X

Career Chandrika | ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ ഐസറുകളില്‍ ചേരാം

പി ടി ഫിറോസ്‌

ശാസ്ത്ര വിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താനാഗ്രഹിക്കുന്നവര്‍ക്ക് പ്രവേശനം നേടാവുന്ന മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളാണ് ഐസര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്. തിരുവനന്തപുരം, ഭോപാല്‍, മൊഹാലി, കൊല്‍ക്കത്ത, പൂനെ, തിരുപ്പതി, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലായി 7 ക്യാമ്പസുകളാണുളളത്. സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍, മികച്ച അധ്യാപകര്‍, അതിവിപുലമായ ക്യാമ്പസ്, അത്യാധുനിക ലബോറട്ടറി സൗകര്യം, കിടയറ്റ ഇന്റേണ്‍ഷിപ്പ് സാധ്യത തുടങ്ങിയവ ഐസറുകളുടെ പ്രധാന സവിശേഷതകളാണ്.

വിവിധ ഐസറുകളിലായി നടത്തപ്പെടുന്ന ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സ്, ജിയോളജിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് ആന്‍ഡ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ്, എക്കണോമിക് സയന്‍സ്. എന്‍ജിനീയറിങ് സയന്‍സ് എന്നീ വിഷയങ്ങളിലെ അഞ്ച് വര്‍ഷത്തെ ബിഎസ്എം.എസ് പ്രോഗ്രാമുകളിലേക്കാണ് +2 കഴിഞ്ഞാല്‍ പ്രവേശനം നേടാനാവുക. എല്ലാ ഐസറുകളിലുമായി മൊത്തം 1700 ലധികം സീറ്റുകളാണുള്ളത്. എല്ലാ കോഴ്‌സുകളും എല്ലാ ക്യാമ്പസുകളിലുമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. ബിഎസ്എംഎസ് കോഴ്‌സിന്റെ ആദ്യ രണ്ടു വര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മൂന്നും നാലും വര്‍ഷങ്ങളില്‍ ഇഷ്ടമുള്ള വിഷയങ്ങളിലുമുള്ള പഠനമാണുണ്ടാവുക. അഞ്ചാം വര്‍ഷം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതലുണ്ടാവുക. ഭോപാല്‍ ഐസറില്‍ മാത്രം എന്‍ജിനീയറിങ് സയന്‍സ്, എക്കണോമിക് സയന്‍സ് എന്നീ വിഷയങ്ങളില്‍ 4 വര്‍ഷത്തെ ബി.എസ് പ്രോഗ്രാമും ഉണ്ട് (ആകെ 115 സീറ്റ്). പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള കോഴ്‌സുകള്‍ക്ക് പുറമെ പിജി, ഇന്റഗ്രേറ്റഡ് പി.എച്.ഡി കോഴ്‌സുകളും ഐസറുകളിലുണ്ട്.

ബിരുദ പഠനകാലത്ത് തന്നെ ഗവേഷണ മേഖലകളില്‍ ഇടപെടാനവസരം ലഭിക്കുന്ന ഐസറില്‍ നിന്ന് നന്നായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ മിക്കവര്‍ക്കും എം.ഐ.ടി, ഹാര്‍വാര്‍ഡ്, പ്രിന്‍സ്ടണ്‍, കാല്‍ടെക്, ഓക്‌സ്‌ഫോര്‍ഡ്, പെന്‍സില്‍വാനിയ കേംബ്രിഡ്ജ്, ഇ.ടി.എച്ച് സൂറിച്ച്, എല്‍.എം.യു മ്യൂണിച്ച്, മാക്‌സ് പ്ലാങ്ക്, പെന്‍സില്‍വാനിയ, എന്‍.യു.എസ് സിങ്കപ്പൂര്‍ തുടങ്ങിയ ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ ഗവേഷണം നടത്താനും ജോലികളില്‍ പ്രവേശിക്കാനും അവസരം ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പഠനം കഴിഞ്ഞയുടന്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് പകരം ഗവേഷണ മേഖലയില്‍ ആഴത്തിലിടപെട്ട് ശാസ്ത്രമുന്നേറ്റത്തിന് സംഭവനകള്‍ അര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്കാണ് ഐസറുകള്‍ കൂടുതലിണങ്ങുക.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഐസര്‍ പ്രവേശനത്തിന് തിരഞ്ഞെടുക്കാവുന്ന ചാനലുകള്‍
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് കെവിപിവൈ
സ്‌റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് (എസ്.സി.ബി)
നാഷണല്‍ ടെസ്റ്റിംഗ് എജന്‍സി നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയില്‍ മികവ് തെളിയിക്കുന്നവരെയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷക്ക് തിരഞ്ഞെടുക്കുന്നത്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം 15,000 ത്തിനുള്ളില്‍ റാങ്ക് നേടുന്നവര്‍ക്ക് ആദ്യ ചാനല്‍ വഴി അപേക്ഷിക്കാനാവസരമുണ്ടാവാറുള്ളത്. പരീക്ഷ സംബന്ധിച്ച അറിയിപ്പ് https://nta.ac.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കെ.വി.പി.വൈ ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്കാണ് രണ്ടാമത്തെ ചാനലിലൂടെ അപേക്ഷിക്കാം. ttp://www.kvpy.iisc. ernet.in/ എന്ന വെബ്‌സൈറ്റില്‍ കെവിപിവൈ പരീക്ഷ സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് ചാനലുകള്‍ വഴി പ്രവേശനം തേടുന്നവര്‍ക്ക് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ഐസറുകളിലെ സീറ്റുകളില്‍ 75 ശതമാനവും പ്രവേശനം നടത്തുന്നത് സ്‌റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് എന്ന മൂന്നാമത്തെ ചാനല്‍ ചാനല്‍ വഴിയാണ്. ഇതിനായി ഐസര്‍ അഭിരുചി പരീക്ഷ അഭിമുഖീകരിക്കേണ്ടതുണ്ട്. കേരളത്തിലടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുള്ള അഭിരുചി പരീക്ഷക്ക് 2021, 22 വര്‍ഷങ്ങളില്‍ സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് എന്നിവ പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം. ഭോപ്പാല്‍ ഐസറിലെ ബി.എസ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഇത്തവണത്തെ പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങള്‍ http://www. iiseradmission.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. യോഗ്യതയനുസരിച്ച് വേണമെങ്കില്‍ ഒന്നിലധികം ചാനലുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

 

 

web desk 3: