X
    Categories: MoreViews

സ്വാശ്രയ പ്രതിസന്ധി,നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

 
തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനേജുമെന്റുകളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്. പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പ്രവേശന നടപടികള്‍ ഈ മാസം 31 നകം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. ആദ്യഘട്ട അലോട്ട്‌മെന്റ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി നീറ്റ് ലിസ്റ്റില്‍ നിന്നാണ് അപേക്ഷകരെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തി വന്നത്. നീറ്റ് ലിസ്റ്റില്‍ നിന്നായതിനാല്‍ മുഴുവന്‍ സീറ്റിലേക്കും അലോട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. എന്നാല്‍ ഫീസ് വിഷയത്തില്‍ കോടതി ക്രോസ് സബ്‌സിഡി അനുവദിക്കുന്നില്ല. യു.ഡി.എഫ് മുന്നോട്ടുവെച്ച 50:50 എന്ന അനുപാതമാണ് ഈ സര്‍ക്കാറും പിന്തുടരുന്നത്. 50 ശതമാനം വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന ഫീസ് ഈടാക്കി ബാക്കി 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവില്‍ പഠിക്കാന്‍ അവസരമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതനുസരിച്ച് സര്‍ക്കാര്‍ സ്വകാര്യസ്വാശ്രയ മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വന്‍ഫീസ് വര്‍ധനയാണ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഫീസ് നിര്‍ണയം ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് വിടുകയും കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ 9 മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ സര്‍ക്കാറുമായി ധാരണയിലെത്തി. മൂന്നു കോളജുകള്‍ കരാര്‍ ഒപ്പിടാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
മെഡിക്കല്‍ കോഴ്‌സിലേക്ക് അലോട്ട്‌മെന്റ് നടപടികള്‍ കൃത്യസമയത്ത് നടത്താതെ സ്വാശ്രയമാനേജുമെന്റുകള്‍ക്ക് സ്‌പോട്ട് അഡ്മിഷനിലൂടെ ഇഷ്ടക്കാരെ തിരുകിക്കകയറ്റാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവസരിപ്പിച്ച വി.എസ് ശിവകുമാര്‍ പറഞ്ഞു. എത്രയാണ് ഫീസെന്നോ ആര്‍ക്ക് എവിടെ പ്രവേശനം കിട്ടുമെന്നോ അറിയാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമോയെന്ന് രക്ഷിതാക്കളും ആശങ്കയിലാണ്.
ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികള്‍ സര്‍ക്കാറിന്റെ അലംഭാവം മൂലം കനത്ത തുക ഫീസായി നല്‍കി പഠിക്കേണ്ട അവസ്ഥയാണ്. ക്രോസ് സബ്‌സിഡി അനുവദിക്കില്ല എന്ന സുപ്രീം കോടതി വിധിയുള്ളപ്പോഴും ഒരേ കോഴ്‌സിന് വ്യത്യസ്ത ഫീസ് നല്‍കേണ്ടി വരികയാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നേടാനും കഴിയുന്നില്ല. ഇത്തരക്കാര്‍ക്ക് പഠിക്കാന്‍ സര്‍ക്കാര്‍ മെരിറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീം തുടങ്ങണമെന്നും ഇവരില്‍ നിന്ന് ബോണ്ട് വാങ്ങി പഠിച്ചിറങ്ങുന്നവരെ സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പ്രയോജനപ്പെടുത്താനാകുമെന്നും ശിവകുമാര്‍ പറഞ്ഞു.
സ്വാശ്രയപ്രവേശന പ്രതിസന്ധിക്ക് ഉത്തരവാദിയായ കെ.കെ ശൈലജയെ മാറ്റി മറ്റാരെയെങ്കിലും ആരോഗ്യവകുപ്പ് ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. 85 ശതമാനം സീറ്റിലും സര്‍ക്കാറിന് അലോട്ട്‌മെന്റ് നടത്താമെന്നിരിക്കെ സര്‍ക്കാര്‍ നാലു മാസമാണ് പാഴാക്കിയത്. സ്വാശ്രയമെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മൂന്നു തവണ ഇറക്കേണ്ടി വന്നു. തെറ്റുന്തോറും തിരുത്തുകയും തിരുത്തുന്തോറും തെറ്റുകയും ചെയ്യുന്ന ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേതെന്നും രമേശ് പറഞ്ഞു.
പ്രതിപക്ഷ കക്ഷി നേതാക്കളായ അനൂപ് ജേക്കബ്, പി.ജെ.ജോസഫ്, ഒ.രാജഗോപാല്‍ എന്നിവരും പ്രസംഗിച്ചു.

chandrika: