‌സിക്കോ, ചിലി, ഇംഗ്ലണ്ട്, ഇറാഖ് ടീമുകളുടെ ഗ്രൂപ്പ് മത്സരങ്ങളാണ് സാള്‍ട്ട്‌ലേക്കില്‍ നടക്കുന്നത്.
ഗോവ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രണ്ടു വീതം പുതിയ ടീം ഡ്രസിങ് റൂമുകളും റഫറി ഡ്രസ് റൂമുകളുമാണ് സ്ഥാപിച്ചത്. പ്രസ് കോണ്‍ഫറന്‍സ് റൂം നവീകരിച്ചു. ആളുകളെ ഒഴിപ്പിക്കാനും പുതിയ കവാടങ്ങള്‍ സ്ഥാപിച്ചു. രണ്ടു ഫഌഡ്‌ലിറ്റ് ടവറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇറാനും ജര്‍മ്മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ക്കാണ് ഗോവ ആതിഥ്യം വഹിക്കുന്നത്. ഫ്രാന്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ മത്സരങ്ങള്‍ നടക്കുന്ന ഗുവാഹത്തി ഇന്ദിരഗാന്ധി സ്റ്റേഡിയത്തില്‍ 23,000 ബക്കറ്റ് സീറ്റുകളാണ് കാണികള്‍ക്ക് വേണ്ടി പുതുതായി സ്ഥാപിച്ചത്.ഫഌഡ്‌ലൈറ്റ് സൗകര്യത്തോടെ നാലു പരിശീലന ഗ്രൗണ്ടുകളാണ് ലോകകപ്പിനായി ഗുവാഹത്തിയില്‍ മിനുക്കിയെടുത്തത്. അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കിയ പരിശീലന ഗ്രൗണ്ടുകളില്‍ ഡ്രസിങ് റൂമും ഒരുക്കിയിട്ടുണ്ട്. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മാലി, തുര്‍ക്കി ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബി മത്സരങ്ങളാണ് നടക്കുന്നത്. ലോകകപ്പിനായി ഏറ്റവും ആദ്യം തയ്യാറെടുത്ത വേദിയില്‍ കാണികള്‍ക്കുള്ള സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മത്സരവും ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളും നടക്കുന്ന ന്യൂഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ എല്ലാ സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. ടീമുകള്‍ക്കായി പുതിയ മൂന്ന് ഡ്രസ് റൂമുകളാണ് ഇവിടെയുണ്ടാവുക. മീഡിയ ട്രിബ്യൂണും നവീകരിച്ചു. ലൈറ്റിങിലുണ്ടായിരുന്ന അപാകതകള്‍ പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. കളി കാണാനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കി കഴിഞ്ഞു.

chandrika: