X

കെ റെയില്‍; ഐ.എന്‍.ടി.യു.സി പ്രക്ഷോഭത്തിന്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുക, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ. എന്‍.ടി.യു.സി പ്രക്ഷോഭത്തിനിറങ്ങുന്നു.

ഇതിന്റെ ഭാഗമായി ജൂണ്‍ എട്ടിന് എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി മെയ് 25 ന് ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ റെയില്‍ ഉപേക്ഷിച്ച് സര്‍ക്കാര്‍ സമാന്തരമാര്‍ഗം തേടണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പൊതുപണിമുടക്കിന് പിന്നാലെ പ്രതിപക്ഷ നേതാവിനെതിരെ കഴക്കൂട്ടത്തും ചങ്ങനാശ്ശേരിയിലും പ്രസംഗിച്ച ഐ.എന്‍.ടി.യു.സി നേതാക്കളെ രണ്ടാഴ്ച തൊഴിലില്‍ നിന്നു മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ഐ.എന്‍.ടി.യു.സിയും കെ.പി.സി.സിയും തമ്മിലുള്ള ബന്ധം സുഗമമാക്കാന്‍ ലെയ്‌സണ്‍ കമ്മിറ്റി രൂപീകരിക്കും. രണ്ട് ഭാഗത്തു നിന്നും മൂന്ന് അംഗങ്ങള്‍ വീതം കമ്മിറ്റിയിലുണ്ടാവുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ദേശീയ സെക്രട്ടറി തമ്പികണ്ണാടന്‍, ജില്ലാ പ്രസിഡന്റ് വി.ആര്‍ പ്രതാപന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

web desk 3: