മണിപ്പൂരില്‍ ബി. ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ രൂക്ഷമായി വിമര്‍ശിച്ച് പുസ്തകം പുറത്തിറക്കി കോണ്‍ഗ്രസ്.
‘അന്ധകാരത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ബി. ജെ.പി ഭരണത്തിന്റെ പോരായ്മകളെ തെളിവുകള്‍ സഹിതം തുറന്നെഴുതിയ പുസ്തകമാണിത്. മണിപ്പൂരില്‍ സ്ഥിരത കൊണ്ടുവരുമെന്ന ബി.ജെ.പിയുടെ പ്രസ്താവന പൊള്ളയാണ്. മദ്യത്തോടുള്ള ബി.ജെ.പിയുടെ സീറോ ടോളറന്‍സ് നയം തമാശയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണിപ്പൂര്‍ തിരഞ്ഞെടുപ്പിലെ എ.ഐ.സി.സി നിരീക്ഷകനുമായ ജയ്‌റാം രമേശ് പറഞ്ഞു.
അഫ്‌സ്പ നിയമത്തിനെതിരെ ബി.ജെ.പിയുടെ മൗനത്തേയും കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു, നാഗലന്‍ഡിലെ മോണ്‍ ജില്ലയില്‍ ഷോപിയാനില്‍ മൂന്ന് യുവാക്കളെ തീവ്രവാദികളെന്ന് ആരോപിച്ച് സൈന്യം വധിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിയമം പിന്‍വലിക്കണമെന്ന് ആവശ്യവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ഭരണത്തെ ജനങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിക്കുമെന്ന ബി.ജെ.പിയുടെ പ്രസ്താവന മണിപ്പൂരിലെ ജനങ്ങള്‍ക്ക് അപമാനമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സിലുകളില്‍ ഒരു തിരഞ്ഞെടുപ്പും നടന്നിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു. സ്ത്രീകള്‍ക്ക് തൊഴില്‍ സംവരണമെന്ന പേരില്‍ ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ തൊഴില്‍ സംവരണത്തിലൂടെ സ്ത്രീകളുടെ തൊഴിലും ശാക്തീകരണവും ഉറപ്പു നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബി.ജെ.പി ഒന്നും നല്‍കുന്നില്ലെന്നും രമേശ് പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രി എന്‍. ബിരന്‍ സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം വികസനം കൈവരിച്ചെന്നും മയക്കുമരുന്ന് വിപത്തിനെ വിജയകരമായി നേരിട്ടുവെന്നും പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ബി.ജെ. പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞിരുന്നു. ഫെബ്രുവരി 28, മാര്‍ച്ച് 5 തീയതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.