X

റിപബ്ലിക്ദിന ടാബ്ലോയില്‍ മുസ്‌ലിം ലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്തിനെ പ്രദര്‍ശിപ്പിച്ചത്തില്‍ സ്റ്റാലിന് നന്ദി പറഞ്ഞ് മുനവ്വറലി തങ്ങള്‍

സ്റ്റാലിന്‍ ഭരണ കൂടത്തോടും തമിഴ് ജനതയോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. തമിഴ് നാട്ടിലെ ജില്ലകളില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ടാബ്ലോയില്‍ മുസ്ലിം ലീഗിന്റെ സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ പ്രദര്‍ശിപ്പിച്ചതിനാണ് മുനവറലി തങ്ങള്‍ നന്ദി രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ പരേഡില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഖാഇദേമില്ലത്ത് അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ടാബ്ലോ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്നലെ റിപബ്ലിക് ദിനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

തമിഴ് നാട്ടില്‍ സ്റ്റാലിന്‍ ഭരണകൂടം ആ നേതാവിന് നല്‍കുന്ന ആദരവ് അഭിമാനകരമാണെന്നും തലൈവര്‍ കരുണാനിധിയുടെ സ്‌നേഹഭാജനം ഇന്ന് മകന്‍ സ്റ്റാലിന്റെയും പ്രിയങ്കരനാണെന്നും മുനവറലി തങ്ങള്‍ കൂട്ടിചേര്‍ത്തു. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണ ഘടനയുടെ ശില്പികളില്‍ ഒരാളാണെന്ന് സ്റ്റാലിന്‍ മനോഹരമായി പറഞ്ഞു വെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

തമിഴ് നാട്ടിലെ ജില്ലകളില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ടാബ്ലോയിലെ താടി വെച്ച തൊപ്പി ധാരി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ്. ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധികരിച്ച് ഇന്ത്യയുടെ ഭരണഘടനയ്ക്ക് താഴെ ഒപ്പ് ചാര്‍ത്തിയ ദയാ മന്‍സിലിലെ സൂഫി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപകന്‍ .
തമിഴ് നാട്ടില്‍ സ്റ്റാലിന്‍ ഭരണകൂടം ആ നേതാവിന് നല്‍കുന്ന ആദരവ് അഭിമാനകരമാണ്.തലൈവര്‍ കരുണാനിധിയുടെ സ്‌നേഹഭാജനം ഇന്ന് മകന്‍ സ്റ്റാലിന്റെയും പ്രിയങ്കരന്‍. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണ ഘടനയുടെ ശില്പികളില്‍ ഒരാളാണെന്ന് സ്റ്റാലിന്‍ മനോഹരമായി പറഞ്ഞു വെക്കുന്നു !
സ്റ്റാലിന്‍ ഭരണ കൂടത്തോടും തമിഴ് ജനതയോടും ഹൃദയം നിറഞ്ഞ നന്ദി !

 

 

web desk 3: