X

ഗ്യാന്‍വാപി മസ്ജിദിന്റെ പേരില്‍ നടക്കുന്ന സംഭവങ്ങള്‍ വര്‍ഗ്ഗീയമായ ഒളിയജണ്ടയുടെ ഭാഗമായിട്ടേ കാണാന്‍ സാധിക്കു: അബ്ദുസ്സമദ് സമദാനി എംപി

ഗ്യാന്‍വാപി മസ്ജിദിന്റെ പേരില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വര്‍ഗ്ഗീയമായ ഒളിയജണ്ടയുടെ ഭാഗമായിട്ടേ കാണാന്‍ സാധിക്കുകയുള്ളൂവെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ അബ്ദുസ്സമദ് സമദാനി.

നൂറ്റാണ്ടുകളായി ഒരു മതവിഭാഗം അവരുടേതായ ആരാധനാകര്‍മങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന ആരാധനാലയങ്ങളിന്മേല്‍ അവകാശവാദമുന്നയിക്കുകയും അതിനായി കൃത്രിമമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് രാജ്യത്തിനോ സമൂഹത്തിനോ നമ്മുടെ പരമ്പരാഗതമായ സഹവര്‍ത്തിത്വത്തിനോ നിരക്കുന്നതല്ല. അതിനെയെല്ലാം അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ മതേതരത്വത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധവും കരുതിക്കൂട്ടി വൈരവും വിദ്വേഷവും പരത്താന്‍ ലക്ഷ്യംവെച്ചുള്ളതുമാണെന്ന് സമദാനി എംപി പറഞ്ഞു.

1991 ല്‍ ആരാധനാലയങ്ങളെ സംബന്ധിച്ച് രാജ്യത്ത് പാസ്സാക്കപ്പെട്ട സുപ്രധാനമായ സ്‌പെഷ്യല്‍ ആക്റ്റിന്റെ ലംഘനം കൂടിയാണ് ഇത്തരം നിയമവിരുദ്ധ നീക്കങ്ങള്‍. രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യം പരിഗണിച്ച് നീതിയും നിയമവും സംരക്ഷിക്കുമെന്നാണ് എല്ലാ രാജ്യസ്‌നേഹികളും പ്രത്യാശിക്കുന്നത്. മതസ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ മൂല്യങ്ങളും അത് പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളും ആര്‍ക്കും നിഷേധിക്കപ്പെട്ടു കൂടാത്തതാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

web desk 3: